ladakh: Stable Auroral Arc (SAR), a rare red-coloured aurora, observed at the Hanle Dark Sky Reserve, in Ladakh, Saturday, May 11, 2024. (PTI Photo)

ladakh: Stable Auroral Arc (SAR), a rare red-coloured aurora, observed at the Hanle Dark Sky Reserve, in Ladakh, Saturday, May 11, 2024. (PTI Photo)

  • ഉത്തര, ദക്ഷിണ ധ്രുവങ്ങളിലാണ് ധ്രുവദീപ്തി കണ്ടുവരുന്നത്
  • ധ്രുവദീപ്തിയുടെ ചിത്രം ഇന്ത്യയിൽനിന്നു ലഭിക്കുന്നത് ഇതാദ്യം

ധ്രുവദീപ്തി അഥവാ നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാകില്ല. മുത്തശ്ശിക്കഥകളിലേതു പോലെ ചുവപ്പിലും പച്ചയിലും നീലയിലും മിന്നിമറയുന്ന ആകാശ വിസ്മയം. എന്നാല്‍ ധ്രുവപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ധ്രുവദീപ്തി എന്ന പ്രതിഭാസം ഇന്ത്യയുടെ ലഡാക്കിന്‍റെ ആകാശത്തും പ്രത്യക്ഷപ്പെട്ടിരുന്നോ? എന്തായിരുന്നു ഇതിന് കാരണം?

aurora-24

A geomagnetic storm lights up the night sky above the Bonneville Salt Flats on May 10, 2024 in Wendover, Utah.

ലഡാക്കിലെ ‘മാന്ത്രിക രാത്രി’

കഴിഞ്ഞ രാത്രിയിലാണ് ധ്രുവദീപ്തി ലഡാക്കിന്‍റെ ആകാശത്ത് ‘മാന്ത്രിക സദ്യ’ ഒരുക്കിയത്. ചുവന്ന നിറത്തില്‍ ആകാശം കണ്ടവര്‍ അമ്പരന്നു. െബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (ഐഐഎ) ജ്യോതിശാസ്ത്രജ്ഞർ ഈ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിക്ക് ചുറ്റും സ്ഥാപിച്ചിട്ടുള്ള ഓൾ സ്കൈ ക്യാമറകള്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശനിയാഴ്ച സന്ധ്യമുതല്‍ അര്‍ധരാത്രിവരെ ധ്രുവദീപ്തി ലഡാക്കിന്‍റെ ആകാശത്ത് ദൃശ്യമായിരുന്നുവെന്നും പുലർച്ചെ 2 മണിക്ക് ഈ അത്ഭുത പ്രതിഭാസം അതിന്‍റെ ഉച്ഛസ്ഥായിയില്‍ എത്തിയതായും ഐഐഎ പറയുന്നു.

northern-lights-24

Aurora Borealis or the Northern Lights are seen in Fredericton, Saturday, May. 11, 2024. (Hina Alam /The Canadian Press via AP)

എന്താണ് ധ്രുവദീപ്തി? 

ധ്രുവദീപ്തി എന്നും അറോറ എന്നും നോര്‍ത്തേണ്‍ ലൈറ്റ്സ് എന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം സാധാരണയായി ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ അതായത് ഉയർന്ന അക്ഷാംശ മേഖലകളിലാണ് കാണപ്പെടുന്നത്. ദക്ഷിണ ധ്രുവങ്ങളില്‍ ഇത് അറോറ ഓസ്ട്രാലിസ് എന്നും ഉത്തര ധ്രുവങ്ങളില്‍ ഇത് അറോറ ബൊറിയാലിസ് എന്നും അറിയപ്പെടുന്നു.

ധ്രുവദീപ്തിയുടെ ചിത്രം ഇന്ത്യയിൽനിന്നു ലഭിക്കുന്നത് ആദ്യമായിട്ടാണ്

ബഹിരാകാശത്ത് സൗരവാതങ്ങളും ഭൂമിയുടെ കാന്തികമണ്ഡലവും പ്രതിപ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായാണ് ധ്രുവദീപ്തി രൂപപ്പെടുന്നത്. സൗരവാതങ്ങളില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങളെ ഭൂമിയുടെ കാന്തികവലയങ്ങള്‍ ആകര്‍ഷിക്കുകയും ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ച് ധ്രുവദീപ്തി ഉണ്ടാകുകയുമാണ് ചെയ്യുന്നത്. ഈ കൂട്ടിയിടികൾ പ്രകാശം ഉൽപ്പാദിപ്പിക്കുന്നു. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ പറയുന്നത് പ്രകാരം ഭൂമിയുടെ കാന്തികമണ്ഡലത്തിന് ധ്രുവപ്രദേശങ്ങളില്‍ ശക്തി കൂടുതലാണ്.

aurora-ladakh-01

Stable Auroral Arc (SAR), a rare red-coloured aurora, obversved by the Indian Astronomical Observatory, Hanle, in Leh district, Saturday, May 11, 2024. (PTI Photo/Stanzin Norlha, Wangchuk Namgyal and Stanzin Norboo)

ലഡാക്കിലെ ആകാശ വിസ്മയത്തിന് കാരണം

കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ബഹിരാകാശ ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് വെള്ളി, ശനി ദിവസങ്ങളില്‍ കുറഞ്ഞത് നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയിട്ടുണ്ട്. മെയ് 10, 11 തീയതികളിൽ സെക്കന്‍ഡില്‍ 700 കിലോമീറ്റര്‍ വേഗതയിലെങ്കിലും സഞ്ചരിച്ചാണ് ഇവ ഭൂമിയുടെ അന്തരീക്ഷത്തോട് ഏറ്റവും അടുത്ത് എത്തിയത്. ശരാശരിയേക്കാള്‍ കൂടിയതായരുന്നു ഇവയുടെ തീവ്രത. ശക്തമായ ഈ സൗരകൊ‍ടുങ്കാറ്റ് കശ്മീരിലെ ലഡാക്കിലും എത്തിയതാണ് കശ്മീരിലും ധ്രുവദീപ്തി പ്രത്യക്ഷപ്പെടാന്‍ കാരണം. കഴിഞ്ഞ 20 വർഷത്തിനിടെ സൂര്യനിൽ നിന്നുണ്ടാകുന്ന ഏറ്റവും ശക്തമായ സൗരകൊ‍ടുങ്കാറ്റായിരുന്നു ഇത്.

സൗരകൊ‍ടുങ്കാറ്റ് ശക്തമാകുമ്പോള്‍ മുൻപ് യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രമാണ് നോര്‍ത്തേണ്‍ ലൈറ്റ്സ് ദൃശ്യമായിരുന്നത്. അതേസമയം ധ്രുവദീപ്തിയുടെ ചിത്രം ഇന്ത്യയിൽനിന്നു ലഭിക്കുന്നത് ആദ്യമായിട്ടാണെന്നാണ്  ലഡാക്ക് ഹാൻലെ ഒബ്സർവേറ്ററി ക്യാമറ എൻജിനീയർ ഡോർജെ ആംഗ്ചുക് പറയുന്നത്. യുഎസിന്‍റെയും യുകെയുടെയും ചില ഭാഗങ്ങളിലും അറോറകൾ ദൃശ്യമായിരുന്നു.

ശക്തമാകുന്ന സൗരകൊടുങ്കാറ്റുകള്‍ 

രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ സൗരക്കൊടുങ്കാറ്റാണ് ഭൂമിയില്‍ പതിക്കുന്നത്. തുടര്‍ന്നുള്ള ആകാശ ചിത്രങ്ങള്‍ വടക്കന്‍ യൂറോപ്പില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സെക്കന്‍റില്‍ ശരാശരി 800 കിലോമീറ്റര്‍ വേഗതയിലാണ് സൗരക്കൊടുങ്കാറ്റ് സഞ്ചരിക്കുന്നത്. ഭൂമിയെക്കാള്‍ 17 മടങ്ങ് വിസ്തൃതമായ ഭീമന്‍ സൂര്യകളങ്കത്തില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഉത്തര– ദക്ഷിണ അംക്ഷാംശങ്ങളിലാകും പ്രതിഭാസം കൂടുതലായി അനുഭവപ്പെടുകയെന്നാണ് റീഡിങ് സര്‍വകലാശാലയിലെ ഭൗതിക ശാസ്ത്ര വിഭാഗം പ്രൊഫസര്‍ മാത്യു ഓവന്‍സ് പറയുന്നത്.

solar-storm-nasa

Solar storm (Image: NASA)

വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്കാണ് സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചത് എന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍റ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍റെ കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിക്കുന്നത്. സാറ്റലൈറ്റ്– വൈദ്യുതി ബന്ധം മണിക്കൂറുകളോളം തടസപ്പെടാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ചയോളം പ്രതിഭാസം നീണ്ടു നില്‍ക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തല്‍. ഭൂമിയുടെ കാന്തികമേഖലയില്‍ സാരമായ മാറ്റങ്ങളുണ്ടായേക്കാമെന്നതിനാല്‍ വിമാനക്കമ്പനികള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.

2003 ഒക്ടോബറില്‍ വീശിയ സൗരക്കൊടുങ്കാറ്റില്‍ സ്വീഡനില്‍ വൈദ്യുതി നിലയ്ക്കുകയും ദക്ഷിണാഫ്രിക്കയിലെ പവര്‍ ഗ്രിഡുകള്‍ക്ക് സാരമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Northern lights (Aurora) in India; reason behind the spectacular phenomenon.