രണ്ട് നൂറ്റാണ്ട് മുന്‍പ്, 1831ലെ ഒരു വേനൽക്കാലത്ത് ആൽപ്‌സ് പർവതനിരകളിലൂടെ സഞ്ചരിക്കുമ്പോൾ ജർമ്മൻ സംഗീത്ഞനായിരുന്ന ഫെലിക്സ് മെൻഡൽസൺ ഇങ്ങനെ എഴുതി... ‘കാലാവസ്ഥ വളരെ വിചിത്രമാണ്, രാത്രി മുഴുവൻ വീണ്ടും മഴ പെയ്തിരുന്നു... രാവിലെ ശൈത്യകാലമെന്നോണം തണുപ്പമാണ്. മലമുകളില്‍ ആഴത്തില്‍ മഞ്ഞ് വീണു കിടക്കുന്നു’. 1831 ഓഗസ്റ്റിൽ സൂര്യൻ വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെട്ടുവെന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നീല, പച്ച എന്നിങ്ങനെ നിറങ്ങളില്‍ സൂര്യനുദിച്ചുവെന്ന് ചൈന, യൂറോപ്പ്, യുഎസ്, കരീബിയൻ എന്നിവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭൂമിയുടെ അന്തരീക്ഷത്തിൽ സൂര്യൻ നീലയായി കാണപ്പെട്ടതിന്‍റെ രഹസ്യം ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
അന്നത്തെ ‘നീല’ സൂര്യനും തണുത്ത അന്തരീക്ഷത്തിനും കാരണം ഒരു വലിയ അഗ്നിപര്‍വത സ്ഫോടനമാകാമെന്ന് പണ്ട് മുതലേ ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ സൂര്യനെ നീലയാക്കാന്‍ ‘കാരണക്കാരനായ’ ആ അഗ്നിപർവ്വതം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എങ്കില്‍പ്പോലും ആ കണ്ടെത്തലുകള്‍ അവര്‍ സ്ഥിരീകരിക്കുകയാണ് പുതിയ പഠനത്തിലൂടെ. 1831ലെ ഒരു വലിയ അഗ്നിപർവ്വത സ്‌ഫോടനം അന്തരീക്ഷത്തിലേക്ക് വൻതോതില്‍ സൾഫർ ഡയോക്‌സൈഡ് പുറന്തള്ളിയെന്നും ഇത് കഠിനമായ തണുപ്പിന് കാരണമായെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതേതുടര്‍ന്ന് വിചിത്രമായ കാലാവസ്ഥയുണ്ടായെന്നും സൂര്യന്‍ നിറം മാറിയെന്നും പഠനം പറയുന്നു.
പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് (പിഎൻഎഎസ്) ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റഷ്യയും ജപ്പാനും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്ന സിമുഷിർ എന്ന വിദൂര ദ്വീപിലെ സവാരിറ്റ്സ്കി അഗ്നിപർവ്വതത്തിന്‍റെ പൊട്ടിത്തെറിയുടെ ഫലമായിരുന്നു ഈ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ എന്നാണ് കണ്ടെത്തല്‍. ഇവ സ്ഥിരീകരിക്കാനായി സ്കോട്ട്ലൻഡിലെ സെൻ്റ് ആൻഡ്രൂസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ 1831ലെ അഗ്നിപര്‍വത സ്ഫോടനത്തെ കുറിച്ചുള്ള ഐസ് കോർ റെക്കോർഡുകൾ വിശകലനം ചെയ്തു. സിമുഷിർ ഒരു വിദൂര ദ്വീപായതിനാല്‍ സ്‌ഫോടനം നേരിട്ട് നിരീക്ഷിച്ചതിനെ കുറിച്ചുള്ള രേഖകള്‍ ലഭ്യമല്ലെന്നും അവര്‍ വ്യക്തമാക്കി. അഗ്നിപർവതത്തിൽ നിന്നുള്ള ചാരം വിശകലനം ചെയതതില്‍ നിന്ന് 1831 ലെ സ്ഫോടനത്തിൻ്റെ കൃത്യമായ സമയവും അതിന്‍റെ വ്യാപ്തിയും കണ്ടെത്താനായെന്ന് ഗവേഷകര്‍ പറയുന്നു. ഈ പൊട്ടിത്തെറി ഇന്ന് സംഭവിക്കുകയാണെങ്കിൽ 1831-ൽ ഉണ്ടായിരുന്നതിനേക്കാൾ വലിയ പൊട്ടിത്തെറി ആയിരിക്കുമെന്ന് കരുതുന്നില്ലെന്നും കാലാവസ്ഥാ വ്യതിയാനം കാരണം അടുത്ത വലിയ പൊട്ടിത്തെറി എപ്പോൾ, എവിടെ നിന്ന് വരുമെന്ന് പ്രവചിക്കുന്നത് ബുദ്ധിമുട്ടാണെന്നും പഠനത്തിന്‍റെ സഹ-രചയിതാവായ വിൽ ഹച്ചിസൺ പ്രസ്താവനയിൽ പറഞ്ഞു.
1831 അഗ്നിപർവ്വത സ്ഫോടനം മാത്രമല്ല, അതിനു മുന്‍പും അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഭൂമിയുടെ കാലാവസ്ഥയേയും അന്തരീക്ഷത്തിനേയും സാരമായി ബാധിച്ചിട്ടുണ്ട്. 1815ൽ ഇന്തോനേഷ്യയിലെ തംബോറ പർവ്വതം പൊട്ടിത്തെറിച്ചത് വേനൽക്കാലമില്ലാത്ത ഒരു വർഷത്തിന് കാരണമായി. 24 ക്യുബിക് മൈൽ വാതകങ്ങളും പൊടിയും പാറയുമാണ് ആ സ്ഫോടനം അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയത്. ഇത് ആഗോള താപനില കുറയുന്നതിന് കാരണമായി. ഉത്തരാർദ്ധഗോളത്തില്‍ 1 ഡിഗ്രി സെല്‍സിയസ് വരെ എത്തി. 1991ൽ ഫിലിപ്പൈൻസിലെ പിനാറ്റുബോ അഗ്നിപർവത സ്‌ഫോടനം ഇതുവരെ അളന്നതില്‍ വച്ച് ഏറ്റവും കൂടുതല്‍ സൾഫർ ഡയോക്‌സൈഡ് പുറത്തുവിട്ട സ്ഫോടനമാണ്. ഇത് മൂന്നു വര്‍ഷം വരെ ആഗോളതാപനില 0.5°C ആക്കി കുറച്ചു. അതേസമയം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭൂമിയിലെ ജീവന് അപകടകരമാകുന്ന തരത്തില്‍ സമാനമായ അഗ്നിപർവ്വത സ്ഫോടനം നടക്കാൻ സാധ്യത ആറില്‍ ഒന്നാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.