TOPICS COVERED

പക്ഷിപ്പനി (H5N1) ലോക വ്യാപകമായി പൂച്ചകളുടെയും ജീവനെടുക്കുന്നതായി റിപ്പോര്‍ട്ട്. അരുമകളായി വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണയായി പക്ഷികളെയും കോഴികളിലുമാണ് എവിയന്‍ ഇന്‍ഫ്ലുവന്‍സ എന്ന വൈറസ് കണ്ടുവന്നിരുന്നത്. അതിവേഗത്തില്‍ പടരുമെന്നത് കൊണ്ട് തന്നെ പക്ഷികള്‍ കൂട്ടത്തോടെ ചത്തുപോയിരുന്നു. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ വളരെയേറെ സാധ്യതയുള്ളതാണ് വൈറസെന്ന് കണ്ടെത്തിയതോടെയാണ് ആശങ്ക വര്‍ധിച്ചത്. 

2021 ല്‍ യുഎസിലാണ് ആദ്യമായി പൂച്ചകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. പിന്നാലെ ഇത് ആടുകളിലും അടുത്തയിടെ ഒട്ടക സസ്തനിയായ അല്‍പാകയിലും കണ്ടെത്തി. ഇതോടെയാണ് കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്തുന്ന ഏത് മൃഗങ്ങളെയും വൈറസ് കീഴ്ടപ്പെടുത്താമെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നത്. 

സസ്തനികളില്‍ കടന്നുകൂടുന്ന വൈറസ് അതിവേഗത്തില്‍ മ്യൂട്ടേഷന്‍ സംഭവിക്കുകയും കോശങ്ങളില്‍ പെറ്റുപെരുകുകയും ചെയ്യുന്നു. ഇത് അതിവേഗത്തില്‍ രോഗം പരക്കുന്നതിനും കാരണമാകുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നതിന് മുന്‍പ് വൈറസിന് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഇതുവരേക്കും കൃത്യമായ രൂപം ശാസ്ത്രലോകത്തിനും ലഭ്യമായിട്ടില്ല. എന്നാല്‍ കന്നുകാലി, പക്ഷിവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നീ തൊഴിലുമായി ബന്ധപ്പെട്ടവരിലാണ് അതിവേഗത്തില്‍ രോഗം ബാധിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോഴികളെയും മറ്റ് കന്നുകാലികളെയുമധികമായി വീട്ടിലെ അരുമകളായ പൂച്ചകള്‍ മനുഷ്യരോട് അടുത്ത് ഇടപഴകുന്നതിനാലാണ് ഗൗരവമായ ശ്രദ്ധ വേണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പൂച്ചകളെ വാരിയെടുക്കുകയും കിടപ്പുമുറികളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നത് പോലെ കോഴികളെയോ മറ്റ് കന്നുകാലികളെയോ വീടിനുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

പൂച്ചകളില്‍ പക്ഷിപ്പനി വരുന്നതെങ്ങനെ?

കാട്ടുപക്ഷികളെയും മറ്റും പിടിച്ച് ആഹാരമാക്കുന്ന പുറത്ത് കഴിയുന്ന പൂച്ചകളിലാണ് ആദ്യം പക്ഷിപ്പനി കണ്ടെത്തിയതെന്ന് ബ്ലൂംബര്‍ഗിനെ  പരിസ്ഥിതി ശാസ്ത്രജ്ഞനായ മേഗന്‍ ഡേവിസ് പറയുന്നു. പക്ഷികളെ തിന്നാലും ഇല്ലെങ്കിലും പക്ഷികളുമായി  പൂച്ചകള്‍ അടുത്തിടപഴകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  ഇതിന് പുറമെ വീടുകളില്‍ നിന്ന് കൊടുക്കുന്ന ഭക്ഷണം വഴിയും പൂച്ചകള്‍ക്ക് പക്ഷിപ്പനി ബാധിക്കാം. പച്ച കോഴിയിറച്ചിയും മറ്റ് വേവിക്കാത്ത ഇറച്ചികളും നല്‍കുന്നതിലൂടെയും വൈറസ് ഉള്ളിലെത്താന്‍ സാധ്യതയുണ്ട്. 

പക്ഷിക്കാഷ്ഠം, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ വെള്ളത്തിലൂടെയും മറ്റ് പ്രദേശങ്ങളില്‍ നിന്നും ശരീരത്തിലെത്തിയാലും വൈറസ് പിടിപെടാം. പൂച്ചകള്‍ക്ക് പാല്‍ തിളപ്പിക്കാതെ നല്‍കുന്നതും അപകടകരമാണെന്നും ആടുമാടുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് പച്ചപ്പാല്‍ മനുഷ്യരും മൃഗങ്ങളും പാകം ചെയ്യാതെ ഉപയോഗിക്കരുതെന്ന കര്‍ശന മാര്‍ഗനിര്‍ദേശം പുറത്തിറക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ഒരു പൂച്ചയില്‍ നിന്നും മറ്റൊരു പൂച്ചയിലേക്കും മനുഷ്യരിലേക്കും അതിവേഗം വൈറസ് കടക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പക്ഷിപ്പനി ബാധിച്ച് പൂച്ചകള്‍ ചത്തോ?

ഈ വര്‍ഷം മാത്രം ഇതുവരെ പതിനാറിലേറെ പൂച്ചകളാണ് അമേരിക്കയില്‍ മാത്രം പക്ഷിപ്പനി ബാധിച്ച് മരിച്ചത്. കോഴി, പക്ഷിവളര്‍ത്തല്‍ കേന്ദ്രങ്ങളിലും പരിസരത്തുമുണ്ടായിരുന്ന പൂച്ചകളായിരുന്നു ഇവയില്‍ അധികവുമെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് ചൂണ്ടിക്കാട്ടുന്നു. പന്ത്രണ്ടോളം പൂച്ചകള്‍ക്ക് പച്ചപ്പാല്‍ കുടിച്ചതിലൂടെ പക്ഷിപ്പനി ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2022 ലും 2023 ലും 13 പൂച്ചകള്‍ക്ക് പക്ഷിപ്പനി ബാധിക്കുകയും പകുതിയോളം ചത്തുപോവുകയുമുണ്ടായി. ഇക്കൂട്ടത്തില്‍ വീട്ടിലെ വളര്‍ത്തുപൂച്ചകളുമുണ്ടായിരുന്നു. 

പൂച്ചകളില്‍ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്നതെങ്ങനെ

അരുമ മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക്  പക്ഷിപ്പനി വൈറസ് കടന്നുകൂടാനുള്ള സാധ്യത തള്ളിക്കളയേണ്ട. അപൂര്‍വമാണെങ്കിലും 2017 ലും 2023ലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണിലാണ് ആദ്യം അണുബാധ കണ്ടെത്തിയത്. പൂച്ചകള്‍ക്ക് പുറമെ  രോഗം ബാധിച്ച പശുക്കളില്‍ നിന്നും പക്ഷിപ്പനി മനുഷ്യരില്‍ ബാധിച്ചതായി യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിഷിഗണിലെ ഡയറി ഫാം ജീവനക്കാരന് പശുവില്‍ നിന്നും പക്ഷിപ്പനി ബാധിച്ചു. കഫക്കെട്ടും കണ്ണുകളില്‍ നിന്ന് വെള്ളം വരുന്നതും ശ്വാസ തടസവുമായിരുന്നു പ്രാരംഭ ലക്ഷണം. രോഗബാധിതനെ ക്വാറന്‍റീനിലാക്കിയാണ് മറ്റുള്ളവരെ രോഗബാധയില്‍ നിന്ന് രക്ഷിച്ചത്. പൂച്ചകള്‍ക്ക് പുറമെ നായ്ക്കളെയും പക്ഷിപ്പനി ബാധിക്കാമെന്ന മുന്നറിയിപ്പും ശാസ്ത്രജ്ഞര്‍ നല്‍കുന്നു.

പക്ഷിപ്പനിയില്‍ നിന്നും പൂച്ചകളെ എങ്ങനെ സംരക്ഷിക്കാം?

Credit- AP

പക്ഷികളെ പൂച്ചകളില്‍ നിന്നും അകറ്റുകയാണ് രോഗം പിടിപെടാതിരിക്കാനുള്ള മാര്‍ഗം. പുറത്ത് പൂച്ചകളെ കൊണ്ടു പോകുന്ന സമയങ്ങളിലും പക്ഷികളുമായുള്ള ബന്ധം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുകയും  പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്‍റെ പരിസരത്തേക്ക് പൂച്ചകളെ അടുപ്പിക്കാതിരിക്കുകയും വേണമെന്നും ഗവേഷകര്‍ പറയുന്നു. പക്ഷിക്കാഷ്ഠവും മറ്റ് അവശിഷ്ടങ്ങളും ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ പോയി വരുമ്പോള്‍ ഷൂ വൃത്തിയാക്കിയ ശേഷം മാത്രമേ വീടിനുള്ളിലേക്ക് കയറാവൂ. പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ തിളപ്പിക്കാത്ത പാല്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. പൂച്ചകള്‍ക്കുള്ള പക്ഷിപ്പനി വാക്സീന്‍ നിലവില്‍ വികസിപ്പിച്ചെടുക്കാത്തതിനാല്‍ അതീവ ജാഗ്രത വേണമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

H5N1 can infect cats, and that felines can transmit the virus to other cats as well--and perhaps to humans.