Image Credit: https://conchsoc.org

ഡോ. എം. രവിചന്ദ്രന്‍ (ഇടത്, ചിത്രം: മനോരമ), ചിപ്പി (വലത്, ചിത്രം: https://conchsoc.org/)

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും  ഇടയിലുള്ള മാന്നാര്‍ കടലിടുക്കില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിപ്പി വര്‍ഗത്തിന് ഭൗമ ശാസ്ത്ര സെക്രട്ടറിയുടെ പേര് നല്‍കി ശാസ്ത്രജ്ഞര്‍. കൊച്ചിയിലെ സെന്‍റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്സസ് ആന്‍റ് ഇക്കോളജിയിലെ ഗവേഷകരായ ആര്‍.രവിനേഷ്, എന്‍. ശരവണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. മാന്നാര്‍ കടലിടുക്കില്‍ ഒരു കിലോമീറ്ററോളം ആഴത്തില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് ഈ പുതിയ ചിപ്പിയെ കണ്ടെത്തിയത്. ഡോ. എം.രവിചന്ദ്രനോടുള്ള ബഹുമാനാര്‍ഥം  'അസെറ്റോക്സിനസ് രവിചന്ദ്രാനി' എന്ന പേരാണ് നല്‍കിയത്. ഈ ജീവി വര്‍ഗത്തെ ഇതാദ്യമായാണ് ഇന്ത്യ–പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ കണ്ടെത്തുന്നത്.

ശംഖുകളെ കുറിച്ചുള്ള രാജ്യന്തര ജേണലായ ' ജേണല്‍ ഓഫ് കോങ്കോളജി'യിലാണ് രവിചന്ദ്രാനി ചിപ്പിയെ കുറിച്ചുള്ള കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാന്നാര്‍ കടലിടുക്കിന് പുറമെ കന്യാകുമാരിയില്‍ നിന്നും ദക്ഷിണേന്ത്യയിലെ ഇന്ത്യന്‍ മഹാസുദ്രത്തിന്‍റെ വടക്കുഭാഗത്തും ചിപ്പിയുടെ സാന്നിധ്യമുണ്ട്. 

പരമാവധി 21.8 മില്ലീ മീറ്റര്‍ വരെ നീളമാണ് രവിചന്ദ്രാനി ചിപ്പിക്കുള്ളത്. ക്രീം കലര്‍ന്ന വെള്ള നിറത്തോട് കൂടിയതാണ് രവിചന്ദ്രാനിയെന്നും പുറന്തോട് സുതാര്യമല്ലെങ്കിലും വെളിച്ചത്തെ കടത്തിവിടുമെന്നും ഗവേഷകര്‍ കണ്ടെത്തി. ചിപ്പികളുടെ ഘടന ഒരേ പോലെയല്ലെന്നും എന്നാല്‍ ഏറെക്കുറെ ആറുമുഖങ്ങളോട് കൂടിയതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രമുഖ സമുദ്ര ഗവേഷകനായിരുന്ന ഡോ. എം.രവിചന്ദ്രന്‍ ആഴക്കടല്‍ ജൈവ വൈവിധ്യ  പര്യവേക്ഷണ, സംരക്ഷണ പദ്ധതിയുടെ കോ–ഓര്‍ഡിനേറ്ററായിരുന്നു. രാജ്യത്തിന്‍റെ അന്‍റാര്‍ട്ടിക പര്യവേക്ഷണ ശാസ്ത്ര സമിതിയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം.

ENGLISH SUMMARY:

Ascetoaxinus Ravichandrani a new species of deep water thyasiridae discovered from the gulf of Mannar.