Image (NASA)

Image (NASA)

  • 2010 മുതല്‍ ഭൂമിയുടെ അകക്കാമ്പിന്‍റെ 'കറക്കം' കുറഞ്ഞു
  • പഠനം നടത്തിയത് സതേണ്‍ കലിഫോര്‍ണിയ സര്‍വകലാശാല
  • കണ്ടെത്തല്‍ 121 ഭൂചലനങ്ങളിലെ വിവരങ്ങളെ അടിസ്ഥാനമാക്കി

ഒരു ദിവസം 24 മണിക്കൂര്‍ തികയുന്നില്ലെന്ന് ചിലപ്പോഴെങ്കിലും പരാതി പറഞ്ഞിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ 24 മണിക്കൂറില്‍ നിന്നും ദിവസത്തിന്‍റെ ദൈര്‍ഘ്യം കൂടിയാലോ.. ജീവിതം തന്നെ താളം തെറ്റുന്നതായി തോന്നുന്നില്ലേ. ഇത് സങ്കല്‍പ്പമല്ല, ഭാവിയില്‍ യാഥാര്‍ഥ്യമായേക്കാമെന്നാണ് സതേണ്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയുടെ അകക്കാമ്പിന്‍റെ കറക്കം ഉപരിതലത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍. ഇത് ഭൂമിയില്‍ നിര്‍ണായകമായ പല മാറ്റങ്ങളും വരുത്തിയേക്കുമെന്നും 'നേച്ചര്‍' മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

earth-representation

പ്രതീകാത്മക ചിത്രം

തെക്കന്‍ അറ്റ്ലാന്‍റിക്കിന് ചുറ്റുമുള്ള സൗത്ത് സാന്‍ഡ്‍വിച് ദ്വീപുകളില്‍ 1991 മുതല്‍ 2023 വരെയുണ്ടായ 121 ഭൂചലനങ്ങളെ അപഗ്രഥിച്ചാണ് ഗവേഷകനായ ജോണ്‍ വിദേലും സംഘവും പഠനം നടത്തിയത്. ഇതിന് പുറമെ 1971–1974 കാലയളവില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ ആണവ പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഫ്രാന്‍സും അമേരിക്കയും നടത്തിയ ആണവ പരീക്ഷണങ്ങളും പഠന വിധേയമാക്കിയിരുന്നു. 2010 മുതല്‍ ഭൂമിയുടെ അകക്കാമ്പിന്‍റെ കറക്കത്തിന്‍റെ വേഗത കുറഞ്ഞുവെന്നും ഭൂവല്‍ക്കത്തെ അപേക്ഷിച്ച് 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വേഗത്തിലാണ് അകക്കാമ്പ് കറങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

4,800 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂമിയുടെ അകക്കാമ്പ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പും നിക്കലും കൊണ്ട് നിര്‍മിതമായ അകക്കാമ്പ് ചുട്ടുപഴുത്തതും വ്യാപ്തിയേറിയതുമാണ്. അകക്കാമ്പിന്‍റെ കറക്കം പുറന്തോടിനെ അപേക്ഷിച്ച് കുറയുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും എന്നാല്‍ ഇരുപത്തിനാല് തവണയിലേറെ ഈ കണ്ടെത്തല്‍ ആവര്‍ത്തിച്ചതോടെയാണ് അവിചാരിതമെന്നോ, യാദൃശ്ചികമെന്നോ ഇതിനെ അവഗണിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതെന്നും ഡോ. വിദേല്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഇത്തരത്തിലൊരു 'മെല്ലെപ്പോക്ക്' ശാസ്ത്രലോകം മനസിലാക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ വിശദവും നിരന്തരവുമായ നിരീക്ഷണങ്ങള്‍ തുടരുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഇത്തരത്തിലൊരു 'മെല്ലെപ്പോക്ക്' ശാസ്ത്രലോകം തിരിച്ചറിഞ്ഞത്

ഭൂമിയുടെ കാന്തിക വലയം, വെള്ളത്താല്‍ ചുറ്റപ്പെട്ട പുറന്തോടില്‍ സൃഷ്ടിക്കുന്ന ചലനങ്ങളും പാറകള്‍ നിറഞ്ഞ ഭൂവല്‍ക്കത്തിലെ ആഴമേറിയ പ്രദേശങ്ങളില്‍ ചെലുത്തുന്ന ഗുരുത്വാകര്‍ഷണവുമാണ് ഭൂമിയുടെ അകക്കാമ്പിന്‍റെ മെല്ലെപ്പോക്കിന് കാരണമെന്നാണ് ഡോ. വിദേലും സംഘവും വിശദീകരിക്കുന്നത്. ഈ മെല്ലെപ്പോക്ക് ഭൂമിയുടെ മൊത്തത്തിലുള്ള ഭ്രമണത്തെ തന്നെ ബാധിച്ചേക്കാം. ഇതുവഴി ഭൂമിയിലെ ദിവസങ്ങളുടെ ദൈര്‍ഘ്യവും ഏറും. നിലവിലെ ഭൂമിയുടെ അകക്കാമ്പിന്‍റെ കറക്കം ദിവസത്തിന്‍റെ ദൈര്‍ഘ്യത്തില്‍ നിമിഷാര്‍ധങ്ങളുടെ മാറ്റമാകും വരുത്തുക. ഈ ഘട്ടത്തില്‍ അത് കണ്ടെത്തുക ദുഷ്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഭൂമിയുടെ അകക്കാമ്പിന്‍റെ ഈ 'നൃത്തം' നമുക്ക് അനുഭവപ്പെടുന്നതിലും ഏറെയാകാമെന്നും ഗവേഷകര്‍ പറയുന്നു. എന്തുകൊണ്ടാണ് ഈ മാറ്റമുണ്ടാകുന്നത് എന്നതില്‍ കൂടുതല്‍ ഉറച്ച തെളിവുകള്‍ക്കായുള്ള പരീക്ഷണ നിരീക്ഷണങ്ങളും ഗവേഷകര്‍ തുടരുകയാണ്.

ENGLISH SUMMARY:

Earth's inner core unambiguously slowing down. It may have a significant effect on both the stability of Earth's magnetic field and the duration of our days.