venus-main

TOPICS COVERED

ഭൂമിയുടെ സഹോദര ഗ്രഹമാണെന്നൊക്കെ വെറുതേ പൊങ്ങച്ചം പറഞ്ഞതല്ല ശുക്രന്‍. കരിങ്കല്ലുപോലത്തെ അന്തരീക്ഷം കടന്നെത്തിയാല്‍ ജീവന്റെ തുടിപ്പുകള്‍ ശുക്രനിലുണ്ടെന്നതിന്റെ സൂചനകളാണ് ശാസ്ത്രലോകം പുറത്തു വിടുന്നത്. ശുക്രനിലെ മേഘങ്ങളില്‍ ഫോസ്ഫൈന്‍, അമോണിയ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഹള്ളിലെ നാഷണല്‍ അസ്‌ട്രോണമി യോഗത്തില്‍ ഡോക്ടര്‍ ഡേവ് ക്ലെമന്‍റ്സിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

venus-life

ജെയിംസ് ക്ലര്‍ക്ക് മാക്സ്‍വെല്‍ ടെലിസ്കോപിന്‍റെ സഹായത്തോടെ ശുക്രനിലെ രാപ്പകലുകള്‍ വിശദമായി നിരീക്ഷിച്ചാണ് ഗവേഷകര്‍ ഫോസ്ഫൈന്‍ സാന്നിധ്യം പഠിച്ചത്. സൂര്യപ്രകാശം ശുക്രനില്‍ പതിക്കുമ്പോള്‍ ഫോസ്ഫൈന്‍ അപ്രത്യക്ഷമാകുന്നുവെന്ന സുപ്രധാന വിവരവും ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നു. 'ഫോസ്ഫൈന്‍ ശുക്രനിലുണ്ടെന്നത് തീര്‍ച്ചയാണ്. എന്നാല്‍ എന്തുപ്രക്രിയയുടെ ഫലമായാണ് അവിടെ ഫോസ്ഫൈന്‍ ഉണ്ടാകുന്നത് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഒന്നുകില്‍ രാസപ്രവര്‍ത്തനങ്ങളുടെ ഫലമാകാം, അല്ലെങ്കില്‍ ശുക്രനിലെ ജീവസാന്നിധ്യമാകാമെന്നും ഡോ. ക്ലെമന്‍റ്സ് വ്യക്തമാക്കുന്നു. ശുക്രനില്‍ ഫോസ്ഫൈന്‍ സാന്നിധ്യമുണ്ടെന്ന് 2020ലാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.

പെന്‍ഗ്വിനുകളുടെ വിസര്‍ജ്യം, അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഓക്‌സിജന്‍ സാന്നിധ്യം കുറവായ പരിസ്ഥിതികളിലാണ് ഭൂമിയില്‍ ഫോസ്ഫൈന്‍ വാതകം കണ്ടെത്തിയിട്ടുള്ളത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഗ്രഹങ്ങളില്‍ അതുകൊണ്ട് തന്നെ ഫോസ്‌ഫൈന്റെ സാന്നിധ്യം ജീവന്റെ തുടിപ്പായി കരുതപ്പെടുന്നു. ഗ്രീന്‍ ബാന്‍ക് ടെലസ്കോപ് ഉപയോഗിച്ച് കാര്‍ഡിഫ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് അമോണിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.  ഭൂമിയില്‍ സാധാരണയായി നൈട്രജന്‍ ഉല്‍പാദിപ്പിക്കുന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനഫലമായോ, വ്യാവസായിക പ്രക്രിയ വഴിയോ ആണ് അമോണിയ ഉല്‍പാദിപ്പിക്കപ്പെടുന്നത്. 

earth-venus

ശുക്രന്‍ ഒരു പക്ഷേ അതികഠിനമായ താപഘട്ടത്തിലൂടെ കടന്നു പോയിരിക്കാം. എന്നിട്ടും നശിക്കാതിരുന്ന വാതകങ്ങള്‍ മേഘപടലങ്ങളില്‍ ശേഷിച്ചതാവാമെന്നാണ് ഡോ. ഡേവ് ക്ലെമന്റ്സ് പറയുന്നത്. 450 ഡിഗ്രി സെല്‍സിയസ് വരെയാണ് ശുക്രോപരിതലത്തിലെ ചൂട്. അതായത് ഈയവും (Lead) നാകവും (Zinc) വരെ ഉരുക്കിക്കളയാന്‍ പര്യാപ്തമായ ചൂട്. ഭൗമപരിതലത്തിലെ ചൂടിന്റെ 90 മടങ്ങ് വരും ഇത്. സള്‍ഫ്യൂറിക് ആസിഡ് നിറഞ്ഞ മേഘങ്ങള്‍ വരെ ശുക്രനിലുണ്ട്. എന്നാല്‍ പൊള്ളുന്ന ഈ ഉപരിതലത്തില്‍ നിന്ന് 50 കിലോമീറ്റര്‍ കടന്നാല്‍ താപനിലയും മര്‍ദവും ഭൂമിയിലേതിന് സമാനമായി മാറും. നല്ല അതിജീവനശേഷിയുള്ള ജീവാണുക്കള്‍ക്ക് ഈ പരിസ്ഥിതിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അമോണിയയുടെയും ഫോസ്‌ഫൈന്റെയും സാന്നിധ്യമുള്ളത് കൊണ്ട് മാത്രം ശുക്രനില്‍ ജീവനുണ്ടെന്ന് തെളിയിക്കാന്‍ പ്രയാസമാണ്. പക്ഷേ ഭൂതകാലങ്ങളിലെങ്ങോ ശുക്രനില്‍ ജീവന്‍ നിലനിന്നിരുന്നതിന്റെ സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും അന്നത്തെ ശേഷിപ്പുകളില്‍ ചിലതാവാം അന്തരീക്ഷത്തില്‍ കണ്ടതെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ വിശദമായ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Scientists detected Phosphine and Ammonia's presence in the clouds of Venus. More work is needed to learn more about the presence of these two potential biomarkers in Venus’s clouds.