ഒരു സോപ്പിന് നമ്മുടെ ജീവിതത്തില്‍ എങ്ങനെ സ്വാധീനം ചെലുത്താനാകും???ഇതിനുള്ള ഉത്തരം പതിനഞ്ചുകാരന്‍ ഹെമെന്‍ ബെക്കെലെ പറയും. 2024 ലെ കിഡ് ഓഫ് ദ് ഇയര്‍ ആയി ടൈം മാഗസിന്റെ ഏറ്റവും പുതിയ കവറില്‍ നിറഞ്ഞുനില്‍ക്കുകയാണ് എത്യോപ്യന്‍ വംശജനായ കുട്ടിശാസ്ത്രജ്ഞന്‍. എന്ത് നേട്ടമാണ് ഈ അംഗീകാരത്തിലേക്ക് ഹെമനെ നയിച്ചതെന്ന് നോക്കാം.
ഒരു കഷ്ണം സോപ്പുപയോഗിച്ച് സ്കിന്‍ കാന്‍സര്‍ സുഖപ്പെടുത്തുമെനന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? ആ യാഥാര്‍ഥ്യത്തിലേക്കുള്ള പാതയിലാണ് യുവ ശാസ്ത്രജ്ഞനായ ബെക്കെലെ. എത്യോപ്യയില്‍ ജനിച്ച് വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണില്‍ താമസിക്കുന്ന ബെകെലെ, സ്കിന്‍ കാന്‍സറിനെ ചികില്‍സിക്കാനും തടയാനും സഹായിക്കുന്ന സോപ്പ് കണ്ടുപിടിച്ചതോടെയാണ് ടൈം മാഗസിന്റെ 2024ലെ കിഡ് ഓഫ് ദ് ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയിലുള്‍പ്പെെട വ്യാപകമായ ഏറ്റവും സാധാരണമായ ക്യാന്‍സറാണ് സ്കിന്‍ ക്യാന്‍സര്‍. ശരാശരി വാര്‍ഷിക ചികില്‍സാച്ചെലവ് 8 ബില്യണ്‍ ഡോളറാണ്. താങ്ങാനാവുന്ന ഒരു ചികില്‍സാമാര്‍ഗം എന്ന നിലയ്ക്കാണ് സോപ്പ് ലായനി ഹെമെന്‍ വികസിപ്പിച്ചെടുത്തത്. ലോകത്തെ മികച്ചതാക്കാന്‍ കഴിവുള്ള ഒരു കണ്ടുപിടിത്തത്തിലൂടെ ലോകശ്രദ്ധനേടുകയാണ് ഈ കൊച്ചുമിടുക്കന്‍.
ആരാണ് ബെക്കെലെ??
എത്യോപ്യയിലെ അഡിസ് അബാബയില്‍ ജനിച്ച ഹെമെന്‍, നാലാം വയസിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. കഠിനമായ വെയിലിന് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാഴ്ച കുട്ടിക്കാലത്തുതന്നെ ഹെമനെ വല്ലാതെ വേദനിപ്പിച്ചു,. ചര്‍മത്തിന് കേടുപാടുകള്‍ വരുത്തുന്നതില്‍നിന്ന് ആളുകളെ സംരക്ഷിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്താന്‍ ഹെമെന് പ്രചോദനമായത് ഈ കാഴ്ചയാണ്. അങ്ങനെ സ്കിന്‍ ക്യാന്‍സറിനെതിരെ പോരാടുന്ന ഇമിക്വിമോഡ്എന്ന മരുന്നിനെക്കുറിച്ച് അവന്‍ പഠിച്ചു. ഏകദേശം 40, 000 ഡോളര്‍ ചിലവ് വരുന്ന പരമ്പരാഗത ചികില്‍സാരീതികളെ അപേക്ഷിച്ച് ഫലപ്രദവും കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഒരു ചികില്‍സാരീതിയായിരുന്നു സ്വപ്നം. 2023ല്‍ ഹെമെന്‍ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള സോപ്പ് എന്ന തന്റെ ആശയവുമായി യു.എസിലെ യങ് സയിന്റിസ്റ്റ് ചലഞ്ചില്‍പങ്കെടുത്തു.
കേവലം ഒരു ചെറിയ സോപ്പിനെ ഒരു മരുന്നായി സാധാരണക്കാരിലേക്കെത്തിക്കുക എന്ന ഹെമെന്റെ നൂതന ആശയം യംഗ് സയന്റിസ്റ്റ് ചലഞ്ചിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ 2023 ലെ അമേരിക്കയിലെ മികച്ച യുവ ശാസ്ത്രജ്ഞനായി ഹെമെന്‍ തിരഞ്ഞെടുക്കപ്പെട്ടു. മോളിക്യൂലര്‍ ബയോളജസ്റ്റായ വിറ്റോ റെബേക്കയെ ഹെമെന്‍ കണ്ടുമുട്ടി. പിന്നീടുള്ള അവന്റെ ജീവിതം മാറ്റത്തിന്റേതായിരുന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ തന്റെ ലാബില്‍ ജോലി ചെയ്യാന്‍ റെബേക്ക ഹേമാനെ ക്ഷണിക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. ഹെമെനും റെബേക്കയും ഇപ്പോഴും ഗവേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. അരവര്‍ഷത്തിലധികമായി എലികളില്‍ പരീക്ഷണം നടത്തുകയാണ്. സോപ്പിന്റെ പേറ്റന്റും അംഗീകാരവുമുള്‍പ്പെടെയുള്ള വെല്ലുവിളികള്‍മുന്നിലുണ്ടെങ്കിലും വലിയ ശുഭാപ്തി വിശ്വാസത്തിലാണ് ഈ പതിനഞ്ചുകാരന്‍.
സോപ്പ് വിപണിയിലെത്തിക്കാന്‍ വര്‍ഷങ്ങളെടുക്കുമെങ്കിലും തന്റെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിലാണ് ഹെമന്‍. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് ഈ കൊച്ചുമിടുക്കന് അറിയാം. സോപ്പ് പരീക്ഷിക്കുക മാത്രമല്ല, പേറ്റന്റ് നേടണം. ഏതാണ്ട് ഒരു ദശാബ്ദത്തിന്റ കാത്തിരിപ്പുണ്ട് തന്റെ സ്വപ്നസാഫല്യത്തിലേക്ക്. ആ ദശാബ്ദം കടന്നുപോകുമ്പോള്‍ അവന് പ്രായം 25 ആകും. ഈ ലോകത്തിനായി എന്തെങ്കിലും ചെയ്തു എന്ന സംതൃപ്തി അവനുണ്ടാകണമെങ്കില്‍ അത്രയും കാലമെടുക്കും. പക്ഷേ അസാധ്യമായ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ജവവും പിന്തുടരാനുള്ള പ്രതിബന്ധതയുമാണ് ഈ യുവശാസ്ത്രജ്ഞന്റെ വിജയം.
സര്‍ഗാത്മകതയും അര്‍പ്പണബോധവും അതിരുകളില്ലാത്തതാണെന്ന വിശ്വാസത്തിന്റെ, ഉദാഹരണത്തിന്റെ പേരാണ് ഹെമന്‍ ബെക്കെലെ. ശാസ്ത്രമേഖലയില്‍ മികവ് പുലര്‍ത്തണമെന്നാഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു സന്ദേശം കൂടി ഈ യുവശാസ്ത്രജ്ഞന്‍ പറഞ്ഞുതരുന്നു.
നമ്മുടെ ലോകം മെച്ചപ്പെടുന്നതിനും ഈ ലോകത്തെ മികച്ചയിടമാക്കി മാറ്റുന്നതിനുമുള്ള പുതിയ വഴികളെക്കുറിച്ച് നമുക്ക് ചിന്തിക്കാം...