TOPICS COVERED

ശബ്ദത്തേക്കാൾ വേഗത്തിൽ പായുന്ന ധ്രുവക്കാറ്റുകൾക്ക് കാരണക്കാരൻ ഭൂമിക്ക് ചുറ്റുമുള്ള വൈദ്യുത പ്രഭവ കേന്ദ്രമാണെന്ന നിർണായക വെളിപ്പെടുത്തലുമായി നാസ. ശാസ്ത്ര ജേണലായ 'നേച്ചറി'ലാണ് നാസ ഈ കണ്ടെത്തലിന്റെ വിശദാംശങ്ങൾ പങ്കുവച്ചിരിക്കുന്നത്. നാസയുടെ എൻഡ്യുറൻസ് റോക്കറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ആറുപതിറ്റാണ്ട് കാലത്തെ ശാസ്ത്രലോകത്തിന്റെ അനുമാനങ്ങളെ സ്ഥിരീകരിച്ചിരിക്കുന്നത്. ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലാണ് ഇത് വ്യക്തമായി അനുഭവിക്കാനാവുകയെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. 

ഭൂമിയുടെ ഉത്തര-ദക്ഷിണ ധുവങ്ങളിൽ നിന്നും വൈദ്യുതകണങ്ങൾ ശബ്ദത്തെക്കാൾ വേഗത്തിൽ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് ധ്രുവക്കാറ്റുകളുടെ സ്വാധീനത്തെ തുടർന്നാണ്. ഈ ധ്രുവക്കാറ്റിന് കാരണക്കാരൻ ആംബിപോളാർ വൈദ്യുതകേന്ദ്രമാണെന്നാണ് നാസ പറയുന്നത്.  അതിസൂക്ഷ്മകണങ്ങളെ അന്തരീക്ഷത്തിലേക്ക പുറന്തള്ളുന്നതിൽ നിർണായക പങ്കാണ് കേന്ദ്രം വഹിക്കുന്നത്. ഭൗമോൽപ്പത്തിയിലേക്കും ഭൗമപരിണാമത്തിലേക്കും വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലെന്നും നാസ അവകാശപ്പെടുന്നു. 

എൻഡ്യൂറൻസ് റോക്കറ്റിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് അയണോസ്ഫിയറിന്റെ പാകപ്പെടലിലും അത് വിശാലമാക്കുന്നതിലും ഈ വൈദ്യുത പ്രഭവകേന്ദ്രത്തിന് വലിയ പങ്കാണുള്ളത്. കൺവെയർ ബെൽറ്റിന് സമാനമായാണ് ഈ വൈദ്യുത കേന്ദ്രം അന്തരീക്ഷത്തെ ഉയർത്തുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ കോളിൻസൺ പറയുന്നു. ദുർബലമായാണ് കാണപ്പെടുന്നതെങ്കിലും ബഹിരാകാശത്തേക്ക് കണങ്ങളുടെ അതിശക്തമായ പുറന്തള്ളൽ നടത്താൻ ശേഷിയുള്ളതാണ് ഈ കേന്ദ്രമെന്നും നാസ വ്യക്തമാക്കുന്നു. ശബ്ദാതിവേഗത്തിൽ പുറന്തള്ളപ്പെടുന്ന കണങ്ങൾക്ക് ലേശംപോലും ചൂടില്ലെന്നും തണുത്ത അവസ്ഥയിലാണ് കാണപ്പെടുന്നതെന്നും ഗവേഷകർ വിശദീകരിക്കുന്നു. അന്തരീക്ഷമുള്ള ഏതൊരു ഗ്രഹത്തിനും ഈ വൈദ്യുത കേന്ദ്രമുണ്ടാകുമെന്നും നിലവിൽ നമുക്കത് അളക്കാൻ സാധിച്ചുവെന്നതാണ് തുടർപഠനങ്ങളിൽ നിർണായകമാകുമെന്നും അതെങ്ങനെ ഭൂമിയെ മാറ്റി മറിച്ചുവെന്നും മറ്റ് ഗ്രഹങ്ങളിൽ എന്ത് മാറ്റമുണ്ടാക്കിയെന്നും വരുംകാലങ്ങളിൽ അറിയാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.