2024ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. പ്രോട്ടീൻ ഘടനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലെ നിർണായക കണ്ടെത്തലുകൾക്കാണ് പുരസ്കാരം. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. പ്രോട്ടീൻ സയൻസിലെ നിർണായക കണ്ടുപിടിത്തങ്ങളാണ് ഇവരുടേതെന്നും മാനവരാശിയുടെ നിലനിൽപ്പിന് ഉതകുന്ന നേട്ടമാണെന്നും റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വ്യക്തമാക്കി.
Also Read: ഭൗതികശാസ്ത്ര നോബൽ സമ്മാനം ജോണ്‍ ഹോപ്ഫീല്‍ഡിനും ജെഫ്രി ഹിന്‍റണിനും
കംപ്യൂട്ടേഷനൽ പ്രോട്ടീൻ ഘടനയിൽ നൽകിയ നിർണായ സംഭാവനകളാണ് വാഷിങ്ടൺ സർവകലാശാലയിലെ ഡേവിഡ് ബേക്കറെ നൊബേലിന് അർഹനാക്കിയത്. പുതിയ പ്രോട്ടീനുകൾ വിഭാവനം ചെയ്ത് നിർമിക്കുന്നതിൽ അസാധാരണ മികവാണ് ബേക്കർ പ്രകടിപ്പിച്ചതെന്ന് സമിതി വിലയിരുത്തി. ബേക്കറിൻറെ ഗവേഷക സംഘം വികസിപ്പിച്ചെടുത്ത പുതിയ പ്രോട്ടീനുകൾ വാക്സീൻ, നാനോമെറ്റീരിയലുകൾ, മരുന്നുകൾ, സെൻസറുകൾ എന്നിവയിൽ ഉപയോഗിക്കാനാകും.
പ്രോട്ടീനുകളുടെ സങ്കീർണമായ ഘടന പ്രവചിച്ചതുവഴി ശാസ്ത്രലോകത്തിൻറെ അരനൂറ്റാണ്ട് നീണ്ട സ്വപ്നമാണ് ഡെമിസും ജോണും സഫലമാക്കിയത്. പ്രോട്ടീനിൻറെ അതിസങ്കീർണമായ ത്രിമാന ഘടനയാണ് എഐ സഹായത്തോടെ ഇവർ കാണിച്ചുതന്നത്. ഈ മോഡലിൻറെ സഹായത്തോടെ ലോകത്ത് ഇതുവരെ കണ്ടെത്തിയ 20 കോടി പ്രോട്ടീനുകളുടെയും ഘടന കൃത്യമായി മനസിലാക്കാൻ കഴിയും