സാങ്കേതികവിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്, സ്വപ്നം കാണാനുള്ള മനുഷ്യന്‍റെ കഴിവും അതിന്‍റെ വേഗത വര്‍ധിപ്പിക്കുന്നു. ഇന്ന് നമ്മള്‍ കാണുന്ന സാങ്കേതികവിദ്യകളില്‍ പലതും നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ മനുഷ്യന്‍ കഥകളായും മറ്റും വിഭാവനം ചെയ്തിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിശയോക്തി തോന്നിയേക്കാം. ഇപ്പോളിതാ ഇന്നത്തെ റോക്കറ്റ് സയന്‍സിന്‍റെ ആശയവും പതിനാറാം നൂറ്റാണ്ടിലെ രേഖകളില്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
മനുഷ്യൻ ബഹിരാകാശത്ത് എത്തുന്നതിന് നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട രേഖകളിലാണ് റോക്കറ്റ് സയന്‍സിനെ കുറിച്ചുള്ള നിര്‍ദേശങ്ങളും ആശയങ്ങളും കണ്ടെത്തിയിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഓസ്ട്രിയൻ സൈനിക എഞ്ചിനീയർ കോൺറാഡ് ഹാസ് എഴുതിയതാണ് റുമാനിയയിലെ പ്രാദേശിക ഭാഷയായ സിബിയുവിലുള്ള കയ്യെഴുത്തുപ്രതി. 1509 നും 1576 നും ഇടയിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. മൾട്ടി-സ്റ്റേജ് റോക്കറ്റുകളുടെ ആശയങ്ങൾ രേഖപ്പെടുത്തുന്ന ആദ്യത്തെ വ്യക്തിയായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.
ആദ്യം ജർമ്മൻ ഭാഷയിൽ എഴുതിയ 450 പേജുള്ള രേഖ പീരങ്കികളെ കുറിച്ചും ബാലിസ്റ്റിക്സിനെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. 1961ല്‍ സിബിയുവിലെ സ്റ്റേറ്റ് ആർക്കൈവ്‌സിലെ ബുക്കാറെസ്റ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോരു ടോഡെറിസിയൂവാണ് കൈയെഴുത്തുപ്രതി കണ്ടെത്തുന്നത്. പതിനാറാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ മൾട്ടി-സ്റ്റേജ് റോക്കറ്റുകൾക്കായുള്ള ഹാസിന്‍റെ പദ്ധതികൾ അവിശ്വസനീയമാംവിധം പുരോഗമിച്ചതാണ്. മാത്രമല്ല, കൃത്യമായ ചിത്രീകരണങ്ങളും കയ്യെഴുത്തുപ്രതിയിലുണ്ട്.