TOPICS COVERED

‘ബീവർ മൂൺ’ എന്നറിയപ്പെടുന്ന 2024-ലെ അവസാന സൂപ്പർമൂൺ ആകാശത്ത് പ്രഭ ചൊരിയാന്‍ ഇനി കേവലം ദിവസങ്ങള്‍ മാത്രം. ഓഗസ്റ്റിലെ സ്റ്റർജിയൻ മൂൺ, സെപ്റ്റംബറിലെ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിലെ ഹണ്ടേഴ്‌സ് മൂൺ എന്നിവയ്ക്ക് ശേഷമാണ് ഈ വർഷത്തെ നാലാമത്തെയും അവസാനത്തെയും സൂപ്പർമൂണായി ‘ബീവർ മൂൺ’ എത്തുന്നത്.

ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അനുസരിച്ച് നവംബർ 16 ന് അതിരാവിലെ 2:58 മുതല്‍ സൂപ്പര്‍ മൂണ്‍ ദൃശ്യമാകും. ഇന്ത്യയില്‍ നവംബർ 16 ന് വൈകുന്നേരം സൂര്യാസ്തമയത്തിനു തൊട്ടുപിറകെ സൂപ്പര്‍മൂണ്‍ കാണാനാകും. സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 20 മുതൽ 30 മിനിറ്റിനുള്ളില്‍ ചന്ദ്രന്‍ ഉദിക്കും. ഇത് സന്ധ്യയുടെ ആകാശത്തെ കൂടുതല്‍ മിഴിവുറ്റതാക്കും. സാധാരണ രീതിയിൽ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി സൂപ്പർ മൂൺ കാണാം. വടക്കേ അമേരിക്കയിലെ ശൈത്യകാലത്തിന്‍റെ തുടക്കത്തെയാണ് ‘ബീവർ മൂൺ’ സൂചിപ്പിക്കുന്നത്. ഫ്രോസ്റ്റ് മൂൺ അല്ലെങ്കിൽ സ്നോ മൂൺ എന്നും ബീവര്‍ മൂണ്‍ അറിയപ്പെടുന്നു. 

ഒപ്പമെത്തും ‘സെവന്‍ സിസ്റ്റേഴ്സ്’

ബീവർ മൂണിനൊപ്പം മാനത്ത് കണ്ണിന് വിരുന്നൊരുക്കാന്‍ സെവൻ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന പ്ലീയാഡ്സ് നക്ഷത്രസമൂഹവുമെത്തും. നവംബർ 15 മുതല്‍ ചന്ദ്രന്‍റെ താഴെ ഇടതുവശത്തായി പ്ലീയാഡ്സ് നക്ഷത്രസമൂഹത്തെ കാണാം. നവംബർ 16 ന് ചന്ദ്രോദയത്തോടെ ഇവ ചന്ദ്രന് മുകളില്‍ വലതുഭാഗത്ത് ദൃശ്യമാകും.

എന്താണ് സൂപ്പര്‍ മൂണ്‍?

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘ വൃത്താകൃതിയിലായതിനാല്‍ ഭൂമിയുമായുള്ള ചന്ദ്രന്‍റെ അകലം സമയത്തിനനുസരിച്ച് മാറും. ഇത്തരത്തില്‍ ചന്ദ്രന്‍ ഭൂമിയോട് എറ്റവുമടുത്തുവരുന്ന സമയമാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്. സാധാരണ പൗര്‍ണമിയെക്കാള്‍ വലിപ്പവും തിളക്കവും സൂപ്പര്‍ മൂണ്‍ സമയത്ത് ചന്ദ്രനുണ്ടാകും. എട്ട് ശതമാനത്തോളം അധികം വലിപ്പവും 16 ശതമാനത്തോളം അധികം പ്രകാശവും ആ സമയം ചന്ദ്രനുണ്ടായേക്കാം. 3.5ലക്ഷം കിലോമീറ്ററാണ് എറ്റവും അടുത്തെത്തുന്ന സമയം ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം. അകന്നിരിക്കുമ്പോള്‍ അത് നാലുലക്ഷം കിലോമീറ്റര്‍വരും.

ENGLISH SUMMARY:

The final supermoon of 2024, known as the "Beaver Moon," is just days away from illuminating the sky. This "Beaver Moon" will be the fourth and final supermoon of the year, following the Sturgeon Moon in August, the Harvest Moon in September, and the Hunter's Moon in October. According to International Standard Time, the supermoon will be visible from 2:58 a.m. on November 16. In India, the supermoon can be seen just after sunset on the evening of November 16.