magnetic-pole

TOPICS COVERED

ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്കനുസരിച്ചാണ് ജിപിഎസ് ഉള്‍പ്പെടെയുള്ള ലോകത്തെ നാവിഗേഷൻ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നത്. റേഡിയേഷനിൽ നിന്നുള്ള സംരക്ഷണത്തിനുള്‍പ്പെടെ കാന്തിക ധ്രുവം പ്രധാനമാണ്. അപ്പോള്‍ പിന്നെ ഈ കാന്തിക ധ്രുവങ്ങളില്‍ മാറ്റം വരാന്‍ തുടങ്ങിയാലോ? നിലവില്‍ ഭൂമിയുടെ ഉത്തര കാന്തിക ധ്രുവം റഷ്യയുടെ നേര്‍ക്ക് അതിവേഗം നീങ്ങുന്നതായാണ് ശാസ്ത്രലോകം പറയുന്നത്.

ലൈവ് സയൻസ് പറയുന്നതനുസരിച്ച് ഇതിനോടകം കാനഡയിൽ നിന്ന് സൈബീരിയയിലേക്ക് ഏകദേശം 2,250 കിലോമീറ്റർ ഉത്തര കാന്തിക ധ്രുവം നീങ്ങിയിട്ടുണ്ട്. നൂറ്റാണ്ടുകളായി സംഭവിക്കുന്ന  ഈ സ്ഥാന ചലനം ശാസ്ത്രലോകം ഇപ്പോള്‍ നിരന്തരമായി നിരീക്ഷിച്ചുവരികയാണ്. എന്നാല്‍ 1990 നും 2005 നും ഇടയിൽ ചലനത്തിന്‍റെ നിരക്ക് 15 കിലോമീറ്ററിൽ നിന്ന് 50-60 കിലോമീറ്ററായി വര്‍ധിച്ചിട്ടുണ്ട്. ഈ വേഗതയിൽ ചലനം തുടർന്നാൽ അടുത്ത ദശകത്തിനുള്ളില്‍ ഭൂമിയുടെ ഉത്തര കാന്തിക ധ്രുവം 660 കിലോമീറ്റർ നീങ്ങും. അതായത് 2040-ഓടെ എല്ലാ കോമ്പസുകളും ഒരുപക്ഷേ വടക്ക് കിഴക്കോട്ട് തിരിഞ്ഞേക്കാമെന്നാണ് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയിലെ (ബിജിഎസ്) ശാസ്ത്രജ്ഞർ പറയുന്നത്. 

ഉത്തര കാന്തിക ധ്രുവം മാത്രമല്ല ദക്ഷിണ കാന്തിക ധ്രുവവും നീങ്ങുന്നുണ്ട്. ദക്ഷിണ കാന്തിക ധ്രുവം അന്‍റാര്‍ട്ടിക്കയ്ക്ക് മുകളില്‍ കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ 300,000 വർഷത്തിലും ഈ മാറ്റം സംഭവിക്കുന്നതായാണ്  ശാസ്ത്രജ്ഞർ പറയുന്നത്. അവസാനത്തെ മാറ്റം സംഭവിച്ചതാകട്ടെ 780,000 വർഷങ്ങൾക്ക് മുമ്പും. ഭൂമിയുടെ പുറം കാമ്പിലെ ഉരുകിയ ഇരുമ്പ് പ്രവചനാതീതമായ രീതിയിൽ ഒഴുകുന്നതാണ് കാന്തിക ധ്രുവങ്ങള്‍ മാറുന്നതിന് കാരണമാകുന്നത്. ഈ മാറ്റം ഒരു പോയന്‍റിലെത്തുമ്പോള്‍ കാന്തിക കവചം പൂജ്യമാകുകയും വിപരീത ധ്രുവതയോടെ വീണ്ടും വളരാന്‍ ആരംഭിക്കുകയും ചെയ്യും.

ഭൂമിയുടെ കാന്തികക്ഷേത്രം അപ്രത്യക്ഷമായാൽ...

ജീവൻ നിലനിർത്തുന്നതിനും സാങ്കേതിക വിദ്യകളെ സംരക്ഷിക്കുന്നതിലും ഭൂമിയുടെ കാന്തികക്ഷേത്രം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഈ അദൃശ്യ കവചം ഭൂമിയുടെ ഉള്ളിൽ നിന്നാരംഭിച്ച് ബഹിരാകാശത്തേക്ക് വ്യാപിക്കുന്നു. ഇത് സൂര്യനിൽ നിന്ന് പുറപ്പെടുന്ന സൗരവാതത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുകന്ന സംരക്ഷണ കവചമായി വര്‍ത്തിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഭൂമിയുടെ കാന്തികക്ഷേത്രം അപ്രത്യക്ഷമായാല്‍ പരിണിതഫലങ്ങൾ ഭയാനകമായിരിക്കും. പരിസ്ഥിതി മുതൽ മനുഷ്യന്‍റെ ആരോഗ്യവും സാങ്കേതികവിദ്യയും വരെ എല്ലാറ്റിനേയും ഇത് നേരിട്ട് ബാധിച്ചേക്കാം. സംരക്ഷണ കവചത്തിന്‍റെ അഭാവത്തില്‍ സൂര്യനില്‍ നിന്നുള്ള മാരകമായ വികിരണങ്ങള്‍ ഭൂമിയിലെത്തുകയും കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ അനിയന്ത്രിതമായി വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും 

ENGLISH SUMMARY:

According to scientists, the Earth's magnetic North Pole is rapidly shifting towards Russia. As reported by *Live Science*, the magnetic North Pole has already moved approximately 2,250 kilometers from Canada towards Siberia. This movement has been monitored by scientists for centuries. However, between 1990 and 2005, the rate of movement increased from 15 kilometers per year to 50-60 kilometers annually. If this rate of movement continues, the magnetic North Pole will shift by 660 kilometers within the next decade. This means that by 2040, compasses may point toward the northeast instead of the current north.