കൂറ്റന്‍ ദിനോസറുകളുടെ 200 ഓളം കാല്‍പ്പാടുകള്‍ യു.കെയില്‍ നിന്ന് കണ്ടെത്തി ഗവേഷകര്‍. 166 ദശലക്ഷം (16.6 കോടി) വര്‍ഷത്തോളം പഴക്കമുള്ള കാല്‍പ്പാടുകളാണിവയെന്നാണ് കരുതുന്നത്. ഓക്സ്ഫഡ്– ബിര്‍മിങ്ഹാം സര്‍വകലാശാലകളില്‍ നിന്നുള്ള ശാസ്ത്ര സംഘമാണ് മധ്യ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്ഷയറില്‍ നിന്നും കണ്ടെത്തിയത്. ക്വാറിക്ക് സമീപത്ത് നിന്നുമാണ് അമ്പരപ്പിക്കുന്ന കണ്ടെത്തലുണ്ടായത്. കളിമണ്ണിനായി ഭൂമി കുഴിക്കുന്നതിനിടെ അസാധാരണമായ കുഴികള്‍ കണ്ട ഗാരി ജോണ്‍സന്‍ എന്ന തൊഴിലാളിയാണ് വിവരം പുറത്തറിയിച്ചത്. തുടര്‍ന്ന് ശാസ്ത്രസംഘം സ്ഥലത്തെത്തുകയായിരുന്നു.
അഞ്ച് വിശാലമായ പാതകളാണ് ദിനോസറുകള്‍ ഇവിടെ സൃഷ്ടിച്ചത്. 150 മീറ്ററോളം ഇതിന് ദൈര്‍ഘ്യമുണ്ടായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. സഞ്ചാരപാതകളുടെ വിശകലനത്തില്‍ നിന്ന് അഞ്ച് പാതകളിലെ നാലെണ്ണവും കഴുത്ത് നീണ്ട സസ്യാഹാരികളായ ദിനോസറുകളായ സെറ്റിയോസോറസുകളുടേതാണെന്നാണ് അനുമാനിക്കുന്നത്. അഞ്ചാമത്തെ പാതയ്ക്ക് ഒന്‍പത് മീറ്ററോളം നീളമുണ്ടായിരുന്നുവെന്നും ഇത് മാംസഭുക്കുകളായ ദിനോസറുകളുടേതാണെന്നും ഗവേഷകര്‍ പറയുന്നു.
ഒരു സ്ഥലത്ത് തന്നെ ഇത്രയധികം വൈവിധ്യത്തില്‍ ദിനോസറുകളുടെ സഞ്ചാരപാത കണ്ടെത്തിയത് അതിശയകരവും അപൂര്‍വവുമാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ഗവേഷക എമ്മ നിക്കോള്‍സ് പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദിനോസര്‍ സഞ്ചാരപാത കണ്ടെത്തിയ സ്ഥലമായി ഇത് മാറിയേക്കാമെന്നും എമ്മ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്‍ററി ഈ മാസം എട്ടിന് റിലീസ് ചെയ്യും.
ചുണ്ണാമ്പുകല്ല് ഖനനത്തിനിടെ 1997 ല്‍ 40 സെറ്റോളം ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ചില സഞ്ചാരപാതകള്‍ 180 മീറ്റര്‍ നീണ്ടിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇരുപതിനായിരത്തിലേറെ ചിത്രങ്ങളാണ് ഗവേഷകര്‍ പകര്‍ത്തി സൂക്ഷിച്ചിരിക്കുന്നത്. ത്രിമാന ചിത്രങ്ങള്‍ തയ്യാറാക്കിയതിന് പുറമെ ഡ്രോണ്‍ ഉപയോഗിച്ച് ആകാശദൃശ്യങ്ങളും പകര്‍ത്തി. ദിനോസറുകള്‍ എങ്ങനെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും അവയുടെ വലിപ്പവും സഞ്ചാരത്തിന്‍റെ വേഗതയുമെല്ലാം തിരിച്ചറിയാന്‍ സഹായകമാകുമെന്നുമാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
കാലവസ്ഥയിലെ പ്രത്യേകതകള്‍ കാരണമാകാം ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മഴയും മഞ്ഞും വെയിലുമേറ്റിട്ടും നശിച്ചുപോകാതിരുന്നതെന്നും ഗവേഷകര്‍ പറയുന്നു. ചുഴലിക്കാറ്റിലോ മറ്റോ ദിനോസറിന്‍റെ കാല്‍പ്പാടുകള്‍ക്ക് മേല്‍ മറ്റ് അവശിഷ്ടങ്ങള്‍ വന്ന് പതിക്കുകയും അവ മണ്ണിനടിയില്‍ ആയിപ്പോകുകയും ചെയ്തതാവാമെന്നും വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.