ലോകത്തിലേക്കും ഏറ്റവും വലിയ അണക്കെട്ട് ബ്രഹ്മപുത്ര നദിയില്‍ നിര്‍മിക്കാന്‍ ചൈന ഒരുങ്ങുമ്പോള്‍ ചൈനയുടെ തന്നെ മറ്റൊരു സൃഷ്ടിയും ചര്‍ച്ചയാകുകയാണ്. ചൈനയുടെ ‘ത്രീ ഗോർജസ് ഡാം’ എന്ന അണക്കെട്ട്. അതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഭൂമിയുടെ കറക്കത്തെ പോലും സ്വാധീനിക്കുന്ന ഒന്നാണ് ത്രീ ഗോർജസ് ഡാം എന്നാണ് നാസ പറയുന്നത്. നാസയുടെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ത്രീ ഗോർജസ് ഡാമിനേക്കാളും വലിപ്പത്തില്‍ വരുന്ന ബ്രഹ്മപുത്രയിലെ അണക്കെട്ട് എന്തിനെയെല്ലാം സ്വാധീനിക്കുമെന്ന് കണ്ടറിയണം.

ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ യാങ്ട്സെ നദിയിലാണ് ത്രീ ഗോർജസ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണിത്. വെള്ളപ്പൊക്കം നിയന്ത്രിക്കുക എന്നതായിരുന്നു അണക്കെട്ടുകൊണ്ട് ചൈനയുടെ ലക്ഷ്യം. പതിറ്റാണ്ടുകൾ എടുത്താണ് നിർമാണം പൂർത്തിയായത്. എന്നാൽ അണക്കെട്ട് നിർമ്മിക്കപ്പെട്ടതോടെ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം 0.06 മൈക്രോ സെക്കൻഡുകൾ കുറഞ്ഞുവെന്നാണ് നാസ പറയുന്നത്. ഇത് ദിവസങ്ങളുടെ ദൈർഘ്യം വര്‍ധിപ്പിക്കുകയും ചെയ്തു. 

ത്രീ ഗോർജസ് അണക്കെട്ട് ഭൂമിയിൽ വളരെയധികം ഭാരം ചുമത്തുകയും അത് ഭൂമിയുടെ ഭ്രമണ വേഗത കുറയ്ക്കുകയുമാണ് ചെയ്യുന്നത്. കറങ്ങുന്ന വസ്തുവിന് മുകളിൽ അല്പം ഭാരം വച്ചാൽ കറക്കത്തിന്റെ വേഗം കുറയുന്നതിന് സമാനമാണിത്. ദിവസങ്ങളുടെ ദൈർഘ്യം വര്‍ധിപ്പിക്കുക മാത്രമല്ല ഭൂമിയുടെ ധ്രുവസ്ഥാനത്തെ ഏകദേശം 2 സെന്റിമീറ്റർ (0.8 ഇഞ്ച്) അണക്കെട്ട് മാറ്റുകയും ചെയ്തു. 2.3 കിലോമീറ്റർ നീളവും 115 മീറ്റർ വീതിയും 185 മീറ്റർ ഉയരവുമുണ്ട് ഈ അണക്കെട്ടിന്. 10 ട്രില്യൺ ഗാലൺ (40 ക്യുബിക്ക് കിലോമീറ്റർ) വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് അണക്കെട്ടിന്റെ റിസർവോയറിനുള്ളത്. 

വെള്ളപ്പൊക്കം നിയന്ത്രിക്കുക, വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെങ്കിലും ചില ദോഷവശങ്ങളും അണക്കെട്ടിനുണ്ടായിരുന്നു. അണക്കെട്ടിന്‍റെ റിസർവോയര്‍ നിർമിക്കാന്‍ 1.4 ദശലക്ഷം ആളുകളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്. റിസര്‍വോയിര്‍ വെള്ളത്തില്‍ ജീവിക്കുന്ന ജീവജാലങ്ങളെയും പ്രതികൂലമായി ബാധിച്ചു. കൃഷിയിടങ്ങളും നശിച്ചു. അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള ചിലവ് 25 ബില്യൺ ഡോളറായിരുന്നു എന്നാണ് കണക്കുകള്‍. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇത് 37 ബില്യൺ ഡോളർ വരെയാണെന്നാണ്.

അതേസമയം, ലോകത്തിലേക്കും ഏറ്റവും വലിയ അണക്കെട്ടാണ് ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 13700 കോടി (137 ബില്യണ്‍ യുവാന്‍) ചെലവിലാണ് അണക്കെട്ട് നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയായി ഇത് മാറും. ത്രീ ഗോര്‍ജസ് ഡാമിന്‍റെ മൂന്നുമടങ്ങാണ് പുതിയ അണക്കെട്ട്. ചൈനയിലെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് നിര്‍ദിഷ്ട പദ്ധതി പ്രദേശം. 300 ബില്യണ്‍ കിലോ വാട്ട് വൈദ്യുതി പ്രതിവര്‍ഷം ഇവിടെ നിന്നും നിര്‍മിക്കാമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. ഇത് 300 ദശലക്ഷം ജനങ്ങളുടെ വാര്‍ഷിക ഉപഭോഗത്തിന് പര്യാപ്തമാണെന്നും ചൈന കണക്കുകൂട്ടുന്നു.

ENGLISH SUMMARY:

Discover how China’s Three Gorges Dam affects Earth’s rotation, slowing it by 0.06 microseconds. Learn about its impact and the upcoming Brahmaputra mega-dam.