സൗദി അറേബ്യ മാറുകയാണ്. 2030 പിറക്കുമ്പോൾ സൗദി അറേബ്യയിലെ മാറ്റങ്ങൾ ലോകം കാണുമെന്ന് ആവർത്തിച്ചു പറയുകയാണ് സൗദി സർക്കാർ. എന്തൊക്കെയാണ് മാറ്റങ്ങൾ. ഇരുപത്തിയാറു ലക്ഷം ഇന്ത്യക്കാരുള്ള ആ രാജ്യത്തെ മാറ്റങ്ങൾ നമ്മൾ ഓരോരുത്തരും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. റിയാദ് സീസണിലൂടെ മാറുന്ന സൗദിയുടെ വേറിട്ട ഭാവങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് രാജ്യം. ഇതിനായി ഇന്ത്യയിൽ നിന്നുള്ള മാധ്യമസംഘത്തെ സൗദി അറേബ്യയിലെ മാധ്യമ മന്ത്രാലയം പ്രത്യേക ക്ഷണിച്ചു വരുത്തി. മനോരമ ന്യൂസ് സംഘവും ക്ഷണം സ്വീകരിച്ച് റിയാദിൽ എത്തിയിരുന്നു. രാജ്യത്തെ സുരക്ഷയും തൊഴിൽ സൌഹൃദ അന്തരീക്ഷവുമൊക്കെ ചർച്ചയായി
സൗദി അറേബ്യൻ സർക്കാരിന്റെ ഗ്ലോബൽ ഹാർമണി പദ്ധതി അവതരിപ്പിക്കുകയാണ് മാധ്യമ മന്ത്രാലയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നുണ്ട്. അവരെയെല്ലാം ഹൃദ്യമായാണ് ഇക്കാലമത്രയും ഈ രാജ്യം വരവേറ്റിട്ടുള്ളത്. സൗദി അറേബ്യയിൽ ജീവിക്കാൻ എത്രത്തോളം സുരക്ഷിതമാണ്. തൊഴിൽ സൌഹൃദ അന്തരീക്ഷം. അങ്ങനെ, രാജ്യത്തിന്റെ സാമൂഹിക അന്തരീക്ഷം പുറംലോകത്തിനു മുമ്പിൽ കാണിക്കുകയാണ് സൗദി അറേബ്യ. ഗ്ലോബൽ ഹാർമണി പദ്ധതിയുടെ ഉദ്ഘാടന വേദിയായ റിയാദിലെ ഹോട്ടലിൽ അതിഥികളെ വരവേറ്റത് കാനോൻ സംഗീതോപകരണം വായിച്ചാണ്. സൗദി പൌരനായ മുഹമ്മദ് ബഷാമാക്കിന്റെ സംഗീത വിരുന്ന് കാഴ്ചക്കാർക്ക് നവ്യാനുഭവമായിരുന്നു. ഗ്ലോബൽ ഹാർമണി പദ്ധതി സൗദി അറേബ്യയുടെ അഭിമാന പദ്ധതി കൂടിയാണ്. രാജ്യത്തിന്റെ പെരുമ ലോകം മുഴുവൻ എത്തിക്കുകയാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പരിപാടിയിൽ പങ്കെുത്തു. സൗദി അറേബ്യയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഡോ. സുഹേൽ അജാസ് ഖാൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആറു വർഷത്തിനകം കൂടുതൽ മാറ്റങ്ങളെന്നതാണ് പ്രത്യേകത.
മാനവിഭവശേഷി മന്ത്രാലയം സംഘടിപ്പിച്ച ഇന്ത്യൻ മാധ്യമ വിരുന്നിൽ രാജ്യത്തിന്റെ തൊഴിൽ സൌഹൃദ അന്തരീക്ഷത്തിൽ വന്ന മാറ്റങ്ങളാണ് ഉയർത്തിക്കാട്ടിയത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇതര രാജ്യക്കാരുടെ കണക്കിൽ ഏറ്റവും മുമ്പിൽ ബംഗ്ലാദേശ് ആണ്. തൊട്ടുപിന്നിലാണ് ഇന്ത്യ. 18.9 ശതമാനമാണ് ബംഗ്ലാദേശുകാർ. ഇന്ത്യക്കാർ 17 ശതമാനവും. ഈ രണ്ടു രാജ്യങ്ങളിൽ നിന്നുള്ളവരാണ് സൗദി അറേബ്യയിലെ കൂടുതൽ തൊഴിലാളികളും. ഇതര രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കൂടുതൽ ജോലി ചെയ്യുന്നതു കൊണ്ടുതന്നെ തൊഴിൽ തർക്കങ്ങളും പതിവാണ്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തർക്കം നാൽപത്തിയെട്ടു മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്നാണ് ഉറപ്പ്.
ഇന്ത്യയിൽ നിന്ന് ഇരുപത്തിയാറു ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നതു കൊണ്ടുതന്നെ അവരുടെ മക്കൾക്കു പഠിക്കാൻ മികച്ച അന്തരീക്ഷം ഒരുക്കുകയാണ് സർക്കാർ. രാജ്യത്താകമാനം ഇരുപത് സി.ബി.എസ്.ഇ. സ്കൂളുകൾ പ്രവർത്തിക്കുന്നു. ദമാമിലെ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നത് ഇരുപതിനായിരം പേരാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള വിദ്യാലയം ദമാമിലേതാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ രീതി സൌദി അറേബ്യയിലും പിൻതുടരാൻ അനുവദിക്കുവെന്നതാണ് പ്രത്യേകത. ഇന്ത്യക്കാരായ അധ്യാപികമാർക്കും അതുവഴി സ്കൂളുകളിൽ ജോലി ലഭിക്കുന്നു. ഇന്ത്യക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ഇന്ത്യൻ എംബസി ആത്മാർഥമായി പരിശ്രമിക്കുന്നുണ്ട്. ഇന്ത്യൻ ഡോ. സുഹേൽ അജാസ് ഖാൻ ഇന്ത്യൻ മാധ്യമ സംഘത്തിനായി വിരുന്നൊരുക്കിയിരുന്നു. റിയാദിലെ എംബസി ഓഫിസിലായിരുന്നു വിരുന്ന്. മനോരമ ന്യൂസ് സംഘം ഉൾപ്പെടെയുള്ള മുപ്പതംഗ ഇന്ത്യൻ മാധ്യമസംഘം വിരുന്നിൽ പങ്കെടുത്തു. ഡപ്യൂട്ടി ഹൈക്കമീഷണർ അബു മാത്തൻ ജോർജ് കോട്ടയം സ്വദേശിയാണ്. ഇന്ത്യ, സൌദി അറേബ്യൻ ബന്ധം അത്രേയേറെ ഊഷ്മളമാണെന്ന് ഹൈക്കമീഷണർ പറഞ്ഞു.ഇന്ത്യയുടെ യോഗയെ സൌദി അറേബ്യയിലെ പ്രശസ്തമാക്കിയ വനിതയേയും ഇന്ത്യൻ മാധ്യമസംഘം കണ്ടു. നൌഫ് അൽ മർവായ്. സൌദി വനിത. സൌദി അറേബ്യയിലെ യോഗ ഫെഡറേഷന്റെ സ്ഥാപകയാണ്. ഇന്ത്യ പത്മശ്രീ നൽകിയാണ് ഈ വനിതയെ ആദരിച്ചത്. രാജ്യം മുഴുവൻ യോഗ പരിശീലിപ്പിക്കുയാണ് നൌഫ് അൽ മർവായ്. യോഗ പരിശീലിച്ചവർക്കെല്ലാം മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് നൌഫ് അൽ മർവായ് മനോരമ ന്യൂസിനോട് പറഞ്ഞു.