10 സെന്റ് മുതൽ 5 ഏക്കർ വരെ കൃഷി ചെയ്യുന്ന കർഷകർക്ക് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വഴിയായും കേന്ദ്ര സർക്കാരിലെ കൃഷി മന്ത്രാലയത്തിന്റെ വിവിധ പദ്ധതികൾ പ്രകാരവും ധനസഹായമുൾപ്പെടെ വിവിധ തരത്തിലുള്ള ആനുകൂല്യങ്ങൾ ഇന്ന് ലഭ്യമാണ്.
നെൽകൃഷിയുടെ അളവ് ഗണ്യമായി കുറഞ്ഞതു കൊണ്ടും തരിശു പാടങ്ങളുടെ അളവ് വർധിച്ചത് മൂലവും ഇന്ന് ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്ന ഒരു വിളയാണ് നെൽകൃഷി . ഒരു ഹെക്ടറിന്, Sustainable Development of Rice പദ്ധതി വഴി 1000 രൂപ ധനസഹായം ലഭിക്കും. കൂടാതെ Rashtriya Krishi Vikas Yojana പദ്ധതിയിൽ 4500 രൂപയുടെയും ജനകീയാസൂത്രണ പദ്ധതിയിൽ കൂലിച്ചെലവ് ഇനത്തിൽ ഹെക്ടറിന് 17000 രൂപയുടെയും ധനസഹായമുണ്ട്. ഇതിനു പുറമെ ഉത്പാദന ബോണസ് ആയി ഹെക്ടറിന് ആയിരം രൂപയും കർഷകർക്ക് നൽകുന്നു.
തരിശു നിലത്തിലാണ് നെൽകൃഷിയെങ്കിൽ ഹെക്ടറിന് 25000 രൂപ വരെ സബ്സിഡിയായി ലഭിക്കും. കൂടാതെ സ്ഥലം വിട്ടു നൽകുന്ന ഉടമക്ക് 5000 രൂപ പ്രോത്സാഹനമായും നൽകും. പല പഞ്ചായത്തുകളും നിലവിൽ ഉത്പാദന ശേഷി കൂടിയ വിത്തുകൾ സൗജന്യമായി കർഷകർക്ക് നൽകുന്നുണ്ട്. വിവിധ പദ്ധതികൾ വഴി നെൽകൃഷിക്കാവശ്യമായ കുമ്മായം 75% സബ്സിഡിയോടെയും സൂക്ഷ്മമൂലകങ്ങൾ അമ്പത് ശതമാനം നിരക്കിലും നെൽ കർഷകർക്ക് കൃഷി ഭവനുകൾ വഴി നൽകുന്നു. കൃത്യമായി പദ്ധതികൾ ഉപയോഗപ്പെടുത്തുന്ന കർഷകന് നിലവിൽ നെൽകൃഷിയുടെ ഉല്പാദന ചെലവിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ഇന്ന് ലഭിക്കുന്നുണ്ട്.
പച്ചക്കറി കൃഷിയിൽ ജനകീയം പദ്ധതി വഴി ഹെക്ടറിന് പതിനേഴായിരം രൂപയും ക്ലസ്റ്റർ രൂപീകരിച്ചു കൃഷി ചെയ്യുന്നതിന് പതിനയ്യായിരം രൂപയുടെയും ധനസഹായമുണ്ട്. 5 ഹെക്ടർ സ്ഥലം ചേരുന്നതാണ് ഒരു ക്ലസ്റ്റർ. കുമ്മായത്തിന് 75% വും സൂക്ഷ്മ മൂലകങ്ങൾക്ക് 50% വും സബ്സിഡി നെല്ലിന്റെ അതേ കണക്കിൽ തന്നെ ലഭിക്കും. കൂടാതെ State Holticulture Mission പദ്ധതിയിൽ ഹൈബ്രിഡ് വിത്തുകൾ കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടറിന് 20000 രൂപയുടെയും ധനസഹായമുണ്ട്. തരിശ് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യുന്നതെങ്കിൽ തരിശ് നെൽകൃഷിക്ക് ലഭ്യമാകുന്ന അതേ ആനുകൂല്യങ്ങൾ തന്നെ ലഭിക്കും.
വാഴകൃഷി ചെയ്യുന്ന കർഷകർക്ക് SHM പദ്ധതി വഴി ഒരു വാഴക്ക് 10.50 രൂപ നിരക്കിൽ ഹെക്ടറിന് 26,250 രൂപയുടെ സബ്സിഡിയുണ്ട്. ഇനി ടിഷ്യുകൾച്ചർ വാഴയാണ് കൃഷിചെയ്യുന്നതെങ്കിൽ ഹെക്ടറിന് 37,500 രൂപയായി ധനസഹായം വർദ്ധിക്കും. കൂടാതെ ജനകീയം പദ്ധതി വഴിയായി 75% സബ്സിഡിയിൽ കുമ്മായവും ജൈവവളങ്ങളും വാഴ കൃഷി ചെയ്യുന്ന കർഷകർക്ക് ലഭ്യവുമാണ്.
തെങ്ങ് കൃഷിക്കുമുണ്ട് ആനുകൂല്യങ്ങൾ. കേരശ്രീ, കേരഗ്രാമം പദ്ധതികൾ വഴിയാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. തെങ്ങ് തടം തുറക്കാൻ ഒന്നിന് 35 രൂപ പണമായിട്ടും കുമ്മായം, കീടനാശിനികൾ, ജൈവ , രാസവളങ്ങൾ എന്നിവ കൃഷി ഭവനുകൾ വഴി സബ്സിഡിയോടെയും നൽകുന്നുണ്ട്. തെങ്ങിന്റെ ഇടവിള കൃഷിക്കുള്ള വിത്തടക്കമുള്ള കിറ്റുകളും കർഷകർക്ക് സൗജന്യമായി തന്നെ ലഭിക്കും.
ഇഞ്ചി മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്ന കർഷകർക്ക് SHM വഴിയായി 12,000 രൂപ വരെ ഹെക്ടറിന് ധനസഹായമുണ്ട്. കൂടാതെ കുരുമുളക് കൃഷി വ്യാപനത്തിനും SHM ഹെക്ടറിന് 20,000 രൂപ ധനസഹായം നൽകും. കുരുമുളകുവള്ളികൾ സൗജന്യമായി എല്ലാവർഷവും കൃഷി ഭവനുകൾ വഴി കർഷകർക്ക് വിതരണം ചെയ്യാറുണ്ട്. കുരുമുളക് വള്ളി വാങ്ങുന്നതിനും പരിപാലനത്തിനും ഉൾപ്പെടെയാണ് സബ്സിഡി. SHM പദ്ധതിയുടെ ഭാഗമായി പ്ലാവ് കൃഷി വ്യാപനത്തിന് 18,000 രൂപയും പാഷൻ ഫ്രൂട്ടിന് 24,000 രൂപയും ജാതി കൃഷിക്ക് 20,000 രൂപയും ഹെക്ടറിന് ധനസഹായം ലഭിക്കും.
ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയ പൂകൃഷിക്ക് 1000 ചെടികൾ ഉൾപെടുന്ന ഒരു യൂണിറ്റിന് 40,000 രൂപ സബ്സിഡി ലഭിക്കും. ഇങ്ങനെ ഒരു കർഷകന് 2 യൂണിറ്റിന് വരെ ധനസഹായം ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ മുല്ല, ബെന്തി തുടങ്ങിയ പൂ കൃഷിക്ക് 16,000 രൂപയും ഹെക്ടറിന് ആനുകൂല്യം ലഭ്യമാണ്.
ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി ചെയ്യുന്നതിനുവേണ്ടി സൗജന്യമായി വിത്തുകളും തൈകളും കൃഷി ഭവനുകൾ വഴി കക്ഷകർക്ക് വിതരണം ചെയ്യാറുണ്ട്. ഇതിനു പുറമേ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി പച്ചക്കറി കിറ്റുകളും കൃഷി വകുപ്പ് വിതരണം ചെയ്തു വരുന്നു.
അത്യാധുനിക രീതിയിലുള്ള കൃഷി രീതികൾക്ക് മികച്ച സാമ്പത്തിക സഹായം തന്നെ നൽകപ്പെടുന്നുണ്ട്. മഴമറകൾക്കും പോളി ഹൗസുകൾക്കും തിരിനന, ഡ്രിപ്പ് ഇറിഗേഷൻ, അക്വാപോണിക്സ് ,ഹൈഡ്രോപോണിക്സ് എന്നിങ്ങനെയുള്ള നൂതന കൃഷി മാർഗങ്ങൾക്കും നല്ല രീതിയിലുള്ള ധനസഹായം വിവിധ പദ്ധതികൾ വഴി ലഭ്യമാണ്.
കൂടാതെ കാലാവസ്ഥകൾക്ക് അനുസൃതമായി കൃഷി ചെയ്യുന്ന വിളകൾക്ക് പ്രത്യേകമായ സ്കീമുകളും കാര്യങ്ങളും കൃഷിവകുപ്പ് നൽകാറുണ്ട്. ഉദാഹരണമായി ഇടുക്കി ജില്യിൽ കൃഷിചെയ്യുന്ന വെളുത്തുള്ളി, കൊക്കോ, ഏലം, സ്ട്രോബറി തുടങ്ങിയവയ്ക്കും ശീതകാല വിളകൾക്കും ഒക്കെയായി വിവിധതരം പദ്ധതികൾ കൃഷി വകുപ്പ് കാലാകാലങ്ങളിൽ ആസൂത്രണം ചെയ്യാറുണ്ട്.
കർഷകർക്ക് മികച്ച രീതിയിൽ സേവനങ്ങൾ നൽകാൻ അഗ്രോ സർവീസ് സെൻററുകൾ , കാർഷിക കർമ്മസേന എന്നിവയും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ എക്കോ ഷോപ്പുകളും എ ഗ്രേഡ് ക്ലസ്റ്റർ പച്ചക്കറി ചന്തകളും ആഴ്ച ചന്തകളും കൃഷിവകുപ്പ് ഈയടുത്തായി തുടങ്ങിയ മികച്ച പദ്ധതികളാണ്. പ്രകൃതിദുരന്തമടക്കമുള്ള വിളനാശങ്ങൾക്ക് നഷ്ടപരിഹാര തുകകളും കൂടാതെ വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ പദ്ധതികളും നടപ്പാക്കുന്നുമുണ്ട് കൃഷി വകുപ്പ്.