thiruvanchoor-radhakrishan

 

വൈരനിര്യാതനബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു സര്‍ക്കാരിനും ഭൂഷണമാകില്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരോപണങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യും. സോളര്‍ കേസുമായി മുന്നോട്ടുപോയാല്‍ വിനാശകാലേ വിപരീതബുദ്ധി എന്ന അവസ്ഥയാകും സര്‍ക്കാരിനെന്നും തിരുവഞ്ചൂര്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.

 

1. സോളര്‍ കേസ് അന്വേഷണം ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താങ്കള്‍ അട്ടിമറിച്ചു എന്നാണ് സോളര്‍ കമ്മിഷന്‍റെ നിഗമനം, കുടുങ്ങില്ലേ ?

∙അന്വേഷണം അട്ടിമറിച്ചു എന്ന് പറയേണ്ടത് അന്വേഷണ ഉഗ്യോഗസ്ഥരാണ്. ഇതുവരെ അവര്‍ അങ്ങനെയൊരു മൊഴി കൊടുത്തിട്ടില്ല. മാത്രമല്ല, ആ സമയത്തെ പരാതികളിലാണ് 33 കേസുകള്‍ സരിതയ്ക്കെതിരെ എടുത്തതും, ചിലരെ ശിക്ഷിക്കുകയും ചെയ്തത്. 

 

‌അന്വേഷണ കമ്മിഷന് മുന്നില്‍ മൊഴി കൊടുത്തിട്ടുള്ള ആരും അന്വേഷണ കമ്മിഷനെ കുറ്റപ്പെടുത്തിയിട്ടില്ല മാത്രമല്ല സോളര്‍ കേസ് അന്വേഷണം കൃത്യമായിരുന്നുവെന്ന് രണ്ട് ഹൈക്കോടതി വിധികളും വന്നിട്ടുണ്ട്. ഞാന്‍ അന്വേഷണം അട്ടിമറിച്ചു എന്ന് പറയുന്നതിനെ സാധൂകരിക്കുന്ന മൊഴികളൊ തെളിവുകളോ ഒന്നും തന്നെയില്ല, പിന്നെ എങ്ങനെയാണ് അന്വേഷണം അട്ടിമറിച്ചു എന്ന് പറയുക. 

 

സോളര്‍ അന്വേഷണസംഘത്തെ രൂപീകരിക്കുന്നതില്‍ എനിക്ക് പങ്കുണ്ട്. 33 കേസോളം റജിസ്റ്റര്‍ ചെയ്തു, ഈ പരാതിക്കാരില്‍ ഒരാള്‍ പോലും പറഞ്ഞിട്ടില്ല ഈ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വേണ്ടി ആഭ്യന്തരമന്ത്രിയായിരുന്ന ഞാന്‍ ഇടപെട്ടു എന്ന്. കോടതി വിധികളും അന്വേഷണത്തെ പൂര്‍ണമായും ശരിയാണെന്ന തരത്തിലുള്ളതാണ്. 

 

2. ഉമ്മന്‍ ചാണ്ടി സരിതയെ അറിയില്ലെന്നാണ് പറഞ്ഞത്, എന്നാല്‍ പിന്നീട് മൂന്നുതവണ കണ്ടു എന്ന് സമ്മതിച്ചതായി കമ്മിഷന്‍ തന്നെ കണ്ടെത്തി. അപ്പോള്‍ ഉമ്മന്‍ ചാണ്ടി കള്ളം പറഞ്ഞില്ലേ, എന്ത് മറുപടിയുണ്ട് അതില്‍ ?

∙അന്വേഷണസംഘം എല്ലാം പരിശോധിച്ചിട്ടുണ്ട്, ഈ സംഘത്തെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടുമില്ല. സോളര്‍ പദ്ധതി 2011ല്‍ ഇടതുപക്ഷത്തിന്‍റെ കാലത്താണ് ആരംഭിച്ചത്. ഈ സോളര്‍ വിപുലീകരിക്കുന്നതില്‍ തട്ടിപ്പ് കണ്ടെത്തിയ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഉത്തരവാദികളെ ചില കേസുകളിലെങ്കിലും ശിക്ഷിക്കുകയും ചെയ്തു. ബാക്കി കേസുകള്‍ കോടതിയില്‍ കിടക്കുകയാണ്. സമൂഹത്തില്‍ മുന്‍പോട്ട് പോകുമ്പോള്‍ നാം പല ആളുകളെയും കാണും, ഒരിക്കല്‍ കണ്ടു എന്ന പേരില്‍ വ്യക്തി പരിചയം ഉണ്ടെന്നൊക്കെ പറയുന്നത് തെറ്റാണ്. 

 

3. ടേംസ് ഓഫ് റഫറന്‍സിന് പുറത്തേക്ക് കമ്മിഷന്‍ പോയി എന്ന ആക്ഷേപം ഉന്നയിക്കുന്നു യു.ഡി.എഫ്. ഉമ്മന്‍ ചാണ്ടി തന്നെയാണ് പറഞ്ഞത് സഭയ്ക്കുള്ളിലും പുറത്തും ഉണ്ടായ എന്ത് കാര്യവും അന്വേഷിച്ചോളൂ എന്ന്, ആ തീരുമാനം അബദ്ധമായിപ്പോയില്ലേ ?

∙ഇന്നും ഉമ്മന്‍ ചാണ്ടിയുടെ ആത്മവിശ്വാസത്തിന് കോട്ടം സംഭവിച്ചിട്ടില്ല. കമ്മിഷനെ നിയോഗിക്കുന്നത് ഗവണ്‍മെന്‍റ് പറഞ്ഞിരിക്കുന്ന ടേംസ് ഓഫ് റഫറന്‍സിനകത്തുനിന്നുകൊണ്ട് തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന നിയന്ത്രിത അധികാരം ഉപയോഗിച്ച് അന്വേഷിക്കുക എന്നതിനുവേണ്ടിയാണ്. കമ്മിഷന്‍ സ്വന്തം നിലയില്‍ പുതിയൊരു ടേംസ് ഓഫ് റഫറന്‍സ് കൊണ്ടുവരികയും ചെയ്തു. ഇത് ശരിയല്ല. 

 

4. ലൈംഗിക ആരോപണത്തിലെ അന്വേഷണം മുന്‍പോട്ട് കൊണ്ടുപോകുന്നതില്‍ സര്‍ക്കാരിന് മുന്നില്‍ എന്തെങ്കിലും തടസ്സമുണ്ടോ ? 

∙കമ്മിഷന്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് സരിത നായര്‍ എന്ന വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. സോളര്‍ തട്ടിപ്പിലാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. പ്രതിപ്പട്ടികയില്‍ വരേണ്ടയാളെ ഇപ്പോള്‍ വാദിഭാഗത്താണ് വച്ചിരിക്കുന്നത്. തട്ടിപ്പുകേസ് എന്നുള്ളത് മാറി ആ കേസിനകത്തെ പ്രതിഭാഗത്തുള്ള ആള്‍, അവര്‍ കൊടുത്ത ഒരു കത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നേരെ തലതിരിഞ്ഞു. 

 

5. പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ അതിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കുണ്ട്, അതാണ് താങ്കള്‍ ചെയ്തതെന്ന് വാദിക്കുന്നുണ്ടോ ?

∙പാര്‍ട്ടിയെയും സര്‍ക്കാരിനെയും രക്ഷിക്കുക എന്നാല്‍ അതിന്‍റെയര്‍ഥം ക്രിമിനല്‍ കേസില്‍ ഇടപെട്ട് അത് വളച്ചൊടിച്ച് പാര്‍ട്ടിക്ക് അനുകൂലമാക്കുക എന്നല്ല. 

 

6. എ ഗ്രൂപ്പില്‍നിന്ന് തന്നെ താങ്കള്‍ ഒറ്റപ്പെടുകയാണ്, ഈ സംഭവത്തിനുശേഷം ഉണ്ടായത്, സംസ്ഥാന പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് താങ്കളെ നിയമിച്ചില്ല. ഇതിന്‍റെയര്‍ഥം താങ്കളില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നല്ലേ ? 

∙പല കാര്യങ്ങളെ ഒരുമിപ്പിക്കേണ്ട കാര്യമില്ല, പ്രതിഫലം ആഗ്രഹിച്ച് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളല്ല, തുടരുന്നയാളുമല്ല ഞാന്‍. കേരളത്തിലെ കോണ്‍ഗ്രസിനകത്തെ ജീവന്‍-മരണ പ്രശ്നത്തിനിടയ്ക്ക് എന്നെപ്പോലെയുള്ള ഒരാള്‍ എടുക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, അതില്‍ ഒരു പക്വതയോടെയുള്ള തീരുമാനം എടുക്കാനെ ഞാന്‍ ശ്രമിച്ചിട്ടുള്ളു. കെ.എസ്.യു. പ്രസിഡന്‍റ് ആയിരുന്ന കാലത്ത് മുതലെ ഞാന്‍ തീരുമാനം എടുക്കൂവെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. 

 

7. ഈ കേസിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടി എന്താണ് താങ്കളോട് പറഞ്ഞത് ?, ഉമ്മന്‍ ചാണ്ടിയുടെയും മറ്റുള്ളവരുടെയും രാഷ്ട്രീയഭാവി എങ്ങനെയാണ് ?

∙ഏത് രൂപത്തിലാണെങ്കിലും നിയമം വിട്ട് ഒന്നിനും പോകരുത് എന്നാണ് ഉമ്മന്‍ ചാണ്ടി എന്നോട് പറഞ്ഞത്. അറിഞ്ഞോ അറിയാതെയൊ നിയമത്തിന്‍റെ വശത്തിനപ്പുറത്തേക്ക് പോകാന്‍ ശ്രമിക്കരുത് എന്നും എന്നോട് പറഞ്ഞിട്ടുണ്ട്. 

ഈ ആരോപണം ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെ ഒരു തരത്തിലും ബാധിക്കില്ല. തുടര്‍ച്ചയായി 50 വര്‍ഷമായി കേരള നിയമസഭയിലേക്ക് പുതുപ്പള്ളിയില്‍നിന്ന് ജയിച്ചുവരുന്ന ജനപ്രതിനിധിയാണ് ഉമ്മന്‍ ചാണ്ടി, രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നയാളാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ കൃത്യമായി അറിയാവുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ രാഷ്ടീയഭാവിയെ പന്താടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. 

 

8. കമ്മിഷന്‍റെ വിശ്വാസ്യതയെപ്പറ്റി നിങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടോ ?

∙കമ്മിഷന് മുന്നില്‍ എത്തിയ കാര്യങ്ങളെപ്പറ്റി അന്വേഷിക്കാനാണ് കമ്മിഷനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ കമ്മിഷന്‍ അതിനപ്പുറമുള്ള കാര്യങ്ങളാണ് അന്വേഷിച്ചത്. കമ്മിഷന്‍ അങ്ങനെ ചെയ്യാമായിരുന്നോ ഇല്ലയൊ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഞങ്ങള്‍ എന്ത് പറഞ്ഞാലും അത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ആക്ഷേപം വരും, അതുകൊണ്ട് കോടതി തന്നെ തീരുമാനിക്കട്ടെ. 

കമ്മിഷന്‍റെ രൂപീകരണത്തെ ഞങ്ങള്‍ ചോദ്യംചെയ്യില്ല, എന്നാല്‍ കമ്മിഷന്‍ അധികാരപരിധി വിട്ടോ ഇല്ലയൊ എന്ന് ഞങ്ങള്‍ ചോദ്യം ചെയ്യും. നിശ്ചയിക്കപ്പെട്ടിരുന്ന കാര്യത്തില്‍നിന്ന് വ്യതിചലിച്ച് കമ്മിഷന്‍ പോയിട്ടുണ്ടെങ്കില്‍ ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ ഒരു വ്യവസ്ഥയുണ്ട്, അതിലൂടെ ഞങ്ങള്‍ പോകും.