തൃക്കാക്കരയുടെ പാഠമെന്താണ്? മനുഷ്യരെ കബളിപ്പിക്കാമെന്നു കരുതരുത്, വോട്ടര്‍മാരുടെ സാമാന്യബുദ്ധിയെ കുറച്ചു കാണരുത്.   അത്രയും ലളിതമായ പാഠമാണത്. മതത്തെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയഅജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ മനസിലാവാത്ത പാവങ്ങളാണ് വോട്ടര്‍മാര്‍ എന്നു ആത്മവിശ്വാസം കൊള്ളരുത്. പ്രലോഭനങ്ങളില്‍ മയക്കി വോട്ടര്‍മാരെ മാനിപ്പുലേറ്റ് ചെയ്യാമെന്നു കരുതരുത്. വികസനമെന്നാല്‍ ഞങ്ങള്‍ തീരുമാനിക്കുന്നതും നിങ്ങള്‍ അനുസരിക്കേണ്ടതുമായ ഒരു സംഗതിയാണ് എന്ന ധാര്‍ഷ്ട്യവുമായി ജനങ്ങളെ സമീപിക്കരുത്. തൃക്കാക്കരയിലെ ജനവിധി ജനാധിപത്യത്തിന് കൂടുതല്‍ കരുത്തുപകരുന്നത് തന്നെയാണ്. വിജയം പഠിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിനും തോല്‍വിയെ നിസാരവല്‍ക്കരിച്ചു ന്യായീകരിക്കുന്ന സി.പി.എമ്മിനും കെട്ടിവച്ച കാശു പോലും കിട്ടാതെ മടങ്ങുന്ന ബി.ജെ.പിക്കുമെല്ലാം തൃക്കാക്കര നല്ലപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നുണ്ട്. 

തൃക്കാക്കര ഇളകിയില്ലെന്നു മാത്രമല്ല, അടിയുറച്ച വിശ്വാസത്തോടെ യു.ഡി.എഫിനൊപ്പം തുടരാന്‍ തീരുമാനിച്ചു. സഹതാപതരംഗമെന്ന് ആക്ഷേപിച്ചാലോ കൊച്ചിയുടെ വിധിയെന്നു പരിഹസിച്ചാലോ അവഗണിക്കാനാകാത്ത സൂചനകളുമായി തൃക്കാക്കര വിധിയെഴുതി. പി.ടി.തോമസിനോടുള്ള വൈകാരികത വോട്ടായിട്ടുണ്ടെന്നുറപ്പ്. പക്ഷേ കാല്‍ലക്ഷം കവിഞ്ഞ ഭൂരിപക്ഷം മുഖ്യമന്ത്രി നേരിട്ടു നയിച്ച ഇടതുമുന്നണിക്കുള്ള രാഷ്ട്രീയമായ തിരിച്ചടി തന്നെയാണ്. തൃക്കാക്കര തിരിച്ചുപിടിച്ചത് യു.ഡി.എഫിന്റെ ജീവശ്വാസം കൂടിയാണ്. ആത്മവിശ്വാസത്തിന്റെ തിരിച്ചുവരവില്ലാതെ മുന്നോട്ടൊരു വഴി കാണാതെ പ്രതിസന്ധിയിലായിരുന്ന യു.ഡി.എഫിനും കോണ്‍ഗ്രസിനും വലിയ പിടിവള്ളിയാണ് തൃക്കാക്കര. 

തൃക്കാക്കരപ്പോരിന് നേരിട്ടു നേതൃത്വം നല്‍കിയ പ്രതിപക്ഷനേതാവിന്റെ ഈ പ്രതികരണമാണ് സത്യത്തില്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പു വിധിയേക്കാള്‍ ഊര്‍ജം പകരേണ്ടത്. വിജയത്തില്‍ മതിമറന്നു പോകാതെ പുതിയ നേതൃത്വം പറയുന്നത് ഈ വിജയം പഠിക്കാമെന്നാണ്. ഇതെങ്ങനെ ആവര്‍ത്തിക്കാം എന്നു മാത്രമല്ല, എവിടെ മുതലാണ് ജനങ്ങളുമായി അകന്നു പോയതെന്ന്, അടിസ്ഥാനരാഷ്ട്രീയപ്രവര്‍ത്തനം ആര്‍ക്കു വേണ്ടിയായിരിക്കണമെന്ന് എല്ലാം തിരിച്ചറിയാമെന്ന ആഹ്വാനമാണ് വി.ഡി.സതീശന്‍ സ്വന്തം പാര്‍ട്ടിയോട് നടത്തുന്നത്.

വളരെ എളുപ്പത്തില്‍ വ്യക്തിപരമായ നേട്ടമായി ഏറ്റെടുത്തു സ്വന്തം അധികാരബലം ഉറപ്പിക്കുന്ന പതിവു കോണ്‍ഗ്രസ് കാഴ്ചയില്‍ നിന്ന് വ്യത്യസ്തമായ വാക്കുകള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ട്. പക്ഷേ ദേശീയതലത്തില്‍ തന്നെ വെല്ലുവിളികള്‍ സ്വയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് സംസ്ഥാനമാകെ ഒരു തിരിച്ചുവരവിന് ഒരു തൃക്കാക്കരയുടെ ഊര്‍ജം മാത്രം മതിയാകില്ല. അടിത്തട്ടു മുതല്‍ പുനര്‍നവീകരണം തുടരണം. തൃക്കാക്കരയില്‍ ഒരു മാസം നിലനിര്‍ത്തിയ ഒരുമയും ഐക്യവും തുടരാനാകണം. കോണ്‍ഗ്രസിന് എന്ത് അധാര്‍മിക സമുദായപ്രീണനവുമാകാം എന്ന കീഴ്‍വഴക്കത്തില്‍ നിന്നു പിന്‍വാങ്ങണം. കേരളത്തിന്റേതായ പ്രത്യേകതകളില്‍ വിശ്വാസമര്‍പ്പിച്ചു തന്നെ രാഷ്ട്രീയനിലപാടുകളില്‍ ആവശ്യമായ തിരുത്തലും പരിഷ്കരണവും സ്വീകരിക്കണം. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയരുന്ന വെല്ലുവിളികള്‍ക്ക് ഫലപ്രദമായ അന്തിമപരിഹാരമുണ്ടാകണം. ഒന്നും എളുപ്പമല്ല, പക്ഷേ അസാധ്യമല്ലെന്ന് തൃക്കാക്കര ആത്മവിശ്വാസം നല്‍കും. ശക്തമായ പ്രതിപക്ഷവും ജനങ്ങളുടെ അവകാശമാണ്. 

യു.ഡി.എഫിന്റെ ഉറച്ച കോട്ട ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ നിലനിര്‍ത്തിയെന്നല്ലാതെ എന്തു സംഭവിച്ചു എന്നു ചോദിക്കുന്നത് ദയനീയമായ പരാജയം ഉള്‍ക്കൊള്ളാനാകാത്തവര്‍ മാത്രമാണ്. തൃക്കാക്കരയില്‍ ഒരു പാടു കാര്യങ്ങള്‍ സംഭവിച്ചു. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഇരുമുന്നണികളും രാഷ്ട്രീയമല്‍സരത്തിലല്ല സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ പ്രതീക്ഷയര്‍പ്പിച്ചത്. പക്ഷേ ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായി. ആഘാതമേറിയ പ്രഹരമായി. ഒരു മാസം നീണ്ട അഭൂതപൂര‍്‍വമായ പ്രചാരണയുദ്ധത്തിനു ശേഷം ഈ മണ്ഡലം ഞങ്ങളുടേതല്ല എന്ന രാഷ്ട്രീയനിരാശയില്‍ ഒതുക്കാവുന്ന പ്രഹരവുമല്ല കിട്ടിയത്. കൃത്യം ഒരു വര്‍ഷം മുന്‍പ് നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കോട്ടകൊത്തളങ്ങള്‍ പോലുമിളക്കി ചരിത്രപരമായ തുടര്‍ഭരണം നേടിയ ഇടതുമുന്നണിയോട് തൃക്കാക്കര എന്തു പറഞ്ഞു? ആ ജനവിധിയില്‍ നിന്ന് സി.പി.എം കേള്‍ക്കുന്നതെന്താണ്?

പ്രചാരണത്തില്‍ ഒരു പാളിച്ചയുമുണ്ടായില്ലെന്ന് മുന്നണി കണ്‍വീനര്‍ക്കുറപ്പുണ്ടെങ്കില്‍ പോളിങ് ബൂത്തില്‍ പിന്നെങ്ങനെയാണ് പാര്‍ട്ടിക്ക് ഇത്രമേല്‍ പാളിയത്? ആകെയുള്ള 239 ബൂത്തുകളില്‍ 24 ബൂത്തുകളില്‍  മാത്രമാണ് ഇടതുമുന്നണിക്ക് നേരിയ ലീഡെങ്കിലും നേടാനായത്. 2021ല്‍ എഴുപതിലേറെ ബൂത്തുകളില്‍ ഇടതുമുന്നണി മുന്നിലായിരുന്നു. രണ്ടായിരത്തിലേറെ വോട്ടുകള്‍ കൂടുതല്‍ കിട്ടിയത് നേട്ടമല്ലേയെന്ന് ചോദിക്കുന്നവര്‍ക്ക് ഡോ.സെബാസ്റ്റ്യന്‍ പോള്‍ തന്നെ മറുപടി കൊടുക്കുമായിരിക്കും. ഒരു പ്രചണ്ഡ‍പ്രചാരണത്തിന്റെപിന്തുണയുമില്ലാതെ അദ്ദേഹം ഇടതുസ്ഥാനാര്‍ഥിയായ മല്‍സരിച്ച പി.ടിയുടെ ആദ്യ തൃക്കാക്കരപ്പോരില്‍ ഇടതുവോട്ട് 49000 കടന്നിരുന്നു. അവിടെയാണ് ഇത്തവണ മുഖ്യമന്ത്രി നേരിട്ടു നടത്തിയ പ്രചാരണത്തിനൊടുവില്‍ ഡോ.ജോ ജോസഫ് 47,754 വോട്ടിലൊതുങ്ങിയത്. സഹതാപതരംഗമെന്നും യു.ഡി.എഫിന്റെ കുത്തകമണ്ഡലമെന്നും എത്ര ന്യായീകരിച്ചാലും ഇടതുമുന്നണി തലയുയര്‍ത്താന്‍ പാടുപെടുന്നത് വോട്ടര്‍മാരുടെ രാഷ്ട്രീയപ്രഹരം തിരിച്ചറിഞ്ഞു തന്നെയാണ്. 

തൃക്കാക്കരയില്‍ സി.പി.എമ്മിനു പറ്റിയ ഏറ്റവും വലിയ പാളിച്ച ജനങ്ങളുടെ സാമാന്യബോധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ്. സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ പ്രചാരണതന്ത്രങ്ങളില്‍ വരെ കാണിച്ച കാപട്യവും കൗശലവും മനസിലാക്കാന്‍ ബോധമില്ലാത്തരാണ് തൃക്കാക്കരക്കാരെന്ന് പാര്‍ട്ടി കരുതി. വികസനം എന്ന ഒറ്റവാക്കിന്റെ പ്രലോഭനത്തില്‍ സര്‍വം മറന്നു വീഴേണ്ടതാണ് ജനാധിപത്യബോധമെന്ന് അമിതആത്മവിശ്വാസവും പ്രകടിപ്പിച്ചു.  പുറത്തെങ്ങനെ പ്രതികരിച്ചാലും ജനവിധിയെക്കുറിച്ച് സത്യസന്ധമായ പരിശോധന നടത്താന്‍ സി.പി.എം തയാറായേ പറ്റൂ. 

തൃക്കാക്കരയില്‍ സി.പി.എം ഇടതുപക്ഷരാഷ്ട്രീയത്തിനു വിരുദ്ധമായ നയങ്ങളും അടവുകളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മുന്നില്‍ വച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഇത് പ്രകടമായി. പാര്‍ട്ടിക്കു ശക്തിയില്ലാത്ത മണ്ഡലങ്ങളില്‍ നേരത്തെ അല്‍പം ഒളിവും മറവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ തൃക്കാക്കരയില്‍ അതിന്റെ പോലും ആവശ്യമില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാന്‍ പാര്‍ട്ടിയൊന്നാകെ സമുദായനേതൃത്വത്തിന്റെ സ്ഥാപനത്തിലേക്കു ചെന്നു, സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി ചരിത്രത്തിലാദ്യമായി ഒരു സമുദായസ്ഥാപനത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഉന്നം തൃക്കാക്കരയില്‍ നിര്‍ണായക ശക്തിയായ ക്രൈസ്തവവോട്ട് ബാങ്കാണെന്ന് ഒരു കുഞ്ഞിനും മനസിലാവെന്ന് വിശ്വസിക്കാന്‍ മാത്രം മൂഢമായ ആത്മവിശ്വാസം സി.പി.എമ്മിനുണ്ടായി. 

മതവും സഭയും ഒന്നല്ലെന്ന് വിശ്വാസികളല്ലാത്തവര്‍ക്കും ബോധമുണ്ടാകുമെന്ന് സി.പി.എം തിരിച്ചറിഞ്ഞില്ല. മതവിശ്വാസികളുടെ വോട്ടാണ് ഈ സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ ആദ്യഉന്നമെന്ന് ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയവരെയെല്ലാം സഭയെ പറയുന്നേ എന്ന് പേടിപ്പിക്കാന്‍ സി.പി.എം ശ്രമിച്ചു. പക്ഷേ പോളിങ് ബൂത്തില്‍ നിശബ്ദമായ ഒരു മറുപടി ഒരുങ്ങുമെന്ന യാഥാര്‍ഥ്യം സി.പി.എം അവഗണിച്ചു. 

സമുദായവോട്ടുകള്‍ ലക്ഷ്യമിട്ടുകൊണ്ട് ഒരു മുന്നണിയില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടക്കുന്നത് ആദ്യമായല്ല. പക്ഷേ പുരോഗമനരാഷ്ട്രീയം പറയുന്നവര്‍ സമുദായം മാത്രം ആദ്യപരിഗണനയാക്കി ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തി അവതരിപ്പിച്ചിട്ട് ആര്‍ക്കും സംശയമൊന്നും ഇല്ലല്ലോ അല്ലേ എന്ന് വോട്ടര്‍മാരോട് ചോദിക്കരുത്. ഡോ.ജോ ജോസഫ് നല്ല മനുഷ്യനും ഡോക്ടറുമാണ്, ഈ സംഭവിച്ചതൊന്നും സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ ഉത്തരവാദിത്തവുമല്ല. പക്ഷേ ഞങ്ങള്‍ മനസില്‍ കാണുന്നത് നിങ്ങള്‍ക്കാര്‍ക്കും മനസിലാവില്ലെന്ന തെറ്റിദ്ധാരണ സി.പി.എം ആത്മവിശ്വാസമായെടുത്തു. ജനങ്ങള്‍ നല്ല മറുപടിയും കൊടുത്തു. 

തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ഥി സഭയുടെ സ്ഥാനാര്‍ഥിയായിരുന്നില്ല, പക്ഷേ സമുദായത്തിന്റെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം ശ്രമിച്ചു. സമുദായത്തിന് രാഷ്ട്രീയവോട്ടില്ലെന്ന് തൃക്കാക്കരക്കാര്‍ നല്ല വൃത്തിയായി പറഞ്ഞുകൊടുത്തു. അടുത്തത് വികസനവാദത്തിനു കിട്ടിയ മറുപടിയാണ്. സില്‍വര്‍ലൈനെ ചോദ്യങ്ങള്‍ പോലുമില്ലാതെ അംഗീകരിക്കുന്നതാണ് വികസനവാദമെന്ന പിണറായി സിദ്ധാന്തത്തിനും ഭംഗിയായി തൃക്കാക്കര മറുപടി നല്‍കിയിട്ടുണ്ട്. സില്‍വര്‍ലൈന്റെ ഭാവിയെന്താകുമെന്ന ചോദ്യം വര്‍ധിതവീര്യവുമായെത്തുന്ന പ്രതിപക്ഷത്തിനും പ്രധാനമാണ്. പലയാവര്‍ത്തി പറഞ്ഞതു തന്നെ വീണ്ടും പറയേണ്ടിവരും. പ്രശ്നം സില്‍വര്‍ലൈന്‍ എന്ന ആശയമല്ല, അത് നടപ്പാക്കാന്‍ ശ്രമിക്കുന്ന സമീപനത്തിലെ ജനാധിപത്യവിരുദ്ധതയാണ്. 

സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള ജനകീയാംഗീകാരം തൃക്കാക്കരക്കാര്‍ തരുമെന്നായിരുന്നു പ്രചാരണത്തിലുടനീളം മുഖ്യമന്ത്രി മുതല്‍ അവകാശപ്പെട്ടത്. സില്‍വര്‍ലൈന്‍ പദ്ധതിയിലും നിര്‍ണായകകേന്ദ്രമാണ് തൃക്കാക്കര. പദ്ധതിയുടെ കൃത്യം മധ്യപ്രദേശം. എറണാകുളം ജില്ലയിലെ സ്റ്റേഷന്‍ വരുന്ന മണ്ഡലം. സില്‍വര്‍ലൈന്‍ വന്നാല്‍ കേരളത്തിന്റെ രണ്ടറ്റത്തേക്കും അതിവേഗമെത്താന്‍ തൃക്കാക്കരക്കാര്‍ക്കാണ് പദ്ധതി ഏറ്റവുമധികം പ്രയോജനപ്പെടുകയെന്ന് ഇടതുമുന്നണി വാശിയോടെ വാദിച്ചു. പക്ഷേ ജനം ആ വികസനവാദത്തിനു വോട്ടിട്ടില്ല. ഭരണപക്ഷ എം.എല്‍.എ വന്നാല്‍ തൃക്കാക്കരയാകെ വികസനം വന്നു നിറയും എന്ന പ്രചാരണവും ജനാധിപത്യവിരുദ്ധമായിരുന്നു. നിയമസഭാമണ്ഡലങ്ങള്‍ നാട്ടുരാജ്യങ്ങളാണെന്ന പ്രതീതിയുണ്ടാക്കി, കേരളം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭരിച്ചത് ഇടതുമുന്നണിയേ അല്ലെന്ന മട്ടിലായിരുന്നു പ്രചാരണം. നാക്കുപിഴയുടെ രാഷ്ട്രീയം വിട്ടുകളഞ്ഞാലും മണ്ഡലത്തില്‍ ഒട്ടേറെ പൊതുയോഗങ്ങളില്‍ പ്രസംഗിച്ച മുഖ്യമന്ത്രി തെറ്റു തിരുത്താനാണ് തൃക്കാക്കരക്കാരോട് ആവര്‍ത്തിച്ച ആവശ്യപ്പെട്ടത്. 

​ഞങ്ങളെ ജയിപ്പിച്ചാല്‍ മാത്രം തൃക്കാക്കരയില്‍ വികസനമെത്തുമെന്ന ഭീഷണിയും തൃക്കാക്കരക്കാര്‍ തള്ളിക്കളഞ്ഞു. സില്‍വര്‍ലൈന്‍ സ്വപ്നങ്ങള്‍ക്ക് രാഷ്ട്രീയസമ്മതി നല്‍കാനും സൗകര്യമില്ലെന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചു. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലമല്ല സില്‍വര്‍ലൈന്റെ ഭാവി തീരുമാനിക്കേണ്ടത്. പക്ഷേ പദ്ധതിയുടെ പേരില്‍ കാണിച്ചു കൂട്ടുന്ന ജനാധിപത്യവിരുദ്ധത മുഖ്യമന്ത്രിക്കും മുന്നണിക്കും നല്ല ബോധ്യമുണ്ട് എന്ന് തെളിയിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സില്‍വര്‍ലൈന്‍ കല്ലിടല്‍ നിന്നു. പ്രചാരണകാലത്തിനിടെ ഇനി നിര്‍ബന്ധിച്ച് കല്ലിടില്ലെന്ന  തീരുമാനവും വന്നു. എന്തു വന്നാലും ഭാവിക്കു വേണ്ടി നടപ്പാക്കുമെന്ന ഏകപക്ഷീയപ്രഖ്യാപനത്തിലൂടെയല്ല ബൃഹദ്പദ്ധതി നടപ്പാക്കപ്പെടേണ്ടതെന്ന് പലതവണ ഓര്‍മിപ്പിക്കപ്പെട്ടതാണ്. പക്ഷേ ജനങ്ങളെ ബോധ്യപ്പെടുത്താനോ ബലപ്രയോഗം അവസാനിപ്പിക്കാനോ സര‍്ക്കാര്‍ തയാറായില്ല. 

സില്‍വര്‍ലൈന്‍ മുന്നോട്ടു പോകണോ എന്ന് ഇനിയും തീര്‍ത്തും ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കണം.പ്രതിപക്ഷത്തിന്റെയും ജനത്തിന്റെയും സാമാന്യമായ സംശങ്ങള്‍ക്കെല്ലാം ബോധ്യമാകുന്ന വസ്തുതാപരമായ മറുപടികള്‍ ജനസമക്ഷമെത്തണം. കേരളത്തിനു താങ്ങാവുന്നതാണോ, അനിവാര്യമാണോ എന്ന അടിസ്ഥാനചോദ്യത്തിനു തന്നെ എത്രയാവര്‍ത്തി മറുപടി പറയേണ്ടിവന്നാലും അത് പറയുക തന്നെ വേണം

വര്‍ഗീയധ്രുവീകരണവും ക്രൈസ്‍വപ്രീണനവുമായി കളം നിറയാന്‍ ശ്രമിച്ച ബി.ജെ.പിക്ക് തൃക്കാക്കര കൊടുത്ത താക്കീതാണ് താക്കീത്. കെട്ടിവച്ച കാശു പോയത് സംസ്ഥാനത്തെ പ്രമുഖനേതാവിനാണ്.  മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന സംരക്ഷണം ഇവിടെ വേണ്ട എന്നോര്‍മപ്പെടുത്തിയാണ് തൃക്കാക്കരക്കാര്‍ ബി.ജെ.പിയെ ഓടിച്ചു വിട്ടത്. 

ഈ പറഞ്ഞതൊന്നും കേരളം മുഖവിലയ്ക്കു പോലും എടുത്തില്ലെങ്കിലും ഇത്രയും കനത്ത ഒരു തിരിച്ചടി തൃക്കാക്കര നല്‍കുമെന്നു ബി.ജെ.പി പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. രാജ്യം ഭരിക്കുന്ന കക്ഷിയെ നാണം കെടുത്തിക്കള‍ഞ്ഞു തൃക്കാക്കര. അതും സാധ്യമായ ഏറ്റവും തീവ്രമായ പരീക്ഷണങ്ങളെല്ലാം പയറ്റിയ പ്രചാരണത്തിനൊടുവില്‍. പി.സി.ജോര്‍ജ് മുന്നിലും ബി.ജെ.പി. പിന്നിലും നിന്നാണ് തൃക്കാക്കരയെ എന്‍.ഡി.എ നേരിട്ടത്. അവസാനദിവസം മാത്രമാണ് നേരിട്ടു പ്രചാരണത്തിനെത്തിയതെങ്കിലും ജോര്‍ജ് പറഞ്ഞ വിദ്വേഷമായിരുന്നു ബി.ജെ.പിയുടെ ആത്മവിശ്വാസം മുഴുവന്‍

പക്ഷേ കഴിഞ്ഞതവണത്തെപോലെ കെട്ടിവച്ച കാശും പോയി, മാനവും പോയി. വോട്ടുകച്ചവടമെന്ന ഗ്ലാമര്‍ പരിവേഷത്തിനു പോലും ഇത്തവണ തൃക്കാക്കരക്കാര്‍ ഒരവസരം ബി.െജ.പിക്കു കൊടുത്തില്ല. സാമുദായികവിഭജനത്തിന് പച്ചയായ ശ്രമം നടത്തിയതും തിരിച്ചടിച്ചു. മണ്ഡലത്തിലെ 40 ശതമാനത്തില്‍ അധികം വരുന്ന ക്രൈസ്തവ വോട്ടുുകള്‍ ലാക്കാക്കി നടത്തിയ പ്രചാരണത്തില്‍ മതേതരമനസുകള്‍ വീണുകൊടുത്തില്ല. കേരളത്തില്‍ ബി.ജെ.പിയുടെയും പി.സി.ജോര്‍ജിന്റെയും ഭാവിയെന്തെന്ന ഗൗരവമുള്ള ചോദ്യം ബി.ജെ.പി. നേതൃത്വത്തിനു മുന്നില്‍ നില്‍ക്കുന്നു. 

ജനാധിപത്യം ഏതവസ്ഥയിലും ജനങ്ങള്‍ക്കൊപ്പം എന്ന പ്രഖ്യാപനം തന്നെയാണ്. ഓരോ തിരഞ്ഞെടുപ്പിലും വന്നു വോട്ടു രേഖപ്പെടുത്തി അടുത്ത തിരഞ്ഞെടുപ്പു വരെ മടങ്ങിപ്പോകുന്ന ഒരു കാത്തിരിപ്പല്ല ജനാധിപത്യം. ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ അത് മറന്നുപോകുമ്പോള്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം വീണ്ടും ഓര്‍മിപ്പിക്കേണ്ടത് ജനങ്ങളുടെ കടമയാണ്.തൃക്കാക്കരയില്‍ അവര്‍ അത് കൃത്യമായി നിര്‍വഹിച്ചുവെന്ന് തിരിച്ചറിഞ്ഞാല്‍ ഇടതുമുന്നണിക്കും സര്‍ക്കാരിനും നന്നായിരിക്കും. കോണ്‍ഗ്രസ് വിജയം പഠിക്കണം. വിലയിരുത്തണം, 

വിജയം ആവര്‍ത്തിക്കേണ്ടതെങ്ങനെയെന്നു മാത്രമല്ല, ജനങ്ങളില്‍ നിന്ന് അകന്നു പോയത് എവിടെവച്ചാണ് എന്നു സത്യസന്ധമായി തന്നെ വിലയിരുത്തണം. സി.പി.എം പരാജയം വിലയിരുത്തുമെന്നും ഉറപ്പാണ്. പക്ഷേ അടിസ്ഥാനസമീപനത്തിലെ ജനാധിപത്യവിരുദ്ധത നേതൃത്വത്തെ ഓര്‍മിപ്പിക്കാന്‍ ആരുണ്ടാകുമെന്നത് ചോദ്യം തന്നെയാണ്. തിരുവായ്ക്കെതിര്‍വായില്ലാതെയായിരിക്കുന്നത് സി.പി.എമ്മിനകത്തു മാത്രമാണെന്ന് പാര്‍ട്ടിക്കാരെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്.