Image∙ Shutterstock - 1

ദേശീയതലത്തില്‍ ജനാധിപത്യത്തിനു വേണ്ടി കൈകോര്‍ത്തു പോരാടുന്ന ഇടതുപക്ഷം  കേരളത്തിലെത്തുമ്പോള്‍ ജനാധിപത്യത്തോടുള്ള സമീപനമെന്താണ്? പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് സര്‍ക്കാരാണോ സ്പീക്കറാണോ? വ്യക്തമായി നേരിട്ടുള്ള ചോദ്യങ്ങള്‍ക്കും ആസൂത്രിതമായ ശ്രദ്ധ തിരിക്കലിലൂടെ ഒഴി‍ഞ്ഞു മാറുന്നത് ജനാധിപത്യം ശക്തിപ്പെടുത്താനാണോ? കരുവന്നൂരില്‍ കേന്ദ്ര ഏജന്‍സി വേട്ടയാടുന്നുവെന്ന സി.പി.എം ആരോപണം കോണ്‍ഗ്രസ് ശരിവയ്ക്കുമോ?

 

പ്രതിപക്ഷബഹുമാനം ഔദാര്യമല്ലെന്നും ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശമാണെന്നും പാര്‍ലമെന്റിലെത്തുമ്പോള്‍ സി.പി.എമ്മിന് നല്ല ബോധ്യമുണ്ട്. പക്ഷേ നിയമസഭയില്‍ എത്തിയാല്‍ ചട്ടവും മര്യാദയും കീഴ്‍വഴക്കവുമൊക്കെ സി.പി.എം തീരുമാനിക്കുന്നതാണ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതിനുള്ള നീക്കം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോഴാണ് അസാധാരണ നീക്കങ്ങള്‍ ഭരണപക്ഷത്തു നിന്നുണ്ടായത്. 

ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയായ കെ.കെ.രമയാണ് നോട്ടീസ് നല്‍കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി നോട്ടീസ് നല്‍കിയ അംഗത്തിന്റെ പേരു പറയാതെയാണ് സ്പീക്കര്‍ അത് വായിച്ചത്. അനുമതി നല്‍കാത്തതിന് കാരണമായി സ്പീക്കര്‍ പറഞ്ഞ വാക്കുകളാണ് വിവാദമായത്. സര്‍ക്കാരിന്റെ മറുപടി സ്പീക്കര്‍ പറഞ്ഞുവെന്ന് പ്രതിപക്ഷം ആരോപിച്ചു. 

മറുപടി പറയുന്നതില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കര്‍ അസാധാരണനടപടിക്കു തുനിഞ്ഞതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്തായാലും അടുത്ത ദിവസം സബ്മിഷനിലൂടെ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ വിഷയം നിസാരമല്ലെന്ന് സര്‍ക്കാരിനു തന്നെ സമ്മതിക്കേണ്ടി വന്നു. സബ്മിഷന്‍ സഭയിലെത്തും മുന്നേ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സൂപ്രണ്ടിന്റെ ചുമതലയിലുള്ള ജോ.സൂപ്രണ്ട് അടക്കം മൂന്ന് പ്രധാന ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനും സര്‍ക്കാര്‍ ശ്രമിച്ചു. 

ടി.പി വധക്കേസിലെ പ്രതികളെ വളഞ്ഞ വഴിയിലൂടെ ശിക്ഷാഇളവ് നല്‍കി മോചിപ്പിക്കാനുള്ള നീക്കം നടത്തുന്നത് ജയില്‍ ഉദ്യോഗസ്ഥരാണത്രേ. ഇതിനേക്കാള്‍ വലിയ തമാശ രാഷ്ട്രീയകേരളം കേട്ടിട്ടുണ്ടാകില്ല. എല്ലാവരും ദയവായി വിശ്വസിക്കണം. പിടിക്കപ്പെട്ടപ്പോള്‍ മുതല്‍ ടി.പി.കേസിലെ പ്രതികള്‍ക്ക്  ഒത്താശ ചെയ്യുന്നതും ഇപ്പോള്‍ ഹൈക്കോടതി വിധി പോലും മറികടന്ന് മോചിപ്പിക്കാന്‍ ഗൂഢനീക്കം നടത്തുന്നതും എല്ലാം ചില ഉദ്യോഗസ്ഥരുടെ താല്‍പര്യമാണ്. 

അനധികൃത പരോള്‍, നിയമസഹായം, ഫോണ്‍ ഉപയോഗമുള്‍പ്പെടെ ജയിലില്‍ പ്രത്യേക അവകാശങ്ങള്‍, തുടങ്ങി ടി.പി.കൊലക്കേസിലെ പ്രതികള്‍ക്കു മാത്രമായി കിട്ടിയ ആനുകൂല്യങ്ങളെല്ലാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്താണ്. ഒടുവില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടിയായ ഹൈക്കോടതി ഉത്തരവില്‍ പ്രതികള്‍ക്ക് 20 വര്‍ഷം വരെ ശിക്ഷയിളവ് പാടില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും അതെല്ലാം മറികടന്ന് പ്രതികളെ എങ്ങനെയെങ്കിലും പുറത്തിറക്കാന്‍ സ്വന്തം ജോലി പോലും അപകടത്തിലാക്കി നീക്കം നടത്തുന്നത് ജയില്‍ ഉദ്യോഗസ്ഥരാണത്രേ. പ്രതിപക്ഷമാണോയെന്നു പോലും സി.പി.എം സര്‍ക്കാരിന് സംശയമുണ്ട് 

ടി.പി.കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം അടപടലം പുറത്തുവന്നതോടെ പ്രതിരോധത്തിലായ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന അടുത്ത ആരോപണമെത്തിയത് കണ്ണൂരില്‍ നിന്ന് സ്വന്തം പാര്‍ട്ടി നേതാവില്‍ നിന്നു തന്നെയാണ്. ക്വട്ടേഷന്‍ ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ പരാതി ഉന്നയിച്ച ജില്ലാകമ്മിറ്റി അംഗം മനു തോമസ് പുറത്തു പറഞ്ഞ കാര്യങ്ങള്‍ അതീവ ഗുരുതരവുമാണ്. 

മനുതോമസിനെ പരസ്യമായി വെല്ലുവിളിച്ച് പി.ജയരാജന്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വരുന്നു. പാര്‍ട്ടിയുടെ പേരില്‍ ഭീഷണി മുഴക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമെത്തിയതോടെ സൈബര്‍ പോര് കൊഴുത്തു. ഇനിയെല്ലാം പരസ്യമായി ചര്‍ച്ച ചെയ്യാമെന്ന് മനു തോമസ് വെല്ലുവിളിക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് ഇതെല്ലാം മാധ്യമസൃഷ്ടിയാണ്. 

എന്നാല്‍ മനുതോമസിന്റെ ഗുരുതരമായ ആരോപണങ്ങളില്‍ പി.ജയരാജനെ പിന്തുണയ്ക്കാനും സംസ്ഥാനസെക്രട്ടറി തയാറായില്ലെന്നത് ശ്രദ്ധേയമാണ്. കരുവന്നൂരില്‍ കേന്ദ്രഏജന്‍സിയുടെ കടന്നുകയറ്റം ചെറുക്കാന്‍ എല്ലാവരോടും സി.പി.എം ആഹ്വാനം ചെയ്യുന്നുണ്ട്. കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ പാര്‍ട്ടിയെക്കൂടി പ്രതി ചേര്‍ത്ത ഇഡി നീക്കത്തില്‍ 

സിപിഎം അങ്കലാപ്പിലാണ്.  ജില്ലാ സെക്രട്ടറിയടക്കം നേതാക്കളെ  പ്രതിചേര്‍ക്കുന്നതില്‍ ഇ.ഡി. തീരുമാനം ഉടനെയെന്നാണ് റിപ്പോര്‍ട്ട്. 

കരുവന്നൂരില്‍ സി.പി.എമ്മിനെതിരെ ശക്തമായ നിലപാടെടുക്കുന്ന കോണ്‍ഗ്രസ് കേന്ദ്രഏജന്‍സിയുടെ കടന്നുകയറ്റമെന്ന ആരോപണത്തില്‍ സി.പി.എമ്മിനൊപ്പമുണ്ടാകില്ലെന്നുറപ്പാണ്. പാര്‍ട്ടിയെക്കൂടി പ്രതി ചേര്‍ത്ത ഇ.ഡി. നടപടി എങ്ങനെ നേരിടുമെന്നതാണ് വരും ദിവസങ്ങളില്‍ വ്യക്തമാകേണ്ടത്. തട്ടിപ്പില്‍ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമായ സാഹചര്യത്തില്‍ സി.പി.എം തൃശൂര്‍ ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യവുമായി ബി.ജെ.പി. രംഗത്തെത്തിക്കഴിഞ്ഞു. 

ടി.പി.കേസിലെ പ്രതികളെ ഹൈക്കോടതി ഉത്തരവു മറികടന്നും ജയില്‍ ഉദ്യോഗസ്ഥര്‍ സഹായിക്കുന്ന ഭരണം, മുഖ്യമന്ത്രി മറുപടി പറയുന്നതൊഴിവാക്കാന്‍ എന്തു ചട്ടവും മാറ്റിവ്യാഖ്യാനിക്കുന്ന നിയമസഭ, ഭരണപക്ഷപാര്‍ട്ടിക്കും നേതാവിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നാലും മറുപടി പറയാന്‍ ബാധ്യതയില്ലെന്നൊഴിയുന്ന സംസ്ഥാന സെക്രട്ടറി. ഇത്രയും ജനാധിപത്യമര്യാദകള്‍ പാലിച്ച ശേഷം കരുവന്നൂരില്‍ മാത്രം ജനാധിപത്യവിരുദ്ധതയ്ക്കെതിരെ കൈകോര്‍ക്കാന്‍ വരൂ എന്നാണ് സി.പി.എം പറയുന്നത്. ജനാധിപത്യത്തിന് കേരളത്തില്‍ ചില ഇളവുകളുണ്ട്.