കണ്ണിന് പകരം കണ്ണ്, ലോക രാജ്യങ്ങളോട് പകരം ചോദിക്കാനിറങ്ങിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കയ്യിലുള്ള ആയുധമാകട്ടെ നികുതിയും. 'നമ്മളോട് എത്ര നികുതി ചുമത്തുന്നോ അത്ര തന്നെ' എന്നതാണ് ലോക രാജ്യങ്ങളോട് ട്രംപിന്‍റെ നയം. ഏപ്രില്‍ രണ്ടിന് പ്രഖ്യാപിക്കുന്ന ട്രംപിന്‍റെ തിരിച്ചടിത്തീരുവ ( Reciprocal Tax) യുടെ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ലോകം.
യുഎസ് സമയം ഏപ്രില്‍ രണ്ടിന് വൈകീട്ട് നാലു മണിക്ക് റോസ് ഗാര്‍ഡനിലാണ് അമേരിക്കയെ സമ്പന്നതയിലേക്ക് എത്തിക്കാനുള്ള ട്രംപിന്‍റെ നയങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.30 നാകും നികുതിയുടെ കെട്ടഴിക്കുക. ഉടന്‍ പ്രബല്യത്തിലാകുന്ന തരത്തിലാകും നികുതി പ്രഖ്യാപനങ്ങള്‍.
എന്താണ് തിരിച്ചടിത്തീരുവ?
ലോക വ്യാപാരത്തില്‍ യുഎസിനോട് ലോക രാജ്യങ്ങള്‍ അന്യാമായി പെരുമാറുന്നു എന്നാണ് ട്രംപിന്‍റെ വാദം. പല രാജ്യങ്ങളും അമേരിക്ക ചുമത്തുന്നതിനേക്കാള്‍ ഉയർന്ന തീരുവയാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നത്. ഇത് ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു എന്നാണ് ട്രംപ് പറയുന്നത്. ഉദാഹരണമായി ഇന്ത്യയുടെ കാര്യം തന്നെ എടുത്താല്‍, ഇറക്കുമതി ചെയ്യുന്ന 87 ശതമാനം യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്ക ചുമത്തുന്നതിനേക്കാള്‍ 5-20 ശതമാനം അധിക നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്.
മറ്റു രാജ്യങ്ങള്‍ എത്ര നികുതി ഈടാക്കുന്നോ അത്രയും നികുതി യുഎസിലേക്കുള്ള ഇറക്കുമതിക്ക് ചുമത്തും എന്നാണ് ട്രംപിന്‍റെ നയം. ഇതാണ് തിരിച്ചടിത്തീരുവയുടെ അടിസ്ഥാനം.
അമേരിക്കയ്ക്ക് നേട്ടമോ കോട്ടമോ?
തിരിച്ചടിത്തീരുവ നയത്തിലൂടെ ചൈനയും യൂറോപ്യന്‍ യൂണിയനും അവരുടെ നികുതികള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. രാജ്യത്തിന്റെ വ്യാപാര കമ്മി കുറയ്ക്കും. യുഎസ് കമ്പനികളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിലൂടെ "അമേരിക്ക ഫസ്റ്റ്" എന്ന സാമ്പത്തിക നയത്തെ ശക്തിപ്പെടുത്തും എന്നാണ് ട്രംപിന്‍റെ പ്രതീക്ഷ. 'എല്ലാ രാജ്യങ്ങളും നമ്മളോട് നീതിപൂര്‍വം പെരുമാറിയാല്‍ അവരോടും നീതിയോടെ പെരുമാറും' എന്നാണ് ഫെബ്രുവരിയില്‍ ട്രംപ് പറഞ്ഞത്.
FILE PHOTO: U.S. President Donald Trump waves as he arrives in West Palm Beach, Florida, U.S., March 28, 2025. REUTERS/Kevin Lamarque/File Photo
ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ വിവിധ നികുതി പ്രഖ്യാപനങ്ങള്‍ വൈറ്റ് ഹൗസില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനം അധിക നികുതി, അയല്‍ക്കാരായ കാനഡയ്ക്കും മെകിസിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം നികുതി എന്നിവയാണിതില്‍ ചിലത്. അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി മറ്റൊന്ന്.
ട്രംപ് ഇതിനകം പ്രഖ്യാപിച്ച നികുതി, യുഎസിലേക്കുള്ള ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഉപഭോക്തൃ വില ഉയർത്തുമെന്നും ഇത് പണപ്പെരുപ്പം വർധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയെ ട്രംപ് നേരിടുന്നത് എങ്ങനെ
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന കഠിന നികുതിയെ ഓരോ അവസരത്തിലും യുഎസ് വിമര്‍ശിക്കുന്നുണ്ട്. മൂന്നാഴ്ച മുന്‍പാണ് യുഎസ് മദ്യത്തിന് ഇന്ത്യ 150 ശതമാനം നികുതി ചുമത്തുന്ന കാര്യം അമേരിക്ക ഓര്‍മിപ്പിച്ചത്. ഇന്നലെ കാർഷിക ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുന്ന ഇന്ത്യയെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ട്രംപിന്‍റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യയെടുത്ത നടപടികള്‍ ഇന്ത്യയ്ക്കുള്ള ഭീഷണി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രംപിന്റെ ഭീഷണി പ്രതീക്ഷിച്ച് ഇന്ത്യ ഡസൻ കണക്കിന് സാധനങ്ങളുടെ തീരുവ കുറച്ചിട്ടുണ്ട്. ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അടുത്തിടെ വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും ഉഭയകക്ഷി വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നിലവിൽ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ പകുതിയോളം തീരുവ കുറയ്ക്കാൻ ഇന്ത്യൻ ചര്‍ച്ചകളില്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. ഇതെല്ലാം പരിഗണിച്ച് ഇന്ത്യ ഒരു അസാധാരണ പരിഗണന പ്രതീക്ഷിക്കുന്നുണ്ട്.
President Donald Trump signs an executive order on TikTok in the Oval Office of the White House, Monday, Jan. 20, 2025, in Washington. (AP Photo/Evan Vucci)
അടുത്ത ഏഴ് മാസത്തിനുള്ളിൽ വ്യാപാര ആശങ്കകൾ പരിഹരിക്കുന്നതിനുള്ള കരാറിൽ എത്താൻ കഴിയുമെന്നാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞത്. മാർച്ച് 25-29 തീയതികളിൽ ഡൽഹിയിൽ യുഎസ് വ്യാപാര പ്രതിനിധി (യുഎസ്‌ടിആർ) ഉദ്യോഗസ്ഥരും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന അവസാന റൗണ്ട് ചർച്ചകള്‍ക്ക് ശേഷം പ്രസ്താവന പുറത്തിറക്കിയിരുന്നു,
ഉഭയകക്ഷി കരാറിന്‍റെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് ധാരണയിലെത്തിയെന്നും 2025 സെപ്റ്റംബർ-നവംബറോടെ ആദ്യ ഘട്ടം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായാണ് പ്രസ്താവന. ഓരോ മേഖലയിലും വെർച്വലായി ചർച്ചകൾ ആരംഭിക്കുമെന്നും വിപണി പ്രവേശനം വർദ്ധിപ്പിക്കുക, താരിഫ്, താരിഫ് ഇതര തടസങ്ങൾ കുറയ്ക്കുക, തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം, ട്രംപിന്‍റെ പ്രഖ്യാപനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സർക്കാർ കൺട്രോൾ റൂം തുറന്നതായാണ് പുതിയ വാര്‍ത്തകള്‍.
ഇന്ത്യ vs യുഎസ്– നികുതി
തിരിച്ചടിത്തീരുവ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന മേഖലകളാണ് കൃഷി, മാംസം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ. 2.58 ബില്യൺ ഡോളറിന്റെ . മത്സ്യം, മാംസം കയറ്റുമതിയിൽ 27.8% താരിഫ് വ്യത്യാസം നേരിടുന്നുണ്ടെന്നാണ് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) പറയുന്നത്.
ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് യുഎസ് 5.30 ശതമാനം നികുതി ഈടാക്കുമ്പോള്‍ ഇന്ത്യ ചുമത്തുന്നത് 37.7 ശതമാനമാണ്. 32.4 ശതമാനത്തിന്‍റെ വ്യത്യാസം. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) റിപ്പോര്‍ട്ട് പ്രകാരം വിവിധ സെക്ടറുകളില്‍ ഇന്ത്യയും യുഎസും ചുമത്തുന്ന നികുതി,
ഓട്ടോ മൊബൈല്‍– ഇന്ത്യ 24.1%, യുഎസ് 1.1%
ഡയമണ്ട്, ഗോള്‍ഡ്– ഇന്ത്യ 15.5%, യുഎസ് 2.1%
കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്– ഇന്ത്യ 9.7%, യുഎസ് 1.1%
ഇലക്ട്രിക്കല്‍, ടെലികോം ഇലക്ട്രോണിക്സ്– ഇന്ത്യ 7.6%, യുഎസ് 0.4%
പ്ലാസ്റ്റിക്– ഇന്ത്യ 10%, യുഎസ് 4.4%
ടെക്സ്റ്റൈല്‍ ആന്‍ഡ് ക്ലോത്തിങ്– ഇന്ത്യ 10.4%, യുഎസ് 9%
ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ
ട്രംപിന്‍റെ വ്യാപാര നയം ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കുന്ന ഏഷ്യൻ രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരിക്കുമെന്നാണ് സാമ്പത്തിക സ്ഥാപനമായ നോമുറയുടെ റിപ്പോർട്ട്. ഇന്ത്യയുടെ യുഎസിലേക്കുള്ള ഇറക്കുമതി ജിഡിപിയുടെ വെറും 2.2 ശതമാനമാണെന്ന് നോമുറ വ്യക്തമാക്കുന്നു. ഏഷ്യന്‍ രാജ്യമായ യറ്റ്നാമിനിത് 25.1 ശതമാനമാണ്. ഇതാണ് ഇന്ത്യയ്ക്ക് അനുകൂലമായി കണക്കാക്കുന്നത്. എന്നാല്‍ ഇന്ത്യയെ ബാധിക്കുന്ന കണക്ക് ഇങ്ങനെ,
യുഎസ് പരസ്പര നികുതി ഏർപ്പെടുത്തിയാൽ, യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2026 സാമ്പത്തിക വർഷത്തിൽ 2-3.5 ബില്യൺ ഡോളർ കുറയാൻ സാധ്യതയുണ്ട്. ഇത് ജിഡിപിയുടെ നിലവിലെ എസ്റ്റിമേറ്റായ 6.6 ശതമാനത്തില്‍ നിന്നും 5-10 അടിസ്ഥാന നിരക്ക് കുറവ് വരും എന്നാണ് ഇന്ത്യ റേറ്റിംഗിലെ ചീഫ് ഇക്കണോമിസ്റ്റും പബ്ലിക് ഫിനാൻസ് മേധാവിയുമായ ദേവേന്ദ്ര കുമാർ പന്ത് സൂചിപ്പിക്കുന്നത്.