us-tharif

TOPICS COVERED

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തിരിച്ചടിത്തീരുവ പ്രഖ്യാപനം ഇന്ന്. ഒരു രാജ്യത്തേയും ഒഴിവാക്കാതെയുള്ള പ്രഖ്യാപനത്തിനാണ് സാധ്യത. വാഹനഇറക്കുമതിക്കുള്ള ഇറക്കുമതിച്ചുങ്കം നാളെ പ്രാബല്യത്തിലാകും. അതേസമയം, ട്രംപിന്‍റെ പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ത്യയടക്കം രാജ്യങ്ങളുടെ ഓഹരിവിപണികളില്‍ കനത്ത തിരിച്ചടി തുടരുകയാണ്.

അമേരിക്കന്‍ വിപണിയുടെ വിമോചനദിനമാണ് ഏപ്രില്‍ രണ്ടെന്ന പ്രചരണത്തോടെയാണ് ട്രംപ് തിരിച്ചടിത്തീരുവ പ്രഖ്യാപിക്കുന്നത്. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് തത്തുല്യ തോതില്‍ ചുങ്കം ഏര്‍പ്പെടുത്താനാണ് നീക്കം.  വിവിധ രാജ്യങ്ങളുടെ കയറ്റുമതി വ്യവസായത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന തീരുമാനം ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. യുഎസ് ശരാശരി 10 ശതമാനം തിരിച്ചടിത്തീരുവ ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍  51, 600 കോടി രൂപയുടെ ഇടിവുണ്ടാകും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ യുഎസുമായുള്ള ഇടപാടിലെ ഇടിവ് സാമ്പത്തിക വളര്‍ച്ചയ്ക്കും തിരിച്ചടിയായേക്കും. വസ്ത്രങ്ങള്‍, ഔഷധങ്ങള്‍, ആഭരണങ്ങള്‍, വാഹന അനുബന്ധ ഘടകങ്ങള്‍, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കള്‍ക്കാണ് വലിയ തിരിച്ചടിക്ക് സാധ്യത. സമുദ്രോല്‍പന്ന–വസ്ത്ര കയറ്റുമതി മേഖലയില്‍ കേരളത്തിനും ആശങ്കയുണ്ട്. കയറ്റുമതി വ്യാപാരത്തെ സംരക്ഷിക്കാനും ട്രംപിന്‍റെ കര്‍ക്കശ നിലപാടുകളെ മയപ്പെടുത്താനും ചില മോട്ടോര്‍സൈക്കിളുകളടക്കം യുഎസ് ഉൽപന്നങ്ങളുടെ തീരുവ ഇന്ത്യ കുറച്ചു തുടങ്ങിയിരുന്നു. അതേസമയം, യുഎസിലേക്കുള്ള വാഹന ഇറക്കുമതിക്ക് 25 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനുള്ള തീരുമാനം നാളെ നിലവില്‍ വരും. ഇന്ത്യയിൽ പൂർണമായും നിർമിക്കുന്ന കാറുകളുടെ യുഎസിലേക്കുള്ള കയറ്റുമതി കുറവായതിനാല്‍ 

ഇന്ത്യയിലെ വാഹനനിർമാതാക്കളെ ട്രംപിന്റെ തീരുമാനം കാര്യമായി ബാധിക്കില്ലെങ്കിലും, പാർട്സ് അനുബന്ധ വ്യവസായത്തിന് തിരിച്ചടിയായേക്കും. തീരുവയൊന്നുമില്ലാതെ എൻജിൻ ഘടകങ്ങൾ, എൻജിനുകൾ, ട്രാൻസ്മിഷൻ സിസ്റ്റം എന്നിവയാണ് പ്രധാനമായും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതിനിടെ, ട്രംപിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ത്യ, കാനഡ, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഓഹരിവിപണികളില്‍ കനത്ത തിരിച്ചടി തുടരുകയാണ.

US President Donald Trump's counterattack announcement today.: