TOPICS COVERED

ഓഗസ്റ്റ് മാസത്തിൽ ചരക്ക് സേവന നികുതിയായി (ജിഎസ്ടി) കേരളം പിരിച്ചെടുത്തത് 2,511 കോടി രൂപ. 2023 ഓഗസ്റ്റിലെ 2,306 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 9 ശതമാനം വളർച്ചയാണ് കേരളത്തിലുണ്ടായത്. മിക്ക സംസ്ഥാനങ്ങളിലും നികുതിപിരിവ് ‌കുറഞ്ഞപ്പോഴാണ് കേരളത്തിന്‍റെ ഈ നേട്ടം . ആന്ധ്രാപ്രദേശ് (-5%), ലക്ഷദ്വീപ് (-44%) ചത്തീസ്ഗഡ് (-4%) മേഘാലയ (-18%) മിസോറം (-13%) നാഗാലാൻഡ് (-18%), അരുണാചൽ പ്രദേശ് (-10%) എന്നിവയാണ് നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ.

ഏറ്റവും കൂടുതൽ ജിഎസ്ടി പിരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. 26367 കോടി രൂപ. വാർഷികാടിസ്ഥാനത്തിൽ 13 ശതമാനം വളർച്ചയും സംസ്ഥാനം രേഖപ്പെടുത്തി. 11 ശതമാനം വളർച്ചയോടെ ഓഗസ്റ്റ് മാസത്തിൽ കർണാടക പിരിച്ചത് 12,344 കോടി രൂപയാണ്. തമിഴ്നാട് 10,181 കോടി രൂപ, ഗുജറാത്ത് 10,344 കോടി രൂപ എന്നിവയാണ് ജിഎസ്ടി പിരിവിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ. 

ജിഎസ്ടി വരുമാനത്തിലെ സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിലെ സംസ്ഥാന വിഹിതവും ചേർത്ത് കേരളത്തിന് 13,252 കോടി രൂപ ഓഗസ്റ്റ് മാസത്തിൽ ലഭിച്ചു. 2023 ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ 13,080 കോടി രൂപ ലഭിച്ച കാലത്തേക്കാൾ കേവലം 1 ശതമാനത്തിൻറെ വർധനവാണുള്ളത്. ഉത്തർപ്രദേശിന് 35,512 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. 69,274 കോടി രൂപ ലഭിച്ച മഹാരാഷ്ട്രയാണ് ഇവിടെയും മുന്നിൽ. കർണാടക- 33,330 കോടി രൂപ, തമിഴ്നാട്- 31,338 കോടി രൂപ എന്നിവയാണ് വലിയ വിഹിതം ലഭിച്ച സംസ്ഥാനങ്ങൾ.

10 ശതമാനം വളർച്ചയോടെ 1.75 ലക്ഷം കോടി രൂപയാണ് ഓ​ഗസ്റ്റ് മാസത്തിലെ ആകെ ജിഎസ്ടി പിരിവ്. 2023 ഓ​ഗസ്റ്റിലെ ജിഎസ്ടി വരുമാനം 1,59,069 കോടി രൂപയായിരുന്നു. കേന്ദ്ര ജിഎസ്ടിയിലും, സംസ്ഥാന ജിഎസ്ടിയിലും ഇന്റ​ഗ്രേറ്റഡ് ജിഎസ്ടിയിലും സെസിലും വളർച്ചയുണ്ട്. 2024 ലെ ആകെ ജിഎസ്ടി പിരിവിലും 10.1 ശതമാനത്തിന്റെ വളർച്ചയുണ്ട്. ഓ​ഗസ്റ്റ് വരെ ആകെ 9.13 ലക്ഷം കോടിയാണ് പിരിച്ചെടുത്തത്. അതേസമയം 2023 കാലത്ത് ഓ​ഗസ്റ്റ് വരെയുള്ള കണക്ക് 8.29 ലക്ഷം കോടി രൂപയായിരുന്നു.