ഇന്ത്യൻ സോഫ്റ്റ് ഡ്രിങ്സ് വിപണിയിൽ കനത്ത മത്സരം നടക്കുകയാണ്. അമേരിക്കൻ വമ്പന്മാരായ കൊക്കകോളയ്ക്കും പെപ്സിക്കോയ്ക്കും ഒപ്പം വിപണിയിൽ മുകേഷ് അംബാനിയുടെ കാംപകോളയാണ്. എതിരാളികളുടെ പോരാട്ടം പല വിപണികളിൽ കണ്ട ആഗോള ഭീമന്മാരാണെങ്കിലും ഈ പോരാട്ടത്തിൽ അമേരിക്കൻ കമ്പനികൾ അൽപം വിറയ്ക്കും. കാരണം അംബാനിയുടെ ആയുധം വിലയാണ്. ജിയോയ്ക്ക് ഇന്ത്യയിൽ മാർക്കറ്റ് പിടിക്കാൻ പ്രയോഗിച്ച വില കുറച്ച് വിൽക്കുക എന്ന തന്ത്രത്തിലാണ് അംബാനി കാംപയുടെ പോരാട്ടം തുടങ്ങുന്നതും.
ചില്ലറക്കാരനല്ല കാംപകോള
റിലയൻസിന്റെ കയ്യിലുള്ള കാംപകോള ആള് ചില്ലറക്കാരനല്ല. 1977 ല്‍ തുടങ്ങുന്നതാണ് കാംപയുടെ ചരിത്രം. ഈ രംഗത്തെ വെറ്ററനായ കാംപ കോളയെ 22 കോടി രൂപയ്ക്കാണ് 2022 ൽ റിലയൻസ് റീട്ടെയിൽ സ്വന്തമാക്കിയത്. 1970-80 കാലത്ത് ജനപ്രീയമായിരുന്ന ബ്രാൻഡ് കൊക്കകോളയുടെയും പെപ്സിയുടേയും ആധിപത്യത്തിൽ തളർന്ന് പോവുകയായിരുന്നു. രണ്ട് പോരാളികളുടെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ സോഫ്റ്റ് ഡ്രിങ്സ് മാർക്കറ്റിൽ പോരാടൻ പഴയ പടക്കുതിരയെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് അംബാനി. റിലയൻസിന്‍റെ റീട്ടെയിൽ നെറ്റ് വർക്കും തദ്ദേശീയ ടാഗും ചേർത്ത് അമേരിക്കൻ വമ്പൻമാർക്കെതിരെ പോരാടാനാണ് കാംപയുടെ ലക്ഷ്യം. ഇതിനൊപ്പമാണ് വില കുറവും.
വില കുറച്ച് വിപണി പിടിക്കുക
ഫെസ്റ്റീവ് സീസണിലേക്ക് കാംപ കോള ഒരുങ്ങുന്നത് പകുതി വിലയ്ക്ക് സാധനം വിറ്റാണ്. 250 മില്ലിയുടെ ബോട്ടിൽ 10 രൂപയ്ക്കാണ് കാംപകോള വിൽക്കുന്നത്. കൊക്കകോളയും പെപ്സിയും 20 രൂപ ഈടാക്കുന്നു. അരലീറ്ററിന് 20 രൂപയാണ് കാംപയുടെ വില. 30-40 രൂപയ്ക്കാണ് എതിരാളിയടെ വില. അംബാനിയുടെ രീതി മനസിലാക്കിയത് കൊണ്ടാകണം പലചരക്ക് കടകളിലും ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഉടനീളം പ്രമോഷനുകളിലേക്കും കൊക്കകോളയെയും പെപ്‌സികോയും കടന്നിട്ടുണ്ട്. പരസ്യ ചെലവ് താങ്ങാനാവാത്തത് കാംപ വിപണിയിൽ നിന്ന് പുറത്തു പോകാനിടയാക്കിയ ഒരു കാരണമായത്. 2021 സാമ്പത്തിക വർഷത്തിൽ പെപ്‌സിയും കൊക്കകോളയും ചേർന്ന് ഇന്ത്യയിൽ പരസ്യത്തിനായി മാത്രം ചെലവാക്കിയത് 924 കോടി രൂപയാണ്. പരസ്യത്തിന് റിലയൻസ് ഒപ്പം ചേരുമ്പോൾ മത്സരം കടുക്കുമെന്നുറപ്പ്.
വില അംബാനിയുടെ ആയുധം
എട്ട് വര്‍ഷം മുൻപെ ജിയോ അവതരിപ്പിച്ചപ്പോൾ പുറത്തിറക്കിയ അതേ തന്ത്രം തന്നെയാണ് അംബാനി അവിടെ പ്രയോഗിക്കുന്നത്. ഇന്ത്യയുടെ ടെലികോം വിപണിയിൽ വലിയ സൗജന്യങ്ങൾ നൽകിയാണ് ജിയോയുടെ പ്രവേശനം. സൗജന്യ വോയ്‌സ് കോൾ, ആദ്യ ആറ് മാസത്തേക്ക് സൗജന്യ ഡാറ്റ നിരക്ക് ഈടാക്കിയില്ല. ഈ തന്ത്രം റിലയൻസ് ഉത്പ്പന്നങ്ങളിലുടെനീളം കാണാം. ജിയോ ഫോണിലും ജിയോ സിനിമയിലും ഈ വിലയിടിവ് കാണാം.
2022 ൽ റിലയൻസിന്റെ ഭാഗമായെങ്കിലും ഒരു വർഷത്തെ പ്രവർത്തനം കൊണ്ട് മികച്ച രീതിയിൽ വളരാൻ കാംപകോളയ്ക്കായിട്ടുണ്ട്. പതുങ്ങിയിരുന്നാണെങ്കിലും വിപണി പിടിക്കുകായണ് കാംപ. പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മികച്ച സ്വാധീനമാണ് കാംപ. റിലയൻസ് എഫ്എംസിജി കമ്പനിയായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ടിന്റെ 2024 സാമ്പത്തിക വർഷത്തിലെ 3000 കോടി രൂപയുടെ വിൽപ്പനയിൽ 400 കോടി രൂപയാണ് കാംപ കൂട്ടിച്ചര്‍ത്തത്. ഈ സാമ്പത്തിക വർഷത്തിൽ തന്നെ 500-700 കോടി രൂപ റിലയൻസിൽ നിന്ന് സമാഹരിച്ച് ബോട്ടിലിങ് പ്ലാന്റും സജ്ജീകരണങ്ങളും ഒരുക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.