mobile-using-girl

മൊബൈൽ റീചാർജിൻറെ വിലയിൽ വലിയ വർധനവ് 2024 ൽ ഉണ്ടായി. ഉപഭോക്താക്കളിൽ വലിയ അളവിൽ ഇതോടെ ബിഎസ്എൻഎല്ലിലേക്ക് മാറി. രാജ്യത്ത് ഡാറ്റ ആവശ്യമില്ലാത്തവരും ഡാറ്റ റീചാർജ് ചെയ്യേണ്ട വരുന്ന തരത്തിലുള്ള റീചാർജ് പ്ലാനുകളാണ് നിലവിലുള്ളത്. ആവശ്യമില്ലാത്ത ഡാറ്റയ്ക്കും പണം നൽകേണ്ടി വരുന്ന ഈ രീതിക്ക് മാറ്റം വരുത്തുകയാണ് ട്രായ്. 

Also Read: ആവശ്യമില്ലെങ്കിൽ ഇന്‍റര്‍നെറ്റ് വാങ്ങേണ്ട; കോളിന് മാത്രമായി ഇനി റീചാർജ് പ്ലാൻ; കമ്പനികൾക്ക് തിരിച്ചടി

ടെലികോം കമ്പനികളോട് വോയിസ് ആൻഡ് എസ്എംഎസ് ഓൺലി പ്ലാനുകൾ അവതരിപ്പിക്കാൻ ട്രായ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ 1.50 കോടി 2ജി ഉപഭോക്താക്കൾക്കും രണ്ട് സിം ഉപയോഗിക്കുന്നവർക്കും ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കും അനുകൂലമാകുന്ന തീരുമാനമാണിത്. എന്നാൽ സ്വകാര്യ കമ്പനികളുടെ ലാഭത്തെ ബാധിക്കുന്ന തീരുമാനമാണിത്. 

ഉപഭോക്താവിൽ നിന്ന് കമ്പനികൾ ലക്ഷ്യം വെയ്ക്കുന്ന വരുമാനത്തെ (എആർപിയു - Average Revenue per User) ബാധിക്കുന്ന തീരുമാനമാണിത്. 2ജി ഉപഭോക്താക്കളെ 4ജിയിലേക്കും പിന്നീട് 4ജിയിലേക്കും എത്തിച്ച് എആർപിയു വർധിപ്പിക്കുകയാണ് സ്വകാര്യ ടെലികോം കമ്പനികൾ ശ്രമിക്കുന്നത്. 

കൂടുതൽ ഉപഭോക്താക്കൾ 5ജിയിലേക്ക് മാറുമ്പോൾ 2ജിയിൽ നിന്നും 4ജിയിലേക്ക് കൂടുതൽ പേരെ ഉൾകൊള്ളാനകുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഈയിടെ പറഞ്ഞത്. എയർടെല്ലും വരുമാനം വർധിപ്പിക്കുന്നതിനായി 2ജി ഉപഭോക്താക്കളെ 4ജിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലാണ്. ട്രായ് തീരുമാനം ഈ മാറ്റത്തിന് വേഗം കുറയ്ക്കും. ഇത് അർപിയു വളർച്ചയിൽ കുറവുണ്ടാക്കും. 

സെപ്റ്റംബർ പാദത്തിൽ ഭാരതി എയർടെലിന്റെ എആർയുപി മാസം 233 രൂപയിലാണ്. നിരക്ക് വർധനവിന് പിന്നാലെയാണ് എയർടെലിന്റെ വരുമാനം വർധിച്ചത്, ജൂൺ പാദത്തിലെ എആർപിയു 211 രൂപയായിരുന്നു. റിലയൻസ് ജിയോയുടെ എആർയുപി സെപ്റ്റംബർ പാദത്തിൽ 195 രൂപയാണ്. വിഐയുടേത് 156 രൂപ. 

എല്ലാ ആധുനിക ആശയവിനിമയങ്ങളുടെയും കേന്ദ്ര ഘടകം ഡാറ്റയായതിനാൽ വോയിസ്- എസ്എംഎസ് പാക്കുകളുടെ ആവശ്യമില്ലെന്നാണ് സ്വകാര്യ കമ്പനികളുടെ നയം. പാൻ-ഇന്ത്യ 4ജി സേവനമില്ലാത്ത ബിഎസ്എൻഎൽ, വോയ്‌സ്, എസ്എംഎസ് മാത്രമുള്ള പാക്കുകൾ അവതരിപ്പിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്.

ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (പന്ത്രണ്ടാം ഭേദഗതി) റെഗുലേഷൻസ്, 2024, ടെലികമ്മ്യൂണിക്കേഷൻ താരിഫ് (എഴുപതാം ഭേദഗതി) ഓർഡർ 2024 എന്നിവയുടെ ഭാഗമായാണ് ട്രായ് ഉത്തരവ് വരുന്നത്. 30 ദിവസത്തിന് ശേഷം ഉത്തരവ് പ്രാബല്യത്തിൽ വരും.

വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ ഉൾകൊള്ളുന്ന ബണ്ടിൽഡ് പ്ലാനുകളാണ് നിലവിൽ ടെലികോം കമ്പനികൾ റീചാർജ് ഓപ്ഷനായി നൽകുന്നത്. ഇതിനൊപ്പം വോയിസ്-എസ്എംഎസ് പ്ലാനുകൾ വേണമെന്നാണ് ട്രായ് ആവശ്യം.

സ്പെഷ്യൽ റീചാർജ് വൗച്ചറുകളുടെ പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയർത്താനും ട്രായ് ആവശ്യപ്പെട്ടു. കമ്പനികൾ വോയിസ്, എസ്എംഎസ് എന്നിവ മാത്രമുള്ള ഒരു റീചാർജ് ഓപ്ഷനെങ്കിലും അവതരിപ്പിക്കമമെന്നാണ് ട്രായിയുടെ ആവശ്യം. ഇതിന് 365 ദിവസത്തിൽ കൂടാത്ത കാലാവധിയും ട്രായ് നിർദ്ദേശിക്കുന്നു.

ENGLISH SUMMARY:

Currently, there are recharge plans that require users to pay for data they may not need. TRAI is working to introduce changes to this system, aiming to address the issue of paying for unnecessary data.