Credit: Indira Gandhi International Airport

ചിത്രം: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

  • അടുത്ത വർഷം നിര്‍മാണം തുടങ്ങി 2027ല്‍ പൂർത്തിയാക്കും.
  • വേള്‍ഡ്മാര്‍ക് എയ്റോസിറ്റി പ്രൊജക്ടിന്‍റെ ഭാഗമാണ് മാള്‍
  • നിലവില്‍ ലക്നൗവിലെ ലുലു മാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ മാൾ

2027ഓടെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഭാഗമായ എയ്റോസിറ്റിയില്‍ ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍. 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍ 2.8 മില്യണ്‍ ചതുരശ്ര അടിയിലായിരിക്കും പുതിയ മാള്‍ ഉയരുക. ഇന്ത്യയിലെ ആദ്യത്തെ എയ്റോട്രോപോളിസ് (വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള മെട്രോപോളിറ്റന്‍ പ്രദേശം) വികസിപ്പിക്കുന്ന ഡല്‍ഹി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെ (DIAL) വേള്‍ഡ്മാര്‍ക് എയ്റോസിറ്റി പ്രൊജക്ടിന്‍റെ ഭാഗമായാണ് പുതിയ മാള്‍ ഉയരുന്നത്. 

ഇതോടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് സമീപമുള്ള നഗര പ്രദേശങ്ങള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ എട്ടുമടങ്ങ് വികസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിഎംആറിന്‍റെ ഭാരതി റിയാലിറ്റിക്കാണ് ഏയ്‌റോസിറ്റി വികസനത്തിന്റെ ചുമതല. നിലവില്‍ 15 ലക്ഷം ചതുരശ്ര അടിയോളം സ്ഥലം ഏയ്‌റോസിറ്റിയില്‍ വാടകയ്ക്കു നല്‍കാനായി (leasable area) ഒരുക്കിയിട്ടുണ്ട്. 2029ഓടെ ഇത് 100 ലക്ഷം ചതുരശ്ര അടി ആയി വര്‍ധിപ്പിക്കും. വേള്‍ഡ് ബിസിനസ് ഡിസ്ട്രിക്റ്റില്‍ 65 ലക്ഷം ചതുരശ്ര അടിയുടെ വികസനമാണ് നടക്കുന്നത്. ഇതോടെ ആകെ വാടകയ്ക്ക് നല്‍കുന്ന സ്ഥലം 1.88 കോടി ചതുരശ്ര അടിയാകും. ഓഫീസുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ഫുഡ് കോര്‍ട്ടുകള്‍, മാളുകള്‍, സന്ദര്‍ശകര്‍ക്കായുള്ള മറ്റ് പൊതു ഇടങ്ങള്‍ എന്നിവയും എയ്റോസിറ്റിയില്‍ ഉണ്ടാകും.

ഫേസ് 2, ഫേസ് 3 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2.5 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപമാണ് ഇതിന് ആവശ്യം. വസന്ത് കുഞ്ചിലെ നിലവിലുള്ള മാളുകളുടെ മൂന്നിരട്ടി വലിപ്പത്തിലാണ് പുതിയ മാള്‍ അവതരിപ്പിക്കുന്നത്. അടുത്ത വർഷം ആരംഭിക്കുന്ന നിര്‍മാണം 2027 മാർച്ചോടെ പൂർത്തിയാക്കും.

നിലവില്‍ 11 ഹോട്ടലുകളിലായി 5,000 ഹോട്ടല്‍ റൂമുകളാണ് എയ്‌റോസിറ്റിയിലുള്ളത്. ജെ.ഡബ്ല്യു മാരിയറ്റ്, അക്കോര്‍ ഗ്രൂപ്പ്, റോസെറ്റ് തുടങ്ങിയ വമ്പന്‍ ഹോട്ടലുകളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാംഘട്ടത്തോടെ ഹോട്ടലുകളുടെ എണ്ണം 16ആകും, ആകെ റൂമുകളുടെ എണ്ണം 7,000 കടക്കും. ഏയ്‌റോസിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 20 ലക്ഷം പ്രൊഫഷണല്‍സിനെയും മൂന്ന് കോടി സന്ദര്‍ശകരെയും ഇങ്ങോട്ട് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണ്ടര്‍ ഗ്രൗണ്ടില്‍ 8,000 കാറുകള്‍ക്കുള്ള പാര്‍ക്കിങ് സംവിധാനവും ഉണ്ടായിരിക്കും.

കൂടാതെ എയ്റോസിറ്റി മെട്രോ സ്റ്റേഷന് സമീപം ഇന്ത്യയിലെ ആദ്യത്തെ അന്തർ സംസ്ഥാന മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് ഹബും ഡയല്‍ വികസിപ്പിക്കുന്നുണ്ട്. അന്തർസംസ്ഥാന ബസ് ടെർമിനല്‍, ഡൽഹി മെട്രോയുടെ വരാനിരിക്കുന്ന ഫേസ് 4 ലൈൻ, റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം സ്റ്റേഷൻ എന്നിവ സംയോജിപ്പിക്കുന്നതാണ് പദ്ധതി. നിലവില്‍ ലക്നൗവിലെ ലുലു മാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ മാൾ. രണ്ടാം സ്ഥാനം നോയിഡയിലെ ഡിഎല്‍എഫ് മാൾ ഓഫ് ഇന്ത്യയ്ക്കാണ്.

ENGLISH SUMMARY:

India's biggest mall coming in Delhi, Indira Gandhi Airport aerocity.