രാജ്യത്ത് പെട്രോൾ വില, ഡീസൽ വില കുറയാൻ ഇനി ചെയ്യാൻ കഴിയുന്നത് ഒറ്റക്കാര്യമാണ്. രാജ്യാന്തര തലത്തിൽ എണ്ണവില കുറഞ്ഞിരിക്കാൻ കഠിനമായി പ്രാർഥിക്കാം. ക്രൂഡ് ഓയിലിന്‍റെ വില രാജ്യാന്തരതലത്തില്‍ കുറഞ്ഞിരുന്നാല്‍ മാത്രം പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാമെന്ന നിബന്ധനയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതും നീണ്ടകാലയളവില്‍ ക്രൂഡ് വില കുറഞ്ഞു നില്‍ക്കുകയും വേണമെന്ന് സെക്രട്ടറി പങ്കജ് ജെയിൻ വ്യക്തമാക്കി
ക്രൂഡ് ഓയിൽ വില മൂന്ന് വർഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഈയിടെ എത്തിയിരുന്നു. ചൊവ്വാഴ്ച ബ്രെൻഡ് ക്രൂഡ് ബാരലിന് 70 ഡോളറിന് താഴേയായിരുന്നു വില. 2021 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആഗോള തലത്തിൽ ഡിമാൻറ് ഇടിയുന്നതും ലഭ്യത ഉയരുന്നതും വിലയിൽ പ്രകടമായി. ലിബയൻ എണ്ണ വിപണിയിലേക്ക് എത്തിയതും ലഭ്യത ഉയർത്തി. ചൈനയിൽ നിന്ന് കുറയുന്ന ഡിമാന്റും എണ്ണയ്ക്ക് തിരിച്ചടിയായി. ഇതോടെയാണ് ക്രൂഡ് ഓയിൽ വില പതിവില്ലാതെ താഴ്ന്നത്.
അസംസ്കൃത എണ്ണവില താഴ്ന്ന് തുടങ്ങിയത് എണ്ണ കമ്പനികളുടെ ലാഭത്തെ ഉയർത്തുന്നതിനാൽ മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള വഴിയൊരുങ്ങിയിട്ടുണ്ട്. വിപണിയുടെ 90 ശതമാനം സർക്കാർ കമ്പനികളുടെ കയ്യിലായതിനാൽ വിലകുറയ്ക്കുന്നതിന് സർക്കാർ തീരുമാനമെടുക്കണം. നേരത്തെ കമ്പനികൾക്ക് അനുകൂലമായ മാർക്കറ്റിംഗ് മാർജിനുണ്ടായിരുന്നപ്പോഴാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൊതുമേഖലാ എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ 2 രൂപ കുറച്ചത്. എന്നാലും നിലവിൽ 100 രൂപയ്ക്ക് മുകളിലാണ് ഇന്ത്യയിലെ പെട്രോൾ വില. 90 രൂപയ്ക്ക് മുകളിൽ ഡീസലിനും ഈടാക്കുന്നു.