കോഴിക്കോട് എലത്തൂരിലെ ഇന്ധനചോര്‍ച്ചയെ തുടര്‍ന്ന് വീടും സ്ഥലവും ഉപേക്ഷിച്ച് പോകാനൊരുങ്ങുകയാണ് പ്രദേശവാസികള്‍. പ്ലാന്‍റിനോട് ചേര്‍ന്ന് കിടക്കുന്ന നാല് കുടുംബങ്ങളാണ് ഇന്ധനത്തിന്‍റെ രൂക്ഷഗന്ധവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ജന്മനാടിനോട് വിടപറയാനൊരുങ്ങുന്നത്. എച്ച്.പി.സി.എല്‍ അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ലെന്നും ഇവിടുത്തുകാര്‍ പരാതിപ്പെടുന്നു.
ഇന്ധനം ചോരുന്നത് നിന്നെങ്കിലും അതുണ്ടാക്കിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. രൂക്ഷമായ ഗന്ധമാണ് പ്രദേശത്താകെ. കുറച്ചുനേരം നിന്നാല്‍ വിട്ടുമാറാത്ത തലവേദനയും മറ്റ് ശാരീരിക പ്രശ്നങ്ങളും തുടങ്ങും. മറ്റെന്തെങ്കിലും അസുഖങ്ങളുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. ഈ സാഹചര്യത്തിലാണ് പ്ലാന്‍റിനോട് ചേര്‍ന്ന് കിടക്കുന്ന നാല് വീട്ടുകാര്‍ നിവൃത്തിയില്ലാതെ വീടും സ്ഥലവും ഉപേക്ഷിച്ച് പോകാനൊരുങ്ങുന്നത്.
ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിക്ക് മോശമല്ലാത്ത നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. എങ്കിലേ മറ്റെവിടെയെങ്കിലും ഇവര്‍ക്ക് താമസസ്ഥലം ഒരുക്കാന്‍ ആകൂ.
അതിനിടെ ഡല്‍ഹിയില്‍ നിന്നെത്തിയ സംഘം ഇന്ധനചോര്‍ച്ചയുണ്ടായ പ്ലാന്‍റും സമീപപ്രദേശങ്ങളും സന്ദര്‍ശിച്ചു. വീഴ്ച്ച വരുത്തിയ ഡിപ്പൊ മാനേജര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. ചോര്‍ച്ചയ്ക്ക് കാരണക്കാരയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ എലത്തൂര്‍ പൊലിസിലും പരാതി നല്‍കി.