കേരളത്തിലെ സ്വർണ വിലയിൽ കാര്യമായ ഇടിവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. പവന് 560 രൂപ കുറഞ്ഞ് 56,240 രൂപയിലാണ് സ്വർണ വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7,030 രൂപ. മാസത്തിലെ കുറഞ്ഞ നിലവാരമാണിത്. സെപ്റ്റംബറിൽ പരിധിയില്ലാതെ കുതിച്ച സ്വർണ വില ഒക്ടോബറിലെ ആദ്യ ആഴ്ചയിൽ തന്നെ താഴേക്കാണ്.
Also Read: യുപിഐ ഇടപാടുകാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ; ഇനി കൂടുതൽ പണമയക്കാം
വാങ്ങാനുള്ള ചെലവും ഇതോടൊപ്പം കുറഞ്ഞു. കഴിഞ്ഞാഴ്ച 64,400 രൂപയ്ക്ക് മുകളിലാണ് 10 ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന് ചെലവാക്കേണ്ടിയിരുന്ന തുക. ഇന്നിത് 63,700 രൂപയോളമാണ്. ഇത് മൂന്നാമത്തെ ദിവസമാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുമ്പോഴും സ്വർണ വിലയെ താഴേക്ക് കൊണ്ടുപോകുന്നത് അമേരിക്കയാണ്.
വില ഇടിവിന് കാരണം
രാജ്യാന്തര വിപണിയിൽ സ്വർണ വില താഴേക്ക് വീഴുകയാണ്. സെപ്റ്റംബർ അവസാനത്തോടെ 2,685 ഡോളറിലെത്തിയ സ്വർണ വില നിലവിൽ 2,615 ഡോളറിലെത്തി നിൽക്കുകയാണ്. 2,606 ഡോളറിലേക്ക് താഴ്ന്ന ശേഷമാണ് നിലമെച്ചപ്പെടുത്തിയത്. നേരത്തെ വിലകൂടാൻ കാരണമായ അമേരിക്കയിലെ പലിശ നിരക്ക് തന്നെയാണ് ഇപ്പോൾ വിലയിടിവിനും കാരണം.
Also Read: അമേരിക്ക കൈവിട്ടു; കുതിപ്പിന് ബ്രേക്കിട്ട് സ്വർണ വില; വീണ്ടും താഴേക്ക്
സെപ്റ്റംബറിലെ ഫെഡറൽ റിസർവ് യോഗത്തിലാണ് അമേരിക്കൻ കേന്ദ്രബാങ്ക് അടിസ്ഥാന പലിശ നിരക്ക് അര ശതമാനം കുറച്ചത്. അപ്രതീക്ഷിതമായ ഈ നിരക്ക് കുറയ്ക്കലിന് പിന്നാലെ ഡോളറും ബോണ്ട് യീൽഡും താഴേക്ക് പോയത് സ്വർണത്തിന് നേട്ടമായി. ദിവസേനെ കുതിപ്പ് തുടർന്നാണ് സ്വർണ വില 2,685 ഡോളറിലെത്തിയത്. ഇതിനൊപ്പം ചൈനയുടെ സാമ്പത്തിക നടപടികളും ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ നേരിട്ട് ഇടപെട്ടതും സ്വർണ വിലയെ സ്വാധീനിച്ചു.
ശക്തരായ ഡോളറും ബോണ്ടും
സെപ്റ്റംബറിലെ യുഎസ് തൊഴിൽകണക്കാണ് സ്വർണ വില ഇടിവിന്റെ പുതിയ കാരണം. ശക്തമായ തൊഴിൽഡാറ്റയും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കും സാമ്പത്തിക മാന്ദ്യത്തിൻ്റെ അപകടസാധ്യത കുറച്ചതിനാൽ വലിയ നിരക്ക് കുറവിലേക്ക് ഫെഡറൽ റിസർവ് നവംബറിലെ യോഗത്തിൽ കടക്കില്ലെന്നാണ് വിലയിരുത്തൽ. ഇത് ഡോളറിനും ബോണ്ടിനും നേട്ടമായി. ആറു പ്രധാന കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ മൂല്യം ഉയർന്നു. ഡോളർ സൂചിക 102.74 നിലവാരത്തിലേക്കും യുഎസ് ട്രഷറി ബോണ്ട് യീൽഡ് 4.05 ശതമാനത്തിലേക്കും എത്തിയതോടെ സ്വർണ വിലയും ഇടിഞ്ഞു.
ശക്തമായ തൊഴിൽഡാറ്റയ്ക്ക് പിന്നാലെ നവംബർ യോഗത്തിൽ വലിയ നിരക്ക് കുറയ്ക്കേണ്ട ആവശ്യകത ഫെഡറൽ റിസർവില്ല. പരമാവധി കാൽശതമാനത്തിന്റെ പലിശയിളവ് നൽകാനേ സാധ്യതയുള്ളൂ എന്ന വിലയിരുത്തലാണ് നിക്ഷേപകർക്കിടയിൽ. ഇത് സ്വർണത്തിന് തിരിച്ചടിയാണ്. നിക്ഷേപകർ ഡോളറിലേക്കും ബോണ്ടിലേക്കും തിരിച്ചെത്തുന്നതാണ് സർണവിലയെ താഴേക്ക് എത്തിക്കുന്നത്.
ഇനി പ്രതീക്ഷയെന്ത്?
സെപ്റ്റംബർ യോഗത്തിലെ ഭീമമായ നിരക്ക് വെട്ടിക്കുറച്ചതിന്റെ കാരണവും പണപ്പെരുപ്പത്തെയും സാമ്പത്തിക വീക്ഷണത്തെയും വ്യക്തമാക്കുന്ന ഫെഡ് യോഗത്തിന്റെ മിനിറ്റ്സ് ബുധനാഴ്ച പുറത്തുവരും. ഇത് നവംബർ യോഗത്തിലെ സാധ്യതകളെ പറ്റി വ്യക്തത നൽകും. ഇതിനൊപ്പം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ ഡാറ്റ വ്യാഴാഴ്ച പുറത്തുവരും. ഇതും പലിശ നിരക്കിനെയും സ്വർണ വിലയെയും സ്വാധീനിക്കുന്നതാണ്. ഇതിനൊപ്പം മധ്യേക്ഷയിൽ സംഘർഷം രൂക്ഷമാകുന്നതും സ്വർണ വിലയിലെ വലിയ ഇടിവിനെ പിടിച്ചു നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവസരം വിലയിടിവ്
തുടരുന്ന വിലയിടിവ് സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസമാണ്. ഇത്തരക്കാർക്ക് കുറഞ്ഞ വിലയിൽ ഗോൾഡ് അഡ്വാൻസ് ബുക്ക് ചെയ്തിടാനാകും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സഹായിക്കും. വാങ്ങാൻ ഉദ്ദേശിക്കുന്ന അളവിന്റെ നിശ്ചിത ശതമാനം അടച്ച് മുൻകൂർബുക്കിംഗ് നടത്താം. വില ഉയർന്നാലും ബുക്ക് ചെയ്ത വിലയിൽ വാങ്ങാമെന്നതാണ് ആകർഷണം.