TOPICS COVERED

ഈ മാസത്തെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി സ്വര്‍ണ വില. ചൊവ്വാഴ്ച  കേരള വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധന പവന് 600 രൂപയാണ്. ഇതോടെ സ്വര്‍ണ വില 57,640 രൂപയിലെത്തി. ഗ്രാമിന് 75 രൂപയുടെ കൂടി 7,205 രൂപയിലെത്തി. ഡിസംബറിലെ ഉയര്‍ന്ന നിലവാരമാണിത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് വില വര്‍ധനവിന് കാരണം.  

ഇതോടെ കേരളത്തില്‍ ഒരു പവന്‍ വാങ്ങാനുള്ള ചെലവ് 65,000 രൂപ കടന്നു. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഇന്ന് കേരളത്തില്‍ 65,350 രൂപയോളം നല്‍കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്.

സ്വര്‍ണാഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. 45 രൂപയാണ് ഹാള്‍മാര്‍ക്ക് ചാര്‍ജ്. ഇതിന് 18 ശതാമാനം ജിഎസ്ടി സഹിതം 53.10 രൂപ നല്‍കണം. ഇതെല്ലാം ചേര്‍ത്ത തുകയ്ക്ക് മുകളില്‍ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം.

Also Read: സ്വര്‍ണ വില മുന്നോട്ട്; 2025 ല്‍ കുതിക്കും; വാങ്ങാന്‍ ഇത് നല്ല സമയമോ?

വില ഉയരാന്‍ കാരണം

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങുന്നത് തുടങ്ങിയത് തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം ഉയര്‍ന്നതോടെ ചൈനീസ് വാങ്ങല്‍ കൂടുമെന്ന പ്രതീക്ഷയും വില കൂടാന്‍ കാരണമായി. ഇതോടൊപ്പം യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് ഇടിഞ്ഞതും സ്വര്‍ണ വിലയെ സ്വാധീനിച്ചു.  സിറിയയില്‍ പെട്ടന്നുള്ള ഭരണ അട്ടിമറി സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള ഡിമാന്‍റും ഉയര്‍ത്തിയിട്ടുണ്ട്.  

എട്ട് ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 2,613 ഡോളറിൽ നിന്ന് തിങ്കളാഴ്ച സ്വർണ്ണവില മാന്യമായ തിരിച്ചുവരവ് നടത്തിയിരുന്നു. നിലവില്‍ 2,671.60 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയും ആഭ്യന്തര സംഘര്‍ഷങ്ങളും സ്വര്‍ണ വിലയ്ക്ക് ഗതി നിശ്ചയിക്കും. 

ENGLISH SUMMARY:

Gold price rise Rs 600 per pavan in Kerala and reach Rs 57,640.