കേരളത്തിൽ സ്വർണ വില വർധിച്ചു. പവന് 200 രൂപ വർധിച്ച് 56,960 രൂപയിലാണ് സ്വർണ വില. ഗ്രാമിന് 25 രൂപ വർധിച്ച് 7,120 രൂപയിലെത്തി. ഒരാഴ്ചയിലെ ഇടവേളയ്ക്ക് ശേഷം സ്വർണ വില വീണ്ടും സർവകാല ഉയരത്തിലേക്ക് എത്തിയെന്നതാണ് പ്രത്യേകത. കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയിലെത്തിയ ശേഷം 760 രൂപ ഇടിഞ്ഞ് 56,760 രൂപയിലേക്ക് താഴ്ന്നിരുന്നു. രണ്ട് ദിവസം കൊണ്ടാണ് ഈ വിലകുറവ് മറികടന്ന് സ്വർണ വില ഉയർന്നത്.
56,960 രൂപയാണ് ഒരു പവന്റെ വിലയെങ്കിലും ആഭരണമായി വാങ്ങുമ്പോൾ ഇതിന് മുകളിൽ ചെലവാക്കണം. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്. 10 ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണത്തിന് ഇന്ന് ചെലവാകുന്ന തുക 64,500 രൂപയോളമാണ്. പണിക്കൂലിക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരാം.
ഈ ആഴ്ചയിൽ 2604 ഡോളർ വരെ താഴ്ന്ന സ്വർണ വില 2,656.70 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസത്തിലെ യുഎസ് പണപ്പെരുപ്പ ഡാറ്റ വിപണി പ്രതീക്ഷകൾക്കൊപ്പമായിരുന്നു. എന്നാൽ ഉപഭോക്തൃ വിലയും തൊഴിലില്ലായ്മ കണക്കും ഉയർന്നതിനാൽ പലിശ നിരക്ക് കുറയ്ക്കാനുള്ള നീക്കം നവംബറിലെ ഫെഡറൽ റിസർവ് യോഗത്തിലുണ്ടാകാം എന്ന പ്രതീക്ഷയാണ് വില വർധനവിന് കാരണം.
ഒക്ടോബർ 5ന് സമാപിച്ച ആഴ്ചയിൽ 2.58 ലക്ഷം പേരാണ് തൊഴിലായ്മ അനുകൂല്യം കൈപ്പറ്റിയത്. 2.25 ലക്ഷം പ്രതീക്ഷിച്ചിടത്താണ് വർധന. മിൽട്ടൻ ചുഴലിക്കാറ്റിന് പിന്നാലെ പലായനമാകാം തൊഴിലില്ലായ്മ ആനുകൂല്യം പറ്റിയവരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണമെന്നാണ് സൂചന. നിലവിൽ നവംബർ യോഗത്തിൽ കാൽശതമാനം പലിശ നിരക്ക് കുറയ്ക്കാനുള്ള പ്രതീക്ഷയാണ് വിപണിയിലുള്ളത്. പലിശ നിരക്ക് കുറയുമ്പോൾ ഡോളറും ബോണ്ട് യീൽഡും ഇടിയുകയും നിക്ഷേപകർ സ്വർണത്തിലേക്ക് മാറുകയും ചെയ്യുന്നതിനാലാണ് വില ഉയരുന്നത്.