സ്വർണ വില പടിപടിയായി കയറികൊണ്ടിരിക്കുകയാണ്. കേരളത്തിൽ ചൊവ്വാഴ്ച സ്വർണ വിലയിലുണ്ടായ വർധന 480 രൂപയാണ്. ഇതോടെ കേരളത്തിലെ സ്വർണ വില ചരിത്രത്തിലാദ്യമായി 59,000 രൂപ എന്ന റെക്കോർഡിലേക്കും എത്തി. ​ഗ്രാമിന് 60 രൂപ വർധിച്ച് 7,375 രൂപയിലാണ് ഇന്ന് വ്യാപാരം നടന്നത്.

Also Read: ബജറ്റ് തന്ത്രങ്ങള്‍ ഏശിയില്ല; സ്വർണത്തിന് തീപിടിപ്പിച്ച് യുഎസും ഇസ്രയേലും; സ്വർണ വില എങ്ങോട്ട്

സ്വർണ വില കുതിച്ചുകയറുമ്പോൾ സാധാരണക്കാരനെ സംബന്ധിച്ച് കയ്യിൽ നിൽക്കാത്ത സാഹചര്യമാണ്. എങ്കിലും ആവശ്യക്കാർക്ക് വാങ്ങാതിരിക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിൽ സ്വർണം ആഭരണമായി തന്നെ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. 

സ്വർണത്തിന്‍റെ ചാർജുകൾ

സ്വർണ വില പവന് 59,000 രൂപയാണെങ്കിലും ഈ തുകയ്ക്ക് സ്വർണം വാങ്ങാൻ സാധിക്കില്ല. സ്വർണത്തിൻറെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്.  ആഭരണത്തിന് 5-10 ശതമാനം പണിക്കൂലി ഈടാക്കും. ഇത് ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് വ്യത്യാസപ്പെടും. 

മറ്റൊന്ന് ഹാൾമാർക്ക് ചാർജാണ്. 45 രൂപ ഹാൾമാർക്ക് ചാ‌ർജും 18 ശതമാനം ജിഎസ്ടിയും ചേർത്ത് 53.10 രൂപ നൽകണം. ഇതിനൊപ്പം മൂന്ന് ശതമാനം ജിഎസ്ടി സ്വർണാഭരണം വാങ്ങുമ്പോൾ നൽകണം. ഇതെല്ലാം ചേർത്ത് 10 ശതമാനം പണിക്കൂലിയുള്ളൊരു ആഭരണം വാങ്ങാൻ ചെലവ് ഏകദേശം 66,847 രൂപ വരും.

Also Read: രാജ്യാന്തര എണ്ണ വില കുറയുന്നു; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയുമോ? സാധ്യത ഇങ്ങനെ

ഹാൾമാർക്കിങ് ശ്രദ്ധിക്കണം

സ്വർണം ആഭരണമായി വാങ്ങുമ്പോൾ ഹാൾമാർക്കിങ് മുദ്ര ശ്രദ്ധിക്കണം. 24 കാരറ്റ്, 23 കാരറ്റ്, 22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് പരിശുദ്ധിയിൽ വരുന്ന ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാണ്.

രാജ്യത്ത് വില്‍പന നടത്തുന്ന സ്വർണത്തിൽ ഏപ്രിൽ യുണീക് ഐഡന്റിഫിക്കേഷൻ മാർക്ക് (യുഎച്ച്ഐഡി) ഉണ്ടായിരിക്കണം. ഇത് ഹാൾമാർക്കിങ്ങിന്റെ ഭാ​ഗമായുള്ളൊരു അടയാളമാണ്. ഈ ആറക്ക ആൽഫ ന്യൂമിക്ക് കോഡ് സ്വർണത്തിന്റെ പരിശുദ്ധി, തൂക്കം, ഹാൾമാർക്ക് സെന്ററിന്റെ സുതാര്യത എന്നിവ മനസിലാക്കാൻ സഹായിക്കും.

സ്വർണം അഡ്വാൻസ് ബുക്കിങ്

സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മാർ​ഗമാണ് അഡ്വാൻസ് ബുക്കിങ്. മാസങ്ങൾക്ക് ശേഷമാണ് സ്വർണം വാങ്ങുന്നതെങ്കിൽ നിലവിലെ വിപണി വിലയിൽ സ്വർണം ബുക്ക് ചെയ്തിടാൻ ഇതിലൂടെ സാധിക്കും. ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സഹായിക്കും. വില കുറയുകയാണെങ്കിൽ കുറഞ്ഞ വിലയിലും സ്വർണം വാങ്ങാം. 

വാങ്ങാൻ ഉദ്ദേശിക്കുന്ന അളവിന്റെ നിശ്ചിത ശതമാനം അടച്ച് മുൻകൂർബുക്കിങ് നടത്തേണ്ടതുണ്ട്. ഒക്ടോബർ മാസത്തിലെ സ്വർണത്തിന്റെ ആവശ്യം മുന്നിൽ കണ്ട് ജനുവരിയിൽ അഡ്വാൻസ് ബുക്കിങ് നടത്തിയ വ്യക്തിയായിരുന്നെങ്കിൽ കുറഞ്ഞത് 13,000 രൂപയുടെ ലാഭം ലഭിച്ചേനെ. 

Also Read: കടം വാങ്ങിയ 5,000 രൂപയുമായി തുടങ്ങി; ഒറ്റ ദിവസം കൊണ്ട് സമ്പത്ത് ഇരട്ടി; ലോക സമ്പന്നരിലേക്ക് ഹിമേഷ് ചിമൻലാൽ

സ്വർണ നിക്ഷേപ പദ്ധതികൾ

അഡ്വാൻസ് ബുക്കിങ് നടത്താൻ വാങ്ങാനുദ്ദേശിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം തുക ഒറ്റത്തവണയായി അടയ്ക്കണം. അതിന് സാധിക്കുന്നില്ലെങ്കിൽ മാസ തവണകളായി സ്വർണം വാങ്ങാൻ സാധിക്കുന്ന സ്വർണാഭരണ തവണവ്യവസ്ഥാ പദ്ധതികളിൽ ചേരാം.

വിവിധ ജ്വല്ലറികൾ ഇത്തരം സൗകര്യം നൽകുന്നുണ്ട്. ഓരോ മാസവും നിശ്ചിത തുക വീതം നിക്ഷേപിക്കാവുന്ന ഗോൾഡ് ഡെപ്പോസിറ്റ് പദ്ധതികളിൽ നിക്ഷേപിക്കുകയും കാലാവധിയിൽ അക്കൗണ്ടിലെ തുകയ്ക്ക് സ്വർണം വാങ്ങാനും സാധിക്കും. ഇത്തരം പദ്ധതികളുടെ കാലാവധി 10 മാസമായിരിക്കും. 

തിരിച്ചെടുക്കുമ്പോഴുളള വില

സ്വർണം തിരിച്ചെടുക്കുമ്പോൾ ജ്വല്ലറിക്കാർ എന്തു മാനദണ്ഡലത്തിലാണ് വില നിശ്ചയിക്കുന്നതെന്ന് ചോദിക്കണം. വാങ്ങിയ വിലയുടെ എത്ര ശതമാനം കുറച്ചാണ് സ്വർണമെടുക്കുന്നതെന്നും നോക്കണം. ഒപ്പം ആഭരണം വാങ്ങുമ്പോൾ കിട്ടുന്ന ബില്ല് കളയാതെ സൂക്ഷിക്കണം. തിരിച്ചെടുക്കുമ്പോൾ നൽകാമെന്നു വാഗ്ദാനം ചെയ്ത തുക കിട്ടിയിട്ടുണ്ടോ എന്നു ഉറപ്പുവരുത്താനും ആഭരണം വിൽക്കുമ്പോഴും ബിൽ ഉപകാരപ്പെടും. 

സ്വർണം വാങ്ങുന്നതിന്‍റെ കാരണം

എന്ത് ആവശ്യത്തിനാണ് സ്വർണം വാങ്ങുന്നത്? നിക്ഷേപമായാണ് വാങ്ങുന്നതെങ്കിൽ അധിക തുക ആഭരണത്തിലേക്ക് മാറ്റാതിരിക്കുന്നതാണ് നല്ലത്. ലാഭമെടുക്കുമ്പോൾ പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ തിരികെ ലഭിക്കില്ല. ഇത്രയും ചാർജുകളില്ലാതെ നാണയമായും സ്വർണ ഇടിഎഫുകളായും നിക്ഷേപം നടത്താൻ സൗകര്യമുണ്ട്.

ENGLISH SUMMARY:

Kerala gold price at Rs 59,000 per pavan; Things to check while buying gold jewellery.