കേരളത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 57,040 രൂപയിലാണ് തിങ്കളാഴ്ചയിലെ വില. ഗ്രാമിന് 15 രൂപയുടെ കൂടി 7,115 രൂപയിലുമെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഡിസംബര്‍ മാസത്തില്‍ ഒന്‍പത് ദിവസം പിന്നിടുമ്പോഴേക്കും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് . 57,200 രൂപയില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം 56,720 രൂപയിലേക്ക് താഴ്ന്നിരുന്നു.
57,040 രൂപയിലേക്കും പിന്നീട് 57,120 രൂപയിലേക്കും വര്‍ധിച്ച ശേഷമാണ് വെള്ളിയാഴ്ച 56,920 രൂപയിലേക്ക് സ്വര്‍ണ വില താഴ്ന്നത്. ഇവിടെ നിന്നാണ് ഇന്നത്തെ വര്‍ധന.
സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ ധനനയത്തിന് സഹായിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയ്ക്ക് മുന്നടിയായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില നേരിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഇതാണ് കേരളത്തിലും സ്വര്‍ണ വിലയെ മുന്നോട്ട് നയിച്ചത്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2651.10 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 2,637.50 ഡോളറിലാണ് വ്യാപാരം.
Also Read: പൊന്നും വിലയ്ക്ക് താരങ്ങളെ വാങ്ങാന്‍ പണം എവിടെ നിന്ന്? ഐപിഎല്‍ ടീമുകളുടെ വരുമാനമിതാ
ഇന്ന് ഒരു പവന്‍ വാങ്ങാന്‍
ഇന്നത്തെ കേരളത്തിലെ വില പ്രകാരം 10 ശതമാനം പണിക്കൂലി വരുന്ന ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 64,670 രൂപയിലധികം നല്‍കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വര്‍ണാഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.
5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. 45 രൂപയാണ് ഹാള്‍മാര്‍ക്ക് ചാര്‍ജ്. ഇതിന് 18 ശതാമാനം ജിഎസ്ടി സഹിതം 53.10 രൂപ നല്‍കണം. ഇതെല്ലാം ചേര്‍ത്ത തുകയ്ക്ക് മുകളില്‍ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം.
2025 ല്‍ വില ഉയരാന്‍ സാധ്യത
വര്‍ഷാവസാനത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പുതുവര്‍ഷം തിരഞ്ഞെടുക്കണമോ എന്നാണ് പലരുടെയും ആശങ്ക. വിദേശ കേന്ദ്ര ബാങ്കുകളുടെ ശക്തമായ വാങ്ങലും യുഎസ് വ്യാപാര യുദ്ധങ്ങളും ഇടിഎഫുകളുടെ വാങ്ങലും കാരണം സ്വര്‍ണ വില 2025 ല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിക്ഷേപ സ്ഥാപമായ ഗോള്‍ഡ്മാന്‍ സാച്ചിന്‍റെ വിലയിരുത്തല്‍. 2025 ഡിസംബറോടെ രാജ്യാന്തര വില ഔണ്‍സിന് 3,150 ഡോളറിലേക്ക് എത്താനുള്ള സാധ്യതയാണ് ഗോള്‍ഡമാന്‍ സാച്ച് പറയുന്നത്.
2025 ല്‍ രാജ്യാന്തര വില ഔണ്‍സിന് 3,000 ഡോളര്‍ കടക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സിഇഒയും പറയുന്നത്. ട്രംപിന്‍റെ പോളിസികള്‍ യുഎസ് കടം ഉയര്‍ത്തുമെന്നും ഈ സമയത്ത് യൂറോപ്പും മറ്റു ലോകരാജ്യങ്ങളും സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് ഡേവിഡ് ടൈറ്റ് പറയുന്നത്.
സ്വര്‍ണ വില 3,150 ഡോളറിലേക്ക് എത്തിയാല്‍ കേരളത്തില്‍ സ്വര്‍ണ വില 60,000 രൂപ കടക്കും.