ചാഞ്ചാടി കളിക്കുകയാണ് കേരളത്തിലെ സ്വര്‍ണ വില. നേരിയ കുറവാണെങ്കിലും ശനിയാഴ്ചയിലെ സ്വര്‍ണ വില പവന് രേഖപ്പെടുത്തിയത് 63,520 രൂപയിലാണ്. 80 രൂപയുടെ കുറവാണ് പവനുണ്ടായത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,940 രൂപയിലെത്തി. നാലാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണ വില കുറയുന്നത്. 1,080 രൂപയുടെ കുറവ് നാല് ദിവസം കൊണ്ട് ഉണ്ടായി. വില ചാഞ്ചാടി കളിക്കുമ്പോള്‍ സ്വര്‍ണം വാങ്ങാനൊരു പ്ലാനുണ്ടെങ്കില്‍ പറ്റിയ വഴി ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിങാണ്.
മാസങ്ങൾക്ക് ശേഷമാണ് സ്വർണം വാങ്ങുന്നതെങ്കിൽ നിലവിലെ വിപണി വിലയിൽ സ്വർണം ബുക്ക് ചെയ്തിടാൻ സാധിക്കുന്ന രീതിയാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിങ്. ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സഹായിക്കും. വില കുറയുകയാണെങ്കിൽ കുറഞ്ഞ വിലയിലും സ്വർണം വാങ്ങാം എന്നതാണ് ഇതിന്‍റെ നേട്ടം.
എങ്ങനെ സ്വര്‍ണം അഡ്വാന്‍സ് ബുക്ക് ചെയ്യാം
വ്യത്യസ്ത തരത്തിലാണ് ഗോള്‍ഡ് ബുക്കിങ് പദ്ധതികള്‍ ജുവലറികള്‍ നല്‍കുന്നത്. ഭാവിയില്‍ സ്വര്‍ണ വില കൂടിയാല്‍ ഇപ്പോഴത്തെ വിലയ്ക്കും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുന്നതാണ് ഒരു രീതി. എത്ര ദിവസത്തേക്കാണ് ബുക്ക് ചെയ്യുന്നത് എന്നതിനെ അനുസരിച്ചായിരിക്കും അഡ്വാന്‍സ് ബുക്കിങിനുള്ള തുക വരുന്നത്. ആവശ്യമായ സ്വര്‍ണത്തിന്‍റെ 10 ശതമാനം തുക അടച്ച് 45 ദിവസത്തേക്ക് വരെ സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില ഒറ്റത്തവണയായി അടച്ച് ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതാണ് മറ്റൊരു രീതി. ഇത്തരത്തില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ജുവലറികള്‍ പണിക്കൂലിയില്‍ ഇളവ് ചെയ്ത് നല്‍കാറുണ്ട്.
ലാഭം 7,000 രൂപയോളം
കേരളത്തിലെ സര്‍വകാല ഉയരം രേഖപ്പെടുത്തിയതും ഫെബ്രുവരിയാലാണ്. പവന് 64,600 രൂപ വരെ കുതിച്ച ശേഷമാണ് സ്വര്‍ണ വില 1,000 രൂപയ്ക്കടുത്ത് താഴ്ന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജനുവരി ഒന്നിനാണ്. 57,200 രൂപയായിരുന്നു ഒരു പവന്‍റെ വില. 7,400 രൂപയുടെ വര്‍ധനവാണ് വിലയിലുണ്ടായത്. ജനുവരിയില്‍ സ്വര്‍ണം ബുക്ക് ചെയ്തിരുന്നൊരാള്‍ക്ക് ലഭിക്കുമായിരുന്ന ലാഭം 7,400 രൂപയോളമാണ്.
വില ഇനിയും കുറയുമോ?
വെള്ളിയാഴ്ച രാജ്യാന്തര സ്വര്‍ണ വില കാര്യമായ ഇടിവിലാണ്. ഈ ആഴ്ചയില്‍ ഒരു ശതമാനത്തിലധികമാണ് രാജ്യാന്തര വില കുറഞ്ഞത്. യുഎസിലെ വ്യാപാര നയങ്ങളും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള സൂചന നല്‍കുന്ന പണപ്പെരുപ്പ ഡാറ്റയ്ക്കും ഇടയില്‍ യുഎസ് ഡോളർ പത്ത് ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയര്‍ന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. പണപ്പെരുപ്പം കൂടിയതിനാൽ അടിസ്ഥാന പലിശനിരക്കില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഉടനെയൊന്നും കുറവു വരുത്തില്ലെന്ന വിലയിരുത്തലാണ് സ്വർണവില കുറച്ചത്.
സ്വര്‍ണ വില താഴേക്ക് പോവുകയാണെങ്കില്‍ 2,832 ഡോളര്‍ വരെ എന്നാണ് വിലയിരുത്തലുള്ളത്. മുന്നോട്ടുള്ള കുതിപ്പില്‍ 2,900 ഡോളറിലാണ് പ്രതിരോധം. അതേസമയം 2025 അവസാനത്തോടെ സ്വര്‍ണ വില 3,100 ഡോളറിലെത്തുമെന്ന് ഗോള്‍ഡ്മന്‍ സാച്സ് വിലയിരുത്തലുമുണ്ട്. 2,956 ഡോളറാണ് സ്വര്‍ണത്തിന്‍റെ ഇതുവരെയുള്ള ഉയര്‍ന്ന നിലവാരം.