gold-price-kerala-n

കേരളത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. തിങ്കളാഴ്ച പവന് 80 രൂപ താഴ്ന്ന് 65,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപയുടെ കുറവോടെ 8,210 രൂപയിലാണ് വ്യാപാരം. സര്‍വകാല ഉയരത്തിന് ശേഷം രാജ്യാന്തര വിലയില്‍ വന്ന ഇടിവും രൂപയിലുണ്ടായ നേട്ടവുമാണ് കേരളത്തില്‍ സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. 

രാജ്യാന്തര റെക്കോര്‍ഡുകള്‍ ഭേദിച്ച കഴിഞ്ഞാഴ്ചയാണ് കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല ഉയരം കുറിച്ചത്. വെള്ളിയാഴ്ച 65,840 രൂപയിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. ഇന്നത്തെ വിലയില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പോലും 70,000 രൂപയിലധികം ചെലവാക്കണം. അഞ്ചു ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ ഏകദേശം 71,088 രൂപയാണ് ഇന്ന് വേണ്ടത്. 

കഴിഞ്ഞാഴ്ച സര്‍വകാല ഉയരത്തിലെത്തിയ രാജ്യാന്തര സ്വര്‍ണ വില തിങ്കളാഴ്ച താഴ്ന്നിട്ടുണ്ട്. ട്രംപിന്‍റെ വ്യാപര യുദ്ധ ആശങ്കയും ഹൂതികള്‍ക്കെതിരായ ആക്രമണവും പലിശ നിരക്ക് കുറയ്ക്കുെമന്ന പ്രതീക്ഷ ഉയര്‍ന്നതും സുരക്ഷിത നിക്ഷേപ നിലയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് ഉയര്‍ത്തുകയാണ്. വെള്ളിയാഴ്ചയാണ് രാജ്യാന്തര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3,004.86 ഡോളറിലെത്തി പുതിയ ഉയരം കുറിച്ചത്. ഉയരത്തില്‍ നിക്ഷേപകര്‍ ലാഭമെടുത്തതോടെ താഴ്ന്ന സ്വര്‍ണ വില നിലവില്‍ 2,986 ഡോളര്‍ നിലവാരത്തിലാണ്.  

Also Read: ട്രംപിനെ കൊണ്ട് തോറ്റു... രാജ്യാന്തര സ്വര്‍ണ വില 3,000 ഡോളര്‍ കടന്നു; കേരളത്തില്‍ തീവില 

ഹൂതികള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് യുഎസ് വ്യക്തമാക്കിയതും തിരിച്ചടിക്കുമെന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പ്രതികരിച്ചതും സംഘര്‍ഷ സാധ്യത ഉയര്‍ത്തി. ബുധനാഴ്ച ഫെഡറല്‍ റിസര്‍വിന്‍റെ പണനയ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിലെ വിലയിരുത്തല്‍ സ്വര്‍ണത്തിന്‍റെ ഗതി തീരുമാനിക്കും. പലിശ കുറയുന്നത് സ്വര്‍ണത്തിന് അനുകൂലമായ ഘടകമാണ്. വ്യാപാര യുദ്ധ ആശങ്കകൾക്കിടയിൽ പണപ്പെരുപ്പ പ്രതീക്ഷകൾ ഉയരുന്നതും, യുഎസ് ഡോളറിന്റെ മൂല്യം കുറയുന്നതും സ്വര്‍ണ വിലയെ അനുകൂലമാക്കുന്നു.  ഈ വര്‍ഷം മാത്രം ഇതുവരെ 14 ശതമാനമാണ് സ്വര്‍ണ വില കുതിച്ചത്. 

Also Read: ഹൂതി കേന്ദ്രങ്ങളില്‍ 47 തവണ ബോംബിട്ട് യുഎസ്; ട്രംപിന്‍റെ അരിശത്തിന് പിന്നിലെന്ത്?

ENGLISH SUMMARY:

Gold prices in Kerala declined by Rs 80 per pavan, reaching Rs 65,680. The drop follows a fall in global prices and a stronger Indian rupee. Check the latest rates.