നമ്പർ പ്ളേറ്റുകളിലെ ‘നമ്പറുകൾ’ ഇനി നടപ്പില്ല. ഏപ്രിൽ മാസം മുതൽ പുതിയ വാഹനങ്ങൾക്ക് അതി സുരക്ഷാ സംവിധാനങ്ങളുള്ള നമ്പർ പ്ളേറ്റുകൾ നിർബന്ധമാക്കുന്നു. കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി. 

 

രജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ളേറ്റിൽ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലർമാർക്കായിരിക്കും. 

നമ്പർ പ്ളേറ്റ് നിർമിക്കാൻ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിർമാതാവിനു സമീപിക്കാം. രജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പരുകൾ രേഖപ്പെടുത്തിയ സ്റ്റിക്കർ മുൻവശത്തെ ഗ്ളാസിൽ പതിപ്പിക്കും. ഇതിൽ മാറ്റം വരുത്താൻ പിന്നീട് സാധിക്കില്ല. ഇളക്കാൻ ശ്രമിച്ചാൽ തകരാർ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഗ്ളാസ് മാറേണ്ടി വന്നാൽ പുതിയ സ്റ്റിക്കറിനു അംഗീകൃതർ സർവീസ് സെന്ററിനെ സമീപിക്കുകയും വേണം. 

 

സാധാരണയായ നമ്പർ പ്ളേറ്റുകൾ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ളേറ്റുകൾ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പർ പ്ളേറ്റുകൾക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനൽ രേഖകൾ ഹാജരാക്കിയാലേ നമ്പർ പ്ളേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ളേറ്റുകൾ നിർബന്ധമല്ല. എന്നാൽ താൽപര്യമുള്ളവർക്ക് ഘടിപ്പിക്കാം. 

 

2001 ലാണ് നമ്പർ പ്ളേറ്റ് പരിഷ്കാരം ഏർപ്പെടുത്താൻ നിയമഭേദഗതി കൊണ്ടു വന്നത്. എന്നാൽ പൂർണമായി വിജയം കൈവരിക്കാനായില്ല. ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് നടപ്പാക്കിയത്. പല തവണ ടെൻഡർ വിളിച്ചെങ്കിലും ലേലത്തിൽ കമ്പനികൾ തമ്മിലുള്ള തർക്കം തടസമാകുകയായിരുന്നു