stock-market-fall

2024 ല്‍ ഇതുവരെയുണ്ടാക്കിയ നേട്ടങ്ങളെല്ലാം നഷ്ടത്തിലേക്ക് കൊണ്ടെത്തിക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണി.  തിരഞ്ഞെടുപ്പ് മാസത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. വ്യാഴാഴ്ച സെന്‍സെക്സ് 1,062 പോയിിന്‍റ് ഇടിഞ്ഞ് 72,404 ലും നിഫ്റ്റി  335 പോയിന്‍റ് താഴ്ന്ന് 21,967 ലേക്കും വീണു. െസന്‍സെക്സില്‍ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് എന്നി അഞ്ച് ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയതത്. നിഫ്റ്റിയില്‍ ഏഴ് ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നാലാം പാദഫലം എസ്ബിഐയ്ക്ക് നേട്ടമായപ്പോള്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് ഇടിവ് നേരിട്ടു. 

 

നഷ്ടം മിഡ്, സ്മോള്‍കാപിലേക്കും നീണ്ടു. ബിഎസ്ഇ മിഡ്കാപ് സൂചിക 2.01 ശതമാനവും സ്മോള്‍കാപ് സൂചിക 2.41 ശതമാനവും ഇടിഞ്ഞു. സെക്ടറല്‍ സൂചികകളില്‍ ഓട്ടോ സൂചിക മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 400 ലക്ഷം കോടി രൂപയില്‍ നിന്ന് 393.73 ലക്ഷം കോടി രൂപയിലേക്ക് വീണതോടെ ഒറ്റദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏകദേശം 7 ലക്ഷം കോടി രൂപയാണ്. 

 

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അസ്ഥിരത, നാലാം പാദഫലം എന്നിവ വിപണിയുടെ ഇടിവിന്‍റെ പ്രധാന കാരണമാണ്. മൂന്നാം പാദതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ആവേശത്തില്‍ നിന്ന് പ്രകടമായ ഇടിവ് വിപണിയിലുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ആദ്യ മൂന്ന് ഘട്ടങ്ങളിലെ കുറഞ്ഞ പോളിങ് വിപണിയുടെ അസ്വസ്ഥത വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയില്‍ നിന്നുള്ള ശക്തമായ പ്രകടനം ബിജെപിക്ക് 400 കുറവ് സീറ്റാണ് വിപണി പ്രതീക്ഷിക്കുന്നത്. എന്‍ഡിഎ മുന്നണി പ്രതീക്ഷിച്ചതിലും കുറവ് സീറ്റ് നേടുമെന്ന സൂചനകളാണ് വിപണിയുടെ നിലവിലെ അസ്ഥിരതയ്ക്ക് കാരണമായി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

 

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അസ്ഥിരതയാണ് ഇന്ത്യന്‍ വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യന്‍ വോളറ്റലിറ്റി ഇന്‍ഡക്സിന്‍റെ കുതിച്ചുചാട്ടത്തിനും കാരണം. സൂചിക 19 വരെ ഉയര്‍ന്ന് 52 ആഴ്ചയിലെ പുതിയ ഉയരം കുറിച്ചിരുന്നു. ഇന്ത്യന്‍ ഓഹരി വിപണി സൂചികകളെ നയിക്കുന്ന മുന്‍നിര ഓഹരികളിലെ വീഴ്ചയാണ് ഇന്നത്തെ ഇടിവിന്‍റെ മറ്റൊരു കാരണം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സെന്‍ ആന്‍ഡ് ടുര്‍ബോ എന്നിവയിലെ ഇടിവ് തിരിച്ചടിയായി. നാലാം പാദഫലത്തിന് ശേഷം അഞ്ച് ശതമാനാമാണ് ഓഹരി ഇടിഞ്ഞത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ മുന്‍നിര ഓഹരികളും ഇടിവ് നേരിട്ടു. വന്‍കിട കമ്പനികളുടെ 2024 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദഫലം വലിയ മുന്നേറ്റം വിപണിയിലുണ്ടാക്കിയിട്ടില്ല. 

 

വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലും ഇതോടൊപ്പം വിപണിയെ ദുര്‍ബലമാക്കി. വിദേശ നിക്ഷേപകര്‍ മേയ് എട്ടിന് 2,854 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. മാര്‍ച്ചില്‍ ആരംഭിച്ച വില്‍പ്പനയുടെ തുടര്‍ച്ചയായ 5,076 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ ഒരാഴ്ചയില്‍ വില്‍പന നടത്തിയത്. ഇത് മേയ് മാസത്തില്‍15,863.14 കോടി രൂപയായി.

 

 

Stock Market Continues To Fall In Election Month; Investors Loss 7 Lakhs Crore In Single Day; Know Reason