ബജറ്റ് ദിവസം ഓഹരി വിപണിയില്‍ വലിയ ഇടിവിനുള്ള സാധ്യത കല്‍പിച്ച് വിദഗ്ധര്‍. ഇക്വിറ്റി നിക്ഷേപമുമായി ബന്ധപ്പെട്ട മൂലധനനേട്ട നികുതിയില്‍ മാറ്റം വരുത്തിയാല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം നേരിട്ടതിനേക്കാള്‍ വലിയ ഇടിവ് കാണേണ്ടിവരുമെന്ന് ആഗോള നിക്ഷേപ സ്ഥാപനമായ ജെഫറീസിലെ ഇക്വിറ്റി സ്ട്രാറ്റജി ഹെഡ് ക്രിസ് വുഡ് പറഞ്ഞു. ഗ്രീഡ് ആന്‍ഡ് ഫിയര്‍ എന്ന വീക്കിലി ന്യൂസ് ലെറ്ററിലാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍.
വരുന്ന ബജറ്റില്‍ ഹ്രസ്വകാല, ദീര്‍ഘകാല മൂലധനനേട്ട നികുതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇടിവിന് സാധ്യതയെന്നാണ് അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്. ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം വന്ന ദിനം ഉണ്ടായതിനേക്കാള്‍ ഭീകരമായ ഇടിവാകുമിത്. അതേസമയം, മൂലധനനേട്ട നികുതി വര്‍ധിപ്പിക്കാനുള്ള സാധ്യത നേരത്തെയുളളതിനാല്‍ കുറവാണെന്നും ഹെഡ് ക്രിസ് പറയുന്നു.
കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് മുതിരില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. മൂലധനനേട്ട നികുതി ഇല്ലാതാക്കുകയാണെങ്കില്‍ ഇത് നിക്ഷേപങ്ങളെയും വിപണിയെയും ഉത്തേജിപ്പിക്കുമെന്ന്, ഹോങ് കോങ് അടക്കമുള്ള വിപണികളെ ചൂണ്ടിക്കാട്ടി ക്രിസ് വ്യക്തമാക്കി.
നിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിന് ഈടാക്കുന്ന നികുതിയില്‍ പൊളിച്ചെഴുത്താണ് മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്. ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയില്‍ 12 മാസത്തിലേറെക്കാലം നിക്ഷേപം നടത്തിയാല്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയാണ് ബാധകം.
ഒരു സാമ്പത്തികവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ തുക നേട്ടമായി ലഭിച്ചാല്‍ 10 ശതമാനമാണ് ദീര്‍ഘകാല മൂലധനനേട്ട നികുതി. ഇളവ് ഒരു ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയാക്കണമെന്നാണ് ഒരു നിര്‍ദ്ദേശം. ഒപ്പം 12 മാസമെന്ന് നിക്ഷേപ കാലയളവ് എല്ലാ സെക്യൂരിറ്റികള്‍ക്കും തുല്യമാക്കണമെന്നും ആവശ്യപ്പെടുന്നു.
വിപണി ചരിത്രം
സാധാരണഗതിയില്‍ ബജറ്റിന് തലേദിവസം വിപണിയില്‍ കുതിപ്പുണ്ടാകാറുണ്ട്. കഴിഞ്ഞ 10 ബജറ്റ് അവസരങ്ങളില്‍ ബജറ്റ് ദിവസത്തിന് മുന്നോടിയായി സെന്‍സെക്സ് ആറ് തവണ േനട്ടമുണ്ടാക്കി. നാല് തവണയാണ് ഇടിഞ്ഞത്. 2019 തില്‍ സൂചിക 1.87 ശതമാനം നേട്ടമുണ്ടാക്കി. 2022 ല്‍ 1.47 ശതമാനം ഉയര്‍ന്നു.