കേന്ദ്ര ബജറ്റിന്റെ പ്രതീക്ഷകളെ പറ്റി പറയുമ്പോള്‍ ഇടത്തരം കുടുംബങ്ങള്‍ക്ക് ആശ്വാസമുണ്ടാകണമെങ്കില്‍ നികുതിയില്‍ ഇളവുകള്‍ വരണം. നികുതി നിരക്ക് കുറയ്ക്കുന്നതും ഇളവുകള്‍ വര്‍ധിപ്പിക്കുന്നതുമാണ് ധനമന്ത്രി നിര്‍മലാ സീതാരാമനില്‍ നിന്ന് സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സമ്പൂര്‍ണ ബജറ്റില്‍ പുതിയ നികുതി വ്യവസ്ഥയെ അടിമുടിപൊളിച്ചെഴുതിയത് പോലെയോ ഇതിന്‍റെ തുടര്‍ച്ചയോ നികുതിദായകര്‍ പ്രതീക്ഷിക്കുന്നു. സാധാരണക്കാര്‍ക്ക് ഈ ബജറ്റില്‍ നികുതിയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്ന ചില പ്രഖ്യാപനങ്ങള്‍ ഇവയാണ്. 

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 

ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള നികുതി ഇളവാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍. 2018 ല്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അവതരിപ്പിക്കുന്ന സമയത്ത് 40,000 രൂപയായിരുന്നു ഇളവ്. 2019 തില്‍ 50,000 രൂപയാക്കി ഉയര്‍ത്തിയ ശേഷം ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് 60,000-70,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ശമ്പളക്കാരുടെ നികുതി വരുമാനം കുറയും. 

സെക്ഷന്‍ 80സി 

നികുതിദായകര്‍ക്ക് 80സി ആനുകൂല്യം വഴി സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ഉപയോഗപ്പെടുത്താം. പണപ്പെരുപ്പം ഉയര്‍ന്നിട്ടും 2014 മുതല്‍ ഈ നികുതി ഇളവില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ പരിധി 2 ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇളവ് പരിധി ഉയര്‍ത്തും

നികുതി ഈടാക്കുന്നതിനുള്ള അടിസ്ഥാന ഇളവ് പരിധി നിലവിലെ 3 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പുതിയ നികുതി സമ്പദ്രായം തിരഞ്ഞെടുക്കുന്ന നിക്ഷേപകര്‍ക്ക് മാത്രമായിരിക്കും. പ്രതീക്ഷയ്ക്കൊത്ത് പുതിയ നികുതി വ്യവസ്ഥയില്‍ അടിസ്ഥാന ഇളവ് പരിധി 5 ലക്ഷം രൂപയാക്കി ഉയര്‍ത്തിയാല്‍ വര്‍ഷത്തില്‍ 8.50 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടി വരില്ല.

എന്‍പിഎസ് 

പെന്‍ഷന്‍ പദ്ധതിയായ എന്‍പിഎസില്‍ രണ്ട് നികുതി മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. സെക്ഷന്‍ 80സിസിഡി 1ബി പ്രകാരം പെന്‍ഷന്‍ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നതിന് ലഭിക്കുന്ന അധിക നികുതി ഇളവ് വര്‍ധിപ്പിക്കുമോ എന്നതാണ് ശമ്പളക്കാരുടെ ആകാംഷ. ഒപ്പം പെന്‍ഷന്‍ കാലത്ത് എന്‍പിഎസ് വിഹിതം പിന്‍വലിക്കുമ്പോള്‍ 60 ശതമാനം തുകയ്ക്ക് നിലവില്‍ പൂര്‍ണ നികുതി ഇളവുണ്ട്. ഇത് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയാണ് പെന്‍ഷന്‍കാര്‍ക്കുള്ളത്. 

നികുതി നിരക്കുകള്‍ കുറയ്ക്കും

പുതിയ നികുതി സമ്പ്രദായത്തെ ആകര്‍ഷകമാക്കുന്ന പ്രഖ്യാപനങ്ങള്‍ വന്നത് 2023 ലെ ബജറ്റിലാണ്. അതേസമയം പുതിയ നികുതി സമ്പ്രദായത്തിലേക്കുള്ള മാറ്റം പ്രതീക്ഷിച്ച തരത്തിവുണ്ടായില്ല. ഇതിനാല്‍ നികുതി നിരക്കുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന ഇളവ് പരിധി 5 ലക്ഷമാക്കി ഉയര്‍ത്തുന്നതിനൊപ്പം ഉയര്‍ന്ന നികുതി നിരക്ക് 25 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നും നികുതി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. 

ആരോഗ്യ ഇന്‍ഷൂറന്‍സ് 

ആരോഗ്യ ചെലവ് വര്‍ധിക്കുന്ന സമയത്ത് ആരോഗ്യ ഇന്‍ഷൂറന്‍സിന് ലഭിക്കുന്ന നികുതി ഇളവ് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ സെക്ഷന്‍ 80ഡി പ്രകാരം നികുതിദായകര്‍ക്ക് 25,000 രൂപയുടെ നികുതി ഇളവാണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 50,000 രൂപ വരെയാണ്. ഇത് 50,000 രൂപ, 75,000 രൂപ എന്നിങ്ങനെ വര്‍ധിപ്പിച്ചേക്കാം.  

ENGLISH SUMMARY:

Income tax payers expect these announcement from from Finance Minister Nirmala Sitharaman on July 23.