932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഫ്‌ളാഷ് സെയില്‍. ഓണക്കാലത്ത് മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബെംഗളൂരു, ബെംഗളൂരു - ചെന്നൈ മുതല്‍ ഡല്‍ഹി-ഗ്വാളിയര്‍, ഗുവഹത്തി- അഗര്‍ത്തല തുടങ്ങിയ റൂട്ടുകളില്‍ അടക്കം ഓഫറുമായാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് എത്തിയിരിക്കുന്നത്.
2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫറില്‍ ലഭിക്കുക. അതേസമയം, മറ്റ് ബുക്കിങ് ചാനലുകളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ 1088 രൂപ മുതലുള്ള എക്‌സ്‌പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.
വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്‌ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധിക ക്യാബിന്‍ ബാഗേജ് നേരത്തെ ബുക്ക് ചെയ്‌താൽ സൗജന്യമായി ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോയ്‌ക്ക് 1300 രൂപയും ഈടാക്കും.