രാജ്യത്തെ നികുതി നിയമങ്ങളിൽ കാര്യമായ മാറ്റം ഒക്ടോബറിൽ വരാനിരിക്കുകയാണ്. 2024 ലെ യൂണിയൻ ബജറ്റിൽ പ്രഖ്യാപിച്ച നികുതി നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് ഒക്ടോബർ ഒന്ന് മുതലാണ്. സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ്, ഇൻഷൂറൻസിന് അടക്കമുള്ള ടിഡിഎസ്, ആധാർ ഉപയോ​ഗം, മ്യൂച്വൽ ഫണ്ട് നികുതി എന്നിവ അടക്കം ആറു കാര്യമായ മാറ്റങ്ങളാണ് നിലവിൽ വരുന്നത്. ഓഹരി വിപണിക്ക് പുതിയ നികുതി നിയമം തിരിച്ചടിയാണെങ്കിലും ഇൻഷൂറൻസ്, മ്യൂച്വൽ ഫണ്ട് വിഭാ​ഗങ്ങൾക്ക് ഇത് നേട്ടമാണ്.

സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ്

2024 ബജറ്റിലാണ് ഫ്യൂചർ ആൻഡ് ഓപ്ഷൻ ഇടപാടുകൾക്കുള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിച്ചത്. ഫ്യൂചർ കരാറുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് 0.0125 ശതമാനത്തിൽ നിന്നാണ് 0.02 ശതമാനമാക്കി ഉയർത്തിയത്. ഒരു ലക്ഷം രൂപ മൂല്യമുള്ള ഫ്യൂചർ കരാർ വിൽക്കുമ്പോൾ നേരത്തെ 12.50 രൂപ നൽകിയത് ഇനി 20 രൂപ നൽകണം. ഓപ്ഷൻ പ്രീമിയം വിൽക്കുമ്പോഴുള്ള ചാർജ്  0.0625 ശതമാനത്തിൽ നിന്നാണ് 0.10 ശതമാനമാക്കിയത്. ഈ മാറ്റം ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരും.  

Also Read: ഓഹരി വിപണി നിക്ഷേപകർക്ക് വലിയ തിരിച്ചടി; മൂലധന നേട്ട നികുതി ഉയർത്തി

ഓഹരി ബൈ ബാക്ക് 

കമ്പനികൾ ഓഹരി ഉടമകളിൽ നിന്നും ഓഹരികൾ തിരികെ വാങ്ങുന്ന നടപടിയാണ് ഓഹരി ബൈ ബാക്ക്. ഒക്ടോബർ ഒന്ന് മുതൽ ഓഹരി തിരികെ വാങ്ങുമ്പോൾ നിക്ഷേപകർക്ക് ഉണ്ടാകുന്ന ലാഭത്തിനും നികുതി നൽകണം. ഡിവിഡൻറിന് സമാനമായാണ് ഓഹരി ബൈബാക്കിന് നികുതി ചുമത്തുക. ഇത് നിക്ഷേപകർക്ക് അധിക നികുതി ബാധ്യത വരുത്തവെയ്ക്കും. 

ബോണ്ടിന് ടിഡിഎസ്

ഫ്ളോട്ടിങ് റേറ്റ് ബോണ്ട് അടക്കമുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ബോണ്ടുകളിലെ പലിശ വരുമാനത്തിന് 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കാൻ ബജറ്റ് നിർദ്ദേശമുണ്ടായിരുന്നു. ഇത് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 

Also Read: 283 രൂപയുടെ ഐപിഒ 473 രൂപയിൽ ലിസ്റ്റ് ചെയ്യുമോ? ഒരു കോടിയുടെ ഓഹരി വാങ്ങി എച്ച്ഡിഎഫ്സി ബാങ്ക്

ഇൻഷൂറൻസ് ടിഡിഎസ്

ലൈഫ് ഇൻഷൂറൻസ് പോളിസി ഉടമകൾക്ക് ടിഡിഎസിൽ ഒക്ടോബർ ഒന്ന് മുതൽ ഇളവ് ലഭിക്കും. ഇൻഷൂറൻസ് പോളിസിയുടെ കാലാവധിയിൽ ലഭിക്കുന്ന തുകയിൽ ഈടാക്കിയിരുന്ന ടിഡിഎസ് 5 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമാക്കി കുറച്ചു.  ഇതോടെ പോളിസി ഉടമയ്ക്ക് ലഭിക്കുന്ന തുകയിൽ വർധനവ് വരും. മാസത്തിൽ 50,000 രൂപയ്ക്ക് മുകളിൽ വാടക നൽകുന്നവർക്കുള്ള ടിഡിഎസ് അഞ്ച് ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറച്ചു. മ്യൂച്വൽ ഫണ്ട്,  റീപർച്ചേസുകൾക്ക് ഈടാക്കിയിരുന്നു 20 ശതമാനം ടിഡിഎസും പിൻവലിച്ചത്. 

ആധാർ എന്റോൾമെൻറ്  ഐ.ഡി

ആധാർ നമ്പറിന് പകരം ആധാർ എന്റോൾമെൻറ് ഐഡി ഉപയോ​ഗിച്ച് ഐടിആർ, പാൻ അപേക്ഷകൾ സമർപ്പിക്കുന്ന രീതി ഒക്ടോബർ ഒന്ന് മുതൽ അവസാനിക്കും. ഇരട്ടിപ്പിക്കും ആധാർ ദുരുപയോ​ഗവും തടയാനാണ് ഈ നടപടി.

ENGLISH SUMMARY:

Traders to face higher cost from October 1 with changes in tax rules including Security Transaction Tax