AI Generated Image.

  • ഇടിവിലും മികച്ച നേട്ടം നൽകി ഐപിഒകൾ
  • സബ്സ്ക്രിപ്ഷന് തുറക്കുന്നത് രണ്ട് ഐപിഒകള്‍

ഒക്ടോബറിന്‍റെ തുടക്കത്തിൽ തന്നെ വലിയ തകർച്ചയിലാണ് ഇന്ത്യൻ ഓഹരി വിപണി. ഇസ്രയേൽ- ഇറാൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ കഴിഞ്ഞ വാരം 4.5 ശതമാനമാണ് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞത്. വിദേശ നിക്ഷേപകരുടെ വിൽപ്പനയും വിപണിക്ക് തിരിച്ചടിയായി. ഈ ആഴ്ചയിലെ പ്രാഥമിക ഓഹരി വിൽപ്പന നോക്കിയാൽ രണ്ട് ഐപിഒകളാണ് മുന്നിലുള്ളത്. 

Also Read: മുന്നില്‍ ഇനി മസ്ക് മാത്രം; ലോക സമ്പന്നപ്പട്ടികയില്‍ വന്‍ കുതിപ്പുമായി സക്കര്‍ബര്‍ഗ്

​ഗരുഡ കൺസ്ട്രക്ഷൻ ആൻഡ് എൻജിനീയറിങ്, ശിവ് ടെക്സകെം എന്നി കമ്പനികളുടെ 365 കോടി രൂപയുടെ ഐപിഒകളാണ് ഈ ആഴ്ച വിപണിയിലെത്തുന്നത്. വിപണിയിലെ നിലവിലെ തകർച്ച ഐപിഒകളുടെ പ്രതീക്ഷിക്കുന്ന ലിസ്റ്റിങ് നേട്ടത്തെ തടയിടുമോ എന്നാണ് വിപണിയിലെ ആശങ്ക. 

ഗരുഡ കൺസ്ട്രക്ഷൻ ഐപിഒ

ഗരുഡ കൺസ്ട്രക്ഷൻ ആൻഡ് എൻജിനീയറിങ് ആണ് ഈ ആഴ്ചയിലെ മെയിൻ ബോർഡ് ഐപിഒ. 264 കോടി രൂപയുടെ ഐപിഒ ഒക്ടോബർ എട്ടിന് ആരംഭിച്ച് പത്തിന് അവസാനിക്കും. 1.83 കോടി പുതിയ ഓഹരികളും 95 ലക്ഷം ഓഹരികൾ ഉൾകൊള്ളുന്ന ഓഫർ ഫോർ സെയിലും അടങ്ങുന്നതാണ് ഗരുഡ കൺസ്ട്രക്ഷൻ ഐപിഒ.

92-95 രൂപ നിരക്കിലാണ് ഐപിഒയുടെ പ്രൈസ് ബാൻഡ്. 157 ഓഹരികളുള്ള ഒരു ലോട്ട് മുതൽ റീട്ടെയിൽ നിക്ഷേപകർക്ക് അപേക്ഷിക്കാം. 14,915 രൂപയാണ് ഇതിന് ആവശ്യമായി വരുന്നത്.  

ശിവ് ടെക്സ്കെം ഐപിഒ

101.35 കോടി രൂപയുടേതാണ് ശിവ് ടെക്സകെമിൻറെ ഐപിഒ. ഒക്ടോബർ എട്ടിന് ആരംഭിച്ച് പത്തിന് അവസാനിക്കുന്ന ഐപിഒയിൽ 61.06 ലക്ഷം പുതിയ ഓഹരികളാണ് കമ്പനി വിറ്റഴിക്കുന്നത്.

158-166 രൂപ നിരക്കിലാണ് ഐപിഒ പ്രൈസ് ബാൻഡ്. 800 ഓഹരികളുള്ള ഒരു ലോട്ട് മുതൽ നിക്ഷേപകർക്ക് അപേക്ഷിക്കാം. കുറഞ്ഞ നിക്ഷേപത്തിന് 1,32,800 രൂപ വേണം. 

Also Read: അഞ്ച് ശതമാനം ഓഹരി വിറ്റ് രത്തൻ ടാറ്റ; കയ്യിലെത്തിയത് 23000% ലാഭം; നിക്ഷേപം ഇങ്ങനെ

വിപണിയിലെ ഇടിവ് ബാധിക്കുമോ

ഐപിഒകളുടെ ഓവർ സബ്സ്ക്രിപ്ഷനും ഗ്രേ മാർക്കറ്റിലെ ആവശ്യകതയും കാരണമാണ് ഐപിഒകൾ സഹായമാകുന്നു.

ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവിലും ഐപിഒകൾ മികച്ച നേട്ടം നൽകിയതായി കാണാം. സെൻസെക്സ് 1,000 പോയിൻറ് ഇടിഞ്ഞ സമയത്ത് 118 ശതമാനം പ്രീമിയത്തിലാണ് കെആർഎൻ ഹീറ്റ് എക്സ്ചേഞ്ചർ ലിസ്റ്റ് ചെയ്തത്. എസ്എംഇ പ്ലാറ്റ്‌ഫോമിൽ ലിസ്‌റ്റ് ചെയ്‌ത ടെക്എറ എൻജിനീയറിങ് 60 ശതമാനം നേട്ടമുണ്ടാക്കി. തിങ്കിംഗ് ഹാറ്റ്‌സ് എൻ്റർടൈൻമെൻ്റ് സൊല്യൂഷൻസ് ലിമിറ്റഡ് 29.5 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 

ഐപിഒകളുടെ ഓവർ സബ്സ്ക്രിപ്ഷനും ഗ്രേ മാർക്കറ്റിലെ ആവശ്യകതയും കാരണമാണ് ഐപിഒകൾ വിപണി വികാരത്തിന് എതിരെ പ്രതികരിക്കുന്നതെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

നേരത്തെയും സമാനരീതിയിൽ മികച്ച സബ്സ്ക്രിപ്ഷനുള്ള ഐപിഒകൾ വിപണി ഇടിഞ്ഞ ദിവസം ലിസ്റ്റിങ് നേട്ടം നൽകിയിട്ടുണ്ട്. 697 മടങ്ങ് സബ്സ്ക്രിപ്ഷനുണ്ടായ മാക്സ്പോഷർ ഐപിഒ 2024 ജനുവരി 23 ന് 317 ശതമാനം നേട്ടത്തിലാണ് ലിസ്റ്റ് ചെയ്തത്. ഇതേദിവസം 1,053 പോയിന്റിന്റെ ഇടിവാണ് സെൻസെക്സിലുണ്ടായത്. 

Also Read: എണ്ണയ്ക്ക് തീപിടിച്ചു; വിപണിയിൽ ചോരപ്പുഴ; ഒഴുകിപോയത് 10 ലക്ഷം കോടി രൂപ 

ഈ ആഴ്ച ലിസ്റ്റിങ് നേട്ടം ഉണ്ടാകുമോ? 

പ്രാരംഭ ഓഹരി വില്പനയെ സ്വാധീനിക്കുന്നൊരു ഘടകമാണ് ​ഗ്രേ മാർക്കറ്റ് പ്രീമിയം. ഇഷ്യൂ വിലയ്ക്ക് മുകളിൽ നിക്ഷേപകർ എത്ര രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറാകുന്നു എന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം പറയുന്നത്.

ഈ ആഴ്ച സബ്സ്ക്രിപ്ഷൻ തുറക്കുന്ന ഗരുഡ കൺസ്ട്രക്ഷൻ,  ശിവ് ടെക്സ്കെം എന്നിവയുടെ ഓഹരികൾ ​ഗ്രേ മാർക്കറ്റിൽ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്. ​ഗരുഡ കൺസ്ട്രക്ഷന് 18 രൂപയാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. 113 രൂപയിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യത കാണുന്നു.

ശിവ് ടെക്സ്കെം ഓഹരികൾ ഗ്രേ മാർക്കറ്റിൽ 40 രൂപ പ്രീമിയത്തിലാണ്. 24 ശതമാനം പ്രീമിയത്തിൽ 206 രൂപയിൽ ഓഹരി ലിസ്റ്റ് ചെയ്തേക്കാം എന്നാണിത് സൂചിപ്പിക്കുന്നത്. 

തിങ്കളാഴ്ച ലിസ്റ്റിങ് നിശ്ചയിച്ച എച്ച്‍വിഎഎക്സ് ടെക്നോളജീസ് 25 രൂപ പ്രീമിയത്തിലാണുള്ളത്. 458 രൂപ ഉയർന്ന പ്രൈസ് ബാൻഡുള്ള ഐപിഒ 5.46 ശതമാനം നേട്ടത്തോടെ 483 രൂപയിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയാണിത് കാണിക്കുന്നത്. എട്ടിന് ലിസ്റ്റിങ് പ്രതീക്ഷിക്കുന്ന സുഭ പേപ്പറിന്റെ ഓഹരികൾ 24 രൂപ പ്രീമിയത്തിലാണുള്ളത്. 152 രൂപ വിലയുള്ള ഓഹരി 176 രൂപയിൽ ലിസ്റ്റ് ചെയ്തേക്കാം.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Will the market crash erase the IPO listing gains.