AI generated image

TOPICS COVERED

‍‌ഈ വര്‍ഷത്തെ ദീപാവലി സീസണിൽ ആഭ്യന്തര റൂട്ടുകളിലെ ശരാശരി വിമാന നിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് 20 മുതല്‍ 25 ശതമാനം വരെ കുറഞ്ഞതായി റിപ്പോര്‍ട്ട്. സീറ്റുകള്‍ കൂടിയതും, എണ്ണവിലയിലുണ്ടായ ഇടിവുമാണ് വിമാനടിക്കറ്റ് നിരക്ക് കുറയാനുള്ള ഘടകങ്ങളായി കണക്കാക്കുന്നത്. ട്രാവൽ പോർട്ടലായ ഇക്സിഗോ നടത്തിയ പഠനത്തിലാണ് ആഭ്യന്തര റൂട്ടുകളിലെ ശരാശരി വിമാന നിരക്ക് കുറയുന്നതായി കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദീപാവലി സീസണിനോടനുബന്ധിച്ച് വിമാന നിരക്കുകൾ ഉയർന്നിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം ബെംഗളൂരു-കൊല്‍ക്കത്ത റൂട്ടിലാണ് ഏറ്റവും വലിയ നിരക്ക് കുറവ് ഉണ്ടായിരിക്കുന്നത്. ഈ റൂട്ടിലെ വിമാനയാത്രാ ടിക്കറ്റ് നിരക്ക് 38 ശതമാനം ഇടിഞ്ഞ് 6,319 രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 10,195 രൂപയായിരുന്നു. ചെന്നൈ-കൊല്‍ക്കത്ത റൂട്ടിലെ വിമാനടിക്കറ്റ് നിരക്കുകളും കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നിരക്കായ 8,725 രൂപയിൽ നിന്ന് 36 ശതമാനം കുറഞ്ഞ് 5,604 രൂപയായി. മുംബൈ-ഡൽഹി വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 8,788 രൂപയിൽ നിന്ന് 34 ശതമാനം കുറഞ്ഞ് 5,762 രൂപയായി. ഡൽഹി-ഉദയ്പൂർ റൂട്ടിൽ ടിക്കറ്റ് നിരക്ക് 11,296 രൂപയിൽ നിന്ന് 7,469 രൂപയായി 34 ശതമാനം കുറഞ്ഞു. ഡൽഹി-കൊൽക്കത്ത, ഹൈദരാബാദ്-ഡൽഹി, ഡൽഹി-ശ്രീനഗർ റൂട്ടുകളിൽ 32 ശതമാനമാണ് ഇടിവ്.  

15 ശതമാനം ഇടിവാണ് ഈ വർഷം എണ്ണവിലയിലുണ്ടായത്. ഇതോടെ ഈ ഉല്‍സവ സീസണില്‍ യാത്രക്കാര്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ പറക്കാന്‍ സാധിക്കും. എങ്കിലും നേരിയ തോതിൽ എണ്ണ വില ഉയരാനുള്ള സാധ്യതയുമുണ്ടെന്ന് ഇക്സിഗോ ഗ്രൂപ്പ് സിഇഒ അലോക് ബാജ്‌പേയ് പിടിഐയോട് പറഞ്ഞു. അതേസമയം, ചില റൂട്ടുകളിലെ വിമാനനിരക്കിൽ 34 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ട്. അഹമ്മദാബാദ്-ഡൽഹി റൂട്ടിൽ ടിക്കറ്റ് നിരക്ക് 34 ശതമാനം ഉയർന്ന് 6,533 രൂപയിൽ നിന്ന് 8,758 രൂപയായി. മുംബൈ-ഡെറാഡൂൺ റൂട്ടിൽ നിരക്ക് 33 ശതമാനം ഉയർന്ന് 11,710 രൂപയിൽ നിന്ന് 15,527 രൂപയായി. ഈ വർഷം ഒക്ടോബർ 28 മുതല്‍ നവംബർ 3 വരെയാണ് ദീപാവലി സീസണ്‍.

ENGLISH SUMMARY:

This year’s Diwali season has reported an average airfare decrease of 20 to 25 percent on domestic routes compared to the previous year. An increase in capacity and a drop in fuel prices are considered the factors contributing to the reduction in flight ticket prices. A study conducted by the travel portal Ixigo indicates this decline in average airfares on domestic routes. Last year, airfares had risen in connection with the Diwali season.