ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. നഷ്ടത്തില്‍ തുടങ്ങിയ സൂചികകള്‍ നേട്ടത്തിലെത്തിയെങ്കിലും വ്യാപാരാന്ത്യത്തിലെ വില്‍പനയില്‍ ഇടിയുകയായിരുന്നു.

നിഫ്റ്റി 37 പോയിന്‍റ് നഷ്ടത്തില്‍ 24,436 ലും സെന്‍സെക്സ് 139 പോയന്‍റ് നഷ്ടത്തില്‍ 80,082 പോയന്‍റിലും ക്ലോസ് ചെയ്തു. ഐടി ഓഹരികളിലും എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളുടെ പ്രകടനത്തിന്‍റെ ചുവടുപിടിച്ചായിരുന്നു മുന്നേറ്റം.

നിഫ്റ്റിയില്‍ 52 ഓഹരികളില്‍ 32 എണ്ണം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ടാറ്റ കണ്‍സ്യൂമര്‍ എന്നിവ നേട്ടമുണ്ടാക്കി.

എംആന്‍ഡ് എം, സണ്‍ഫാര്‍മ, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ശ്രീറാം ഫിനാന്‍സ് എന്നിവ ഇടിവിലാണ്. സെക്ടറല്‍ സൂചികകളില്‍ ഐടി രണ്ട് ശതമാനം ഉയര്‍ന്നു. ക്യാപിറ്റല്‍ ഗുഡ്സ്, പവര്‍, ഫാര്‍മ സൂചികകള്‍ ഓരോ ശതമാനം വീതം ഇടിഞ്ഞു. 

നേട്ടത്തിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുത്തതാണ് ഇടിവിന് കാരണമെന്നാണ് വിലയിരുത്തല്‍. ലാര്‍ജ് കാപ് ഓഹരികളില്‍ ഇടിവുണ്ടായെങ്കിലും മിഡ്കാപ്, സ്മോള്‍കാപ് ഓഹരികള്‍ നേട്ടത്തിലാണ്. നിഫ്റ്റി മിഡ്കാപ് സൂചിക 0.64 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി സ്മോള്‍കാപ് സൂചിക 1.24 നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 

പുതിയ യുപിഐ ഉപഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ അനുവദിച്ചതിന് പിന്നാലെ പേടിഎം ഓഹരികള്‍ ഒന്‍പതു ശതമാനം ഉയര്‍ന്നു.

ചൊവ്വാഴ്ച ലിസ്റ്റ് ചെയ്ത ഹ്യുണ്ടായ് മോട്ടര്‍ ഇന്ത്യ ഓഹരി ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓഹരി ആറു ശതമാനം വരെ ഉയര്‍ന്ന് 1928.15 രൂപയിലെത്തി. ലിസ്റ്റിങ് ദിവസം അഞ്ചു ശതമാനമാണ് ഓഹരി ഇടിഞ്ഞത്. 

ENGLISH SUMMARY:

Indian stock market close with loss on wednesday.