14,500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് വമ്പൻ പ്രതികരണം. 3 ലക്ഷം കോടി രൂപയുടെ ഓഹരികൾക്കാണ് അപേക്ഷകളെത്തിയത്. 82,000 ത്തിലധികം റീട്ടെയിൽ നിക്ഷേപകർ ഐപിഒയ്ക്ക് അപേക്ഷിച്ചു. ഓഹരിയുടെ അന്തിമ വിലയും കമ്പനി പുറത്തുവിട്ടു. ഐപിഒ ഇഷ്യൂ വിലയിൽ ഉയർന്ന വില നിലവാരമായിരുന്ന 2.04 ദിർഹമാണ് ലുലു റീറ്റെയിലിന്റെ ഒരു ഓഹരിയുടെ വില. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 21.1 മില്യൺ ദിർഹമാകും (47,475 കോടി രൂപ).
ഒക്ടോബർ 28 ന് ആരംഭിച്ച ഓഹരി വിൽപ്പന നവംബർ അഞ്ചിനാണ് അവസാനിച്ചത്. 15,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട ഐപിഒയ്ക്ക് ആകെ 3 ലക്ഷം കോടി രൂപയുടെ (37 ബില്യൺ ഡോളർ) ഡിമാന്‍റാണുണ്ടായത്. 10 വർഷത്തിനിടെ ഒരു സർക്കാർ ഇതര കമ്പനിക്ക് ലഭിക്കുന്ന ഉയർന്ന ഡിമാന്‍റ് എന്ന റെക്കോർഡും ലുലു റീട്ടെയിൽ ഐപിഒ സ്വന്തമാക്കി. 82,000 റീട്ടെയിൽ നിക്ഷേപകരുടെ അപേക്ഷകളെത്തിയത് യുഎഇയിലെ കഴിഞ്ഞ 10 വർഷത്തെ ഐപിഒ സംഖ്യകളിലെ റെക്കോർഡാണ്.
1.72 ബില്യൺ ഡോളറാണ് (14,276 കോടി രൂപ) കമ്പനി ഐപിഒയിലൂടെ സമാഹരിച്ചത്. ഇതുപ്രകാരം 2024 ൽ യുഎഇയിൽ നടന്ന ഏറ്റവും വലിയ ഐപിഒ ആണിത്. ഓയിൽ സർവീസ് കമ്പനിയായ എൻഎംഡിസി എനർജിയുടെ 87.7 കോടി ഡോളറിന്റെ (7,275.1 കോടി രൂപ) ഐപിഒയെയാണ് ലുലു റീറ്റെയിൽ മറികടന്നത്.
25 മടങ്ങ് അധിക ആവശ്യക്കാരാണ് ഐപിഒയ്ക്കുണ്ടായത്. ഓഹരി വില്പനയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിൽ വലിയ സന്തോഷമുണ്ടെന്ന് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.
നിക്ഷേപകരുടെ ഡിമാന്റ് കാരണം ഐപിഒയിലൂടെ വിൽക്കുന്ന ഓഹരികളുടെ എണ്ണത്തിലും ലുലു ഗ്രൂപ്പ് അവസാന നിമിഷം വർധന വരുത്തിയിരുന്നു. 25 ശതമാനം ഓഹരികൾ അതായത് 258.2 കോടി ഓഹരികൾ വിൽക്കാനായിരുന്നു ആദ്യ തീരുമാനം. ഇത് അഞ്ചു ശതമാനം യർത്തി 51.6 കോടി അധിക ഓഹികളോടെ 309.86 കോടി ഓഹരികളാണ് കമ്പനി ഐപിഒയിലൂടെ വിൽപ്പന നടത്തുന്നത്.
അലോട്ട്‌മെൻ്റ് സംബന്ധിച്ച അലേർട്ടുകൾ നിക്ഷേപകർക്ക് 12 ന് എസ്എംഎസ് മുഖേന ലഭിക്കും. അലോട്ട്‌മെൻ്റ് ലഭിക്കാത്ത അപേക്ഷകർക്കും അപേക്ഷിച്ച ഷെയറുകളുടെ എണ്ണം ലഭിക്കാത്ത നിക്ഷേപകർക്കുമുള്ള 13-ന് റീഫണ്ട് നൽകും. കുറഞ്ഞത് 1,000 ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്ക് ലഭിക്കുക. 14 ന് ലിസ്റ്റ് ഓഹരി അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യും