ബിജെപി അനുകൂല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി. തിങ്കളാഴ്ച സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 1305 പോയന്‍റ് ഉയര്‍ന്ന് 80423 ലും നിഫ്റ്റി 413 പോയന്‍റ് നേട്ടത്തില്‍ 24321 ലുമെത്തി.
സമീപകാല തിരുത്തലിന് ശേഷം സൂചികകള്‍ കഴിഞ്ഞ രണ്ട് സെഷനുകളിലായി നാല് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. സെന്‍സെക്സ് സൂചികയില്‍ എല്‍ ആന്‍ഡ് ടി, എംആന്‍എം, അദാനി പോര്‍ട്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എന്‍ടിപിസി എന്നിവ 2.50 മുതല്‍ നാല് ശതമാനം വരെ ഉയര്‍ന്നു.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 8.66 ലക്ഷം കോടി രൂപ ഉയര്‍ന്ന് 441.37 ലക്ഷം രൂപയായി. നിഫ്റ്റിയില്‍ ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബാങ്ക്, റിയലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകള്‍ 2-3 ശതമാനം വരെ ഉയര്‍ന്നു.
ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്ന് നേടിയ വിജയമാണ് വിപണിയുടെ കുതിപ്പിന് ഒരുകാരണം. ഇതോടെ വര്‍ഷങ്ങളായി മഹാരാഷ്ട്രയില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹാരമായി. ഒപ്പം ബിജെപിക്ക് അനുകൂലമായ ജനവിധി വിപണിക്ക് അനുകൂലമാണ്.
അമേരിക്കയില്‍ നടപടി നേരിടുന്ന അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ തിരിച്ചുവരവ് വിപണിക്ക് നേട്ടമായി. തിരഞ്ഞെടുപ്പ് ഫലം അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് തുണയായി. രണ്ട് ദിവസമായി 2,800 കോടി ഡോളര്‍ വിപണി മൂല്യത്തില്‍ ഇടിവുണ്ടായ അദാനി ഓഹരികള്‍ ഏഴു ശതമാനം വരെ ഉയര്‍ന്നു.
അദാനി എനര്‍ജി സൊല്യുഷന്‍ 6 ശതമാനം ഉയര്‍ന്നു, അദാനി എന്‍റര്‍പ്രൈസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ 3-4 ശതമാനം വരെയും അദാനി വില്‍മര്‍, അദാനി പോര്‍ട്സ്, എസിസി, അംബുജ സിമന്‍റ് എന്നിവ 1-2 ശതമാനം നേട്ടമുണ്ടാക്കി.
എംഎസ്‍സിഐ ഗ്ലോബര്‍ സ്റ്റാന്‍ഡേര്‍ഡ് സൂചികയില്‍ കൂടുതല്‍ ഓഹരികള്‍ ഉള്‍പ്പെട്ടതിന് ഉണര്‍വിന് കാരണമാണ്. പുതിയ ക്രമീകരണം പ്രകാരം ബിഎസ്ഇ, വോള്‍ട്ടാസ്, അല്‍കെം ലബോറട്ടറീസ്, കല്യാണ്‍ ജുവല്ലേഴ്സ്, ഒബ്റോയി റിയലിറ്റി എന്നിവയാണ് സൂചികയിലെത്തുന്നത്.
ഇത് 2.50 ബില്യണ്‍ ഡോളറിന്‍റെ വിദേശ നിക്ഷേപം ഓഹരികളിലെത്തിക്കുനെന്നാണ് വിലയിരുത്തല്‍. വോള്‍ട്ടാസിന് മാത്രം 31.2 കോടി ഡോളറിന്‍റെ നിക്ഷേപമെത്തും. ബിഎസ്ഇയ്ക്ക് 25.9 കോടി ഡോളറാണ്. കല്യാൺ ജ്വല്ലേഴ്‌സിന് 24.1 കോടി ഡോളര്‍ നിക്ഷേപവും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇതിനൊപ്പം സൂചികകളെ ചലിപ്പിക്കുന്ന മുന്‍നിര ഓഹരികളിലുണ്ടായ കുതിപ്പ് നേട്ടത്തിന് കാരണമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ടി, എസ്ബിഐ എന്നിവ 2-3.50 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സെന്‍സെക്സിന് ഏകദേശം 700 പോയന്‍റ് ഉയര്‍ന്നു. സിറ്റി ഗ്രൂപ്പ് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയത് റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന് നേട്ടമായി.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)