പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയെ വരവേല്‍ക്കുകയാണ് പ്രയാഗ് രാജ്. ലക്ഷക്കണക്കിന് ഭക്തര്‍ ദേവനഗരത്തിലേക്ക് ഒഴുകിയെത്തിക്കഴിഞ്ഞു. അനുഷ്ഠാനങ്ങളില്‍ പങ്കുചേരാന്‍ ഹിമാലയത്തില്‍ നിന്നുള്ള സന്യാസിമാരും കഠിനതപസ്സനുഷ്ഠിച്ചിരുന്നവരും അഘോരികളും സാധാരണ ഭക്തരുമെല്ലാം ഗംഗയുടെ തീരത്തേക്കെത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ജനുവരി 13 മുതല്‍ ഫെബ്രുവരി 26വരെയാണ് ഇത്തവണ മഹാകുംഭമേള.
വേദങ്ങളിലെയും പുരാണങ്ങളിലെയും ഐതിഹ്യങ്ങളിൽ ഊന്നിയുള്ള വിശ്വാസങ്ങളാണ് കുംഭമേളയ്ക്ക് അടിസ്ഥാനം. കുംഭമേളയുടെ തുടക്കത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും ലോകത്ത് ഏറ്റവുമധികം ഭക്തര്‍ ഒന്നിച്ചുകൂടുന്ന മഹോല്‍സവമാണ് മഹാകുംഭമേള എന്നതിൽ തർക്കമില്ല.
കുംഭമേളയുടെ ഐതിഹ്യം
കുംഭം എന്ന വാക്കിനര്‍ഥം കുടം എന്നാണ്. പാലാഴി കടഞ്ഞ് അമൃത് ഉയർന്നുവന്നപ്പോൾ അത് അസുരന്‍മാരുടെ കയ്യില്‍പ്പെടാതിരിക്കാൻ ദേവേന്ദ്രന്റെ പുത്രനായ ജയന്ത് അമൃതകുംഭവുമായി ഓട്ടം തുടങ്ങി. പിന്നാലെ സൂര്യന്‍, ശനി, ബൃഹസ്പതി, ചന്ദ്രന്‍ എന്നിവരും അമൃത് സംരക്ഷിക്കാന്‍ പാഞ്ഞു. ഓട്ടപ്പാചച്ചിലിനിടയില്‍ അമൃത് ഹരിദ്വാര്‍, പ്രയാഗ് രാജ്, ഉജ്ജയിന്‍, നാസിക്-ത്രയംബകേശ്വര്‍ എന്നീ നാല് സ്ഥലങ്ങളിൽ വീണുവെന്നാണ് ഐതിഹ്യം. 12 ദിവസമാണ് ജയന്ത് അമൃതുമായി ഓടിയത്. ദേവന്‍മാരുടെ ഒരു ദിവസം 12 മനുഷ്യവര്‍ഷമാണ്. അതുകൊണ്ട് അമൃത് വീണ ഈ നാലിടത്തും 12 വര്‍ഷത്തിലൊരിക്കല്‍ കുംഭമേള കൊണ്ടാടും. സൂര്യന്റെയും ചന്ദ്രന്റെയും വ്യാഴത്തിന്റെയും സ്ഥാനങ്ങൾ കണക്കിലെടുത്താണ് കുംഭമേള നിശ്ചയിക്കുന്നതെന്നും ഐതിഹ്യം പറയുന്നു. പ്രയാഗ് രാജിലും ഹരിദ്വാറിലും ആറ് വര്‍ഷം കൂടുമ്പോള്‍ അര്‍ധ കുംഭമേളകള്‍ നടത്താറുണ്ട്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയെ പൂര്‍ണകുംഭമേള അല്ലെങ്കില്‍ മഹാകുംഭമേള എന്നാണ് വിശേഷിപ്പിക്കുന്നത്.
കുംഭമേളയുടെ തുടക്കത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട്. സ്‌കന്ദപുരാണത്തില്‍ കുംഭമേളയെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ചൈനീസ് തീര്‍ഥാടകനും സഞ്ചാരിയുമായ ഹുയാന്‍ സാങ് പ്രയാഗ് രാജില്‍ ഒരു വലിയ ഉല്‍സവം നടന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പാലാഴി കടഞ്ഞതിനെക്കുറിച്ച് നിരവധി പുസ്തകങ്ങളിലുണ്ടെന്ന് ബനറാസ് ഹിന്ദു സര്‍വകലാശാലയിലെ പ്രഫ. ഗിരിജ ശങ്കര്‍ ശാസ്ത്രി പറയുന്നു. സ്‌കന്ദപുരാണത്തില്‍ കുംഭമേളയുടെ തുടക്കത്തെ കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും വിശദമായി പറയുന്നതുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, ഋഗ്വേദ ശ്ലോകങ്ങളില്‍ കുംഭമേളയില്‍ പങ്കെടുത്താലുള്ള സൗഭാഗ്യങ്ങളെക്കുറിച്ച് പറയുന്നതായി ചില ഗവേഷകരും പറയുന്നു. എട്ടാം നൂറ്റാണ്ടില്‍ ആദി ശങ്കരാചാര്യരാണ് ഹിന്ദു സന്യാസിമാര്‍ക്കും പണ്ഡിതര്‍ക്കും ഒത്തുകൂടാനായി നാല് നഗരങ്ങളിലായി സംഗമം നടത്താന്‍ നിശ്ചയിച്ചതെന്നാണ് വലിയൊരു വിഭാഗം വിശ്വാസികള്‍ കരുതുന്നത്.
നാലു നഗരങ്ങളും പുണ്യനദികളും
കുംഭമേളകള്‍ നടക്കുന്ന നാല് നഗരങ്ങളും നദീതീരങ്ങളിലാണ്. ഗംഗാതീരത്താണ് ഹരിദ്വാര്‍. ഗംഗയുടെ സംഗമ സ്ഥാനമാണ് പ്രയാഗ് രാജ്. യമുനയും പുരാണ നദിയായ സരസ്വതിയുടെയും തീരത്താണ് ഉജ്ജയിന്‍ പുണ്യനഗരം. നാസിക് ഗോദാവരി തീരത്തുമാണ്.
കുംഭമേളയ്ക്കുള്ള നഗരം തീരുമാനിക്കുന്നതെങ്ങനെ?
കുംഭമേളയ്ക്കുള്ള സ്ഥലം തീരുമാനിക്കപ്പെടുന്നതിന് പിന്നിലും ചില വിശ്വാസങ്ങളുണ്ട്. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ക്കൊടുവിലാണ് ഇവ നിശ്ചയിക്കുന്നത്. വ്യാഴം കുംഭരാശിയിലും സൂര്യചന്ദ്രന്‍മാര്‍ മേടം രാശിയിലും ധനുരാശിയിലും എത്തിയാല്‍ കുംഭമേള ഹരിദ്വാറില്‍ നടത്തും. വ്യാഴം ഇടവരാശിയിലും സൂര്യ ചന്ദ്രന്‍മാര്‍ മകരരാശിയിലും എത്തിയാല്‍ കുംഭമേള പ്രയാഗ് രരാജിലായിരിക്കും. വ്യാഴം സിംഹരാശിയിലും സൂര്യചന്ദ്രന്‍മാര്‍ കര്‍ക്കിടക രാശിയിലുമാണെങ്കില്‍ ആ തവണ നാസികില്‍ വച്ച് കുംഭമേള നടത്തും. വ്യാഴം സിംഹരാശിയിലും സൂര്യചന്ദ്രന്‍മാര്‍ മേടം രാശിയിലും എത്തിയാല്‍ ഉജ്ജെയിനില്‍ വച്ചാകും കുംഭമേള നടത്തുക.
'പാപം മായ്ച്ച് പുണ്യം നിറയ്ക്കുന്ന' മഹാസ്‌നാനം
മഹാസ്‌നാനവും യാഗങ്ങളും ദാന ധര്‍മങ്ങളുമാണ് കുംഭമേളയുടെ ചടങ്ങുകളില്‍ പ്രധാനം. കുംഭമേളയ്‌ക്കെത്തി പുണ്യനദിയില്‍ മുങ്ങി നിവരുന്നതോടെ പാപങ്ങളെല്ലാം ശരീരത്തില്‍ നിന്നും ഒഴിഞ്ഞ് പുണ്യം പ്രാപിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. രാജ്യത്തിനകത്തും പുറത്തും നിന്ന് കുംഭമേളയ്ക്ക് എത്തുന്നവരിലേറെയും ഒറ്റത്തവണ മുങ്ങി നിവര്‍ന്ന് പ്രാര്‍ഥനയര്‍പ്പിച്ച് മടങ്ങുകയാണ് പതിവ്. എന്നാല്‍ നദീതീരത്ത് ടെന്റുകളില്‍ താമസിച്ച് കല്‍പവാസിയായി മറ്റൊരു വിഭാഗം കഴിയും. ലൗകിക ജീവിതത്തിലെ തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ് ആത്മാവിന്റെ പുണ്യം തേടിയുള്ള പ്രാര്‍ഥനകളില്‍ മുഴുകും. ദാന-ധര്‍മങ്ങളും പ്രാര്‍ഥനകളും ഇതോടൊപ്പം നടത്തും.