റിട്ടയര്‍മെന്‍റിന് ശേഷം സാമ്പത്തികസുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗമായി കണക്കാക്കുമ്പോഴും വിരമിക്കുന്നതിന് മുന്‍പുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളിലും സഹായമാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട്. ഇപിഎഫ്ഒയുടെ പുതിയ സര്‍ക്കുലര്‍ പ്രകാരം 68–ജെ വഴിയുള്ള ഓട്ടോ ക്ലെയിമുകളുടെ പരിധി ഉയര്‍ത്തി. ഇത്തരത്തില്‍ ഇതുവരെ പിന്‍വലിക്കാവുന്ന തുക 50,000 രൂപയായിരുന്നു. ഇത് ഒരുലക്ഷമായി വര്‍ധിച്ചു.

 

പാരഗ്രാഫ് 68ജെ പ്രകാരം ഇപിഎഫ് വരിക്കാരന്‍റെയോ ആശ്രിതരുടെയോ ചികില്‍സാ ചെലവുകള്‍ക്ക് പണം പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കാം. ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസം, ശസ്ത്രക്രിയ, ടിബി, കുഷ്ഠം, പക്ഷാഘാതം, ക്യാന്‍സര്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍, ഹൃദ്രോഗം എന്നിവയുമായി ബന്ധപ്പെട്ടും ഇപിഎഫ് അഡ്വാന്‍സ് ക്ലെയിം ചെയ്യാം. പണം പിന്‍വലിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ മറ്റു ആരോഗ്യ രേഖകളോ സമര്‍പ്പിക്കേണ്ടതില്ല. 

 

കഴിഞ്ഞമാസം പതിനാറിന് പുറത്തിറക്കിയ ഇപിഎഫ്ഒ സര്‍ക്കുലര്‍ പ്രകാരമാണ് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയില്‍ നിന്ന് ഒരുലക്ഷമാക്കിയത്. ഇപിഎഫ് അംഗത്തിന്റെ ആറുമാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും, വ്യക്തിഗത വിഹിതവും പലിശയും അടിസ്ഥാനമാക്കിയാണ് തുക അന്തിമമായി തീരുമാനിക്കുക.

 

ഇപിഎഫ് പിന്‍വലിക്കല്‍

 

സ്വന്തം വിവാഹം, മക്കളുടെ വിവാഹം, ചികില്‍സ, വീടുവയ്ക്കല്‍, ഭവന വായ്പ തിരിച്ചടവ്, വീടിന്‍റെ അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകള്‍ക്ക് ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കാം. കുറഞ്ഞത് അഞ്ചുമുതല്‍ ഏഴുവര്‍ഷം വരെ വിഹിതം അടച്ചവര്‍ക്കാണ് പിന്‍വലിക്കാന്‍ അവസരം ലഭിക്കുക. ഇതിന് അപേക്ഷ സമര്‍പ്പിച്ചാലും ആവശ്യമുള്ള സമയത്ത് പണം കയ്യില്‍ കിട്ടാത്തത് പലപ്പോഴും പ്രശ്നമാകാറുണ്ട്. പിഎഫ് ക്ലെയിം സെറ്റില്‍ ചെയ്യാനും പണം പിന്‍വലിക്കാനും 20 ദിവസം വരെ വേണ്ടിവരുമെന്നാണ് ഇപിഎഫ്ഒ വ്യക്തമാക്കുന്നത്. വിരമിച്ചശേഷമോ രണ്ട് മാസക്കാലം തൊഴില്‍രഹിതനായി തുടര്‍ന്ന ശേഷമോ ഇപിഎഫ് വരിക്കാര്‍ക്ക് അക്കൗണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കാം.

ENGLISH SUMMARY:

EPFO Increase Withdrawal Limit Of EPF Auto Claim