പ്രതീകാത്മക ചിത്രം.
സ്ഥിരമായി എടിഎം ഉപയോഗിക്കുന്നവരാണോ, വരുന്ന മാസം മുതല്‍ എടിഎം ഉപയോഗത്തിന്‍റെ ചെലവ് കൂടാന്‍ പോവുകയാണ്. എടിഎം ഇന്‍റര്‍ചെയ്ഞ്ച് ഫീസ് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെ മേയ് ഒന്നു മുതല്‍ എടിഎം പിന്‍വലിക്കലുകളുടെ ചെലവ് ഉയരും.
ഒരു ബാങ്കിന്‍റെ എടിഎമ്മില്‍ മറ്റൊരു ബാങ്കിന്‍റെ എടിഎം ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ കൈമാറുന്ന തുകയാണ് എടിഎം ഇന്‍റര്‍ചെയ്ഞ്ച് ഫീസ്. എടിഎമ്മുകള്‍ നടത്തിപ്പിനുള്ളതാണ് ഈ ചാര്‍ജ്. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്ക് പുതിയ നിരക്ക് ബാധകമാണ്.
സൗജന്യ പരിധി കടന്നാല്‍ നല്‍കേണ്ട തുകയില്‍ രണ്ട് രൂപയുടെ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിവരം. എടിമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് 19 രൂപ ഇടപാടിന് നല്‍കേണ്ടി വരും. നേരത്തെയിത് 17 രൂപയായിരുന്നു. ബാലന്‍സ് പരിശോധനയ്ക്ക് 7 രൂപയാണ് നല്‍കേണ്ടി വരിക. നേരത്തെ ആറു രൂപയായിരുന്നു.
സൗജന്യ ഇടപാട് പരിധി കടക്കുന്നവര്‍ക്ക് മാത്രമാണ് ഈ അധിക തുക നല്‍കേണ്ടി വരിക. നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ അഞ്ച് സൗജന്യ ഇടപാട് ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്. മെട്രോ ഇതര പ്രദേശത്ത് മൂന്ന് സൗജന്യ ഇടപാടുകള്‍ അനുവദിക്കും,
ഇന്‍റര്‍ചേഞ്ച് ഫീസ് 23 രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു എടിഎം ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ ആവശ്യം. 2021 ലാണ് ഫീസ് 15 രൂപയില്‍ നിന്നും 17 രൂപയാക്കി ഉയര്‍ത്തിയത്. അതേസമയം രാജ്യത്ത് എടിഎം ഇടപാട് കുറയുകയാണ്. 2023 ജനുവരിയില്‍ 57 കോടി രൂപയുടെ എടിഎം പണം പിന്‍വലിക്കല്‍ നടന്നിടത്ത് 2025 ജനുവരിയില്‍ നടന്ന് 48.83 കോടി രൂപയുടെ ഇടപെടലുകളാണ്.