അംബാനി കുടുംബത്തിലെ കല്യാണ വിശേഷങ്ങളാണ് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും തമ്മിലുള്ള വിവാഹവാര്‍ത്തകള്‍ ഞൊടിയിടയിലാണ് വൈറലാകുന്നത്. ഇതിനൊപ്പം തന്നെ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ഇരട്ടകള്‍ ആകാശിന്‍റെയും ഇഷയുടെയും പേരിനു പിന്നിലെ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നിത അംബാനി.
അമേരിക്കയിൽ വച്ചായിരുന്നു നിത അംബാനി ആകാശിനും ഇഷയ്ക്കും ജന്മം നൽകിയത്. എന്നാൽ പ്രസവസമയത്ത് മുകേഷ് അംബാനി ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രയിൽ ആയിരുന്നു. ഇന്ത്യയിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്ത സമയത്താണ് അമേരിക്കയിലേക്ക് അടിയന്തരമായി മടങ്ങിയെത്തണമെന്ന് അംബാനിക്ക് അറിയിപ്പ് ലഭിച്ചത്. അതോടെ അദ്ദേഹം അമ്മ കോകില ബെന്നുമായി തിരികെ അമേരിക്കയിലേക്ക് യാത്ര ആരംഭിച്ചു. എന്നാൽ ഇരുവരും അമേരിക്കയിൽ എത്തും മുൻപ് തന്നെ നിത അംബാനി മക്കൾക്ക് ജന്മം നൽകിയിരുന്നു.
വിമാനത്തിന്റെ പൈലറ്റാണ് മുകേഷ് അംബാനി ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരം യാത്രാമധ്യേ അനൗൺസ് ചെയ്തത്. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ജനിച്ചതെന്നും പൈലറ്റ് അറിയിച്ചിരുന്നു. അമേരിക്കയിൽ എത്തിയശേഷം മുകേഷ് അംബാനിയും നിതയും മക്കൾക്ക് എന്ത് പേര് നൽകണമെന്ന് തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു. ഒടുവിൽ അംബാനി തന്നെയാണ് മക്കൾക്കുള്ള പേര് തിരഞ്ഞെടുത്തത്. അതിന് പിന്നിൽ അദ്ദേഹത്തിന് വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നുവെന്നാണ് നിത അംബാനി പറയുന്നത്.
വിമാനത്തിൽ ഇരുന്നുകൊണ്ട് താഴെ മലനിരകളുടെ കാഴ്ച ആസ്വദിക്കുന്നതിനിടയാണ് മകൾ ജനിച്ച വാർത്ത അംബാനി അറിഞ്ഞത്. അതിനാൽ പർവതങ്ങളുടെ ദേവത എന്ന് അർഥം വരുന്ന ഇഷ എന്ന പേര് പെൺകുഞ്ഞിന് നൽകി. ആകാശത്തിലൂടെയുള്ള യാത്രയ്ക്കിടെ അച്ഛനായതിനാലാണ് മകന് ആകാശ് എന്ന പേര് തിരഞ്ഞെടുത്തത്. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മക്കൾക്ക് പേരുകൾ തെരഞ്ഞെടുത്തതിനു പിന്നിലെ കാരണം നിത അംബാനി വെളിപ്പെടുത്തിയത്.
1991 ൽ ആയിരുന്നു ആകാശിന്റെയും ഇഷയുടെയും ജനനം. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം 2022 ൽ അംബാനി കുടുംബത്തിൽ വീണ്ടും ഇരട്ട കുട്ടികൾ ജനിച്ചു. ഇഷ അംബാനിയാണ് നവംബർ മാസത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾക്കു ജന്മം നൽകിയത്. ഇവരുടെ ജനനവും അമേരിക്കയിൽവച്ചു തന്നെയായിരുന്നു എന്നതാണ് മറ്റൊരു യാദൃഛികത. കൃഷ്ണ, ആദിയ എന്നിങ്ങനെയാണ് ഇഷ അംബാനിയുടെ മക്കളുടെ പേര്.