ഇന്ത്യയിലെ ഏറ്റവും വലിയ ദാനശീലന്‍ ടാറ്റയോ അംബാനിയോ അല്ല. അത് എച്ച്‍സിഎല്‍ ടെക്നോളജീസ് സ്ഥാപകന്‍ ശിവ നാടാരാണ്. 2024 സാമ്പത്തിക വര്‍ഷം അദ്ദേഹം 2153 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കിയത്.
ഒരു ദിവസം ഏതാണ്ട് 5.90 കോടി രൂപാ വീതം. അങ്ങനെ ഹുറുണ്‍ ഇന്ത്യ ഫിലാന്ത്രോഫി ലിസ്റ്റില്‍ ഇത്തവണയും ശിവ നാടര്‍ ഒന്നാമത് എത്തി. അഞ്ച് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ശിവ നാടാര്‍ പട്ടികയില്‍ ആദ്യസ്ഥാനത്ത് എത്തുന്നത്. ശിവ നാടാര്‍ ഫൗണ്ടേഷന്‍ വഴി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കൂടുതലും ചെലവാക്കുന്നത്.
റിലയന്‍സ് ഫൗണ്ടേഷന്‍ വഴി 407 കോടി രൂപ ചെലവാക്കിയ മുകേഷ് അംബാനിയാണ് രണ്ടാമത്. ബജാജ് കുടുംബം (352 കോടി), കുമാര്‍ മംഗലം ബിര്‍ള കുടുംബം ( 334 കോടി), ഗൗതം അദാനി കുടുംബം ( 330 കോടി), നന്ദന്‍ നിലേകനി ( 307 കോടി), ആശ ഫൗണ്ടേഷന്റെ കൃഷ്ണ ചിവുക്കുള (228 കോടി), അനില്‍ അഗര്‍വാള്‍ ഫൗണ്ടേഷന്‍ (181 കോടി), സുസ്മിത-സുബ്രതോ ബഗ്ചി കുടുംബം (179 കോടി), രോഹിണി നിലേക്കനി (154 കോടി) എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.
Also Read: എല്ലാം ട്രംപിന്‍റെ കടാക്ഷം; നാല് ദിവസം കൊണ്ട് മസ്‍ക് നേടിയത് 4.15 ലക്ഷം കോടി; ചെലവ് 1,079 കോടി രൂപ
ഹുറുണ്‍ ഇന്ത്യ ഫിലാന്ത്രോഫി ലിസ്റ്റ് പ്രകാരം സെറോദ സഹ സ്ഥാപകന്‍ നിഖില്‍ കാമത്താണ് യുവാക്കളില്‍ മുന്നില്‍. റെയിന്‍മാറ്റര്‍ ഫൗണ്ടേഷന്‍ വഴി 120 കോടി രൂപയാണ് നിഖില്‍ കാമത്ത് സംഭാവന നല്‍കിയത്. സഹോദരന്‍ നിതിന്‍ കാമത്ത് 100 കോടി രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയത്.
പട്ടികയില്‍ ആദ്യമുള്ള പത്ത് പേര്‍ ചേര്‍ന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 4625 കോടി രൂപയാണ് സംഭാവന നല്‍കിയത്. ഈ രംഗത്തെ മൊത്തം സംഭാവനയുടെ 53 ശതമാനമാമിത്.
കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സിഎസ്ആര്‍) ഫണ്ട് ചെലവാക്കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുന്നില്‍. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംഭാവന 900 കോടി രൂപയാണ്. നവീന്‍ ജിന്‍ഡാലിന്‍റെ ജിന്‍ഡാല്‍ സ്റ്റീല്‍ പവര്‍ കമ്പനിയാണ് രണ്ടാമത്. 228 കോടി രൂപയാണ് കമ്പനിയുടെ സംഭാവന.
സാമൂഹ്യ സേവനത്തിന് പണം നല്‍കുന്നവരില്‍ മുന്നില്‍ മുംബൈയാണ്. 30 ശതമാനം വ്യവസായികളും മുംബൈ നഗരത്തില്‍ നിന്നുള്ളവരാണ്. ന്യൂഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടുപിന്നില്‍.